ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പഞ്ചാബ് കിംഗ്സിനെതിരെയുള്ള പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് താരം ബേബി ഏബിയുടെ ബാറ്റിംഗ് വിരുന്നുണ്ടായിരുന്നു. ബാറ്റിങിലും മറ്റും മുൻ ദക്ഷിണാഫ്രിക്കൻ താരം ഏബി ഡിവില്ലിയേഴ്സിനോട് സമാനതകൾ ഉള്ളതിനാല്‍ ബേബി ഏബിയെന്നാണ് ഡെവാള്‍ഡ് ബ്രവിസിനെ ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഐപിഎല്‍ മെഗാ ലേലത്തില്‍ 3 കോടി രൂപക്കാണ് താരത്തെ മുംബൈ സ്വന്തമാക്കിയത്.
സൗത്താഫ്രിക്കന്‍ താരത്തിന്‍റെ സമാനതകള്‍ ഈ മത്സരത്തില്‍ കാണിച്ചാണ് ബ്രവിസ് മടങ്ങിയത്. വെറും 25 പന്തില്‍ 49 റണ്‍സാണ് താരം നേടിയത്. സൗത്താഫ്രിക്കന്‍ യുവതാരത്തിന്‍റെ ബാറ്റില്‍ നിന്നും 4 ഫോറും 5 സിക്സും പിറന്നു. ഒന്‍പതാം ഓവര്‍ എറിയാന്‍ എത്തിയ രാഹുല്‍ ചഹറിനാണ് ബേബി ഏബിയുടെ ചൂടറിഞ്ഞത്.
ആദ്യ പന്തില്‍ സിംഗിള്‍ ഇട്ടുകൊടുത്ത തിലക് വര്‍മ്മയെ മറു വശത്ത് കാഴ്ച്ചക്കാരനാക്കി ഏബി ഷോ ആരംഭിച്ചു. നേരിട്ട ആദ്യ പന്തില്‍ ഫോറടിച്ച് തുടങ്ങിയ താരം പിന്നീട് രാഹുല്‍ ചഹറിനെ തുടര്‍ച്ചയായ 4 സിക്സറിനാണ് പറത്തിയാണ്. അതില്‍ പല ഷോട്ടുകളും ഏബിയുടെ സാദൃശ്യമുള്ളതായിരുന്നു.
ആ ഓവറില്‍ 29 റണ്‍സാണ് പിറന്നത്. രാഹുല്‍ ചഹറിന്‍റെ കരിയറില്‍ ഇതാദ്യമായാണ് ഒരു ഓവറില്‍ ഇത്രയും റണ്‍സ് വിട്ടുകൊടുക്കുന്നത്. രാഹുല്‍ ചഹറിനെ അടിച്ച ഒരു സിക്സ് പോയത് 112 മീറ്ററാണ്. അതേ സമയം രണ്ട് ഓവറുകള്‍ക്ക് ശേഷം താരത്തിനു വിക്കറ്റ് നഷ്ടമായി. ഒരു ലൈഫ് ലഭിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ ഒഡിയന്‍ സ്മിത്തിന്‍റെ പന്തില്‍ അര്‍ഷദീപിനു ക്യാച്ച് നല്‍കി മടങ്ങി.
ഇത്തവണ ഏബി ഡീവില്ലേഴ്സ് ഐപിഎല്‍ കളിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്‍റെ സമാനത നിറഞ്ഞ പ്രകടനങ്ങള്‍ കാണാന്‍ സാധിച്ചതിന്‍റെ ആഹ്ലാദത്തിലാണ് ആരാധകര്‍.