സ്വന്തം നാട്ടിൽ വച്ച് നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ദയനീയ പരാജയമായിരുന്നു പാക്കിസ്ഥാൻ കാഴ്ചവച്ചത്. ഒരു മത്സരത്തിൽ പോലും വിജയിക്കാൻ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല. 2022ൽ സ്വന്തം നാട്ടിൽ ഒരു മത്സരം പോലും പാകിസ്ഥാൻ വിജയിച്ചിട്ടില്ല. ഇപ്പോഴിതാ പാക്കിസ്ഥാൻ ടീമിനെതിരെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്ക് ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ.
പാക്കിസ്ഥാനെ വലിയ നാണക്കേടിൽ നിന്നും രക്ഷിക്കുവാൻ മറ്റ് രാജ്യങ്ങൾ അവരുടെ സി ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കണം എന്നാണ് അദ്ദേഹം പറയുന്നത്.”മറ്റ് രാജ്യങ്ങൾ പാക്കിസ്ഥാനിലേക്ക് പര്യടനത്തിന് വരുമ്പോൾ അവരുടെ മുഖ്യ ടീമുമായി വരരുത്. ഇത് എൻ്റെ അപേക്ഷയാണ്. അല്ലാത്ത പക്ഷം ഞങ്ങൾ വലിയ രീതിയിൽ വീണ്ടും വീണ്ടും നാണംകെടേണ്ടി വരും. നിങ്ങൾ നിങ്ങളുടെ സി ടീമിനെ അയക്കണം. ഞങ്ങൾക്ക് വിജയിക്കാനുള്ള കഴിവില്ല. ഞങ്ങളുടെ ടീമിൽ മികച്ച ക്വാളിറ്റിയുള്ള കളിക്കാരോ സൂപ്പർസ്റ്റാറുകളോ ഇല്ല.
വിഡ്ഢിത്തരമായ മനോഭാവമാണ് പാകിസ്ഥാൻ ടീമിന് ഉള്ളത്. ഞങ്ങൾ ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ കളിക്കുന്ന സന്ദർശക ടീമാണെന്ന് പോലെയാണ് തോന്നുന്നത്. കളിക്കാർ റൺസ് നേടുന്നത് അവർക്ക് ടീമിൽ സ്ഥാനം നേടുവാൻ വേണ്ടി മാത്രമാണ്. ബാബർ അസം ആയിരം റൺസ് നേടി. അത് വലിയ സംഭവമാക്കി റൂമിൽ തൂക്കി ഇട്ടോളൂ. എല്ലാ മേഖലകളിലും ഇംഗ്ലണ്ട് ഞങ്ങളെ തകർത്തു.
പാക്കിസ്ഥാൻ താരങ്ങൾ ആശങ്കപ്പെടുന്നത് അവരുടെ സ്വന്തം പ്രകടനത്തെ കുറിച്ചാണ്. അവർ ആരും ടീമിനെ കുറിച്ച് ആലോചിക്കുന്നില്ല. ആരും ഇതിനെപ്പറ്റി അവരോട് ചോദ്യം ചെയ്യാനില്ല. മറ്റ് ടീമുകളെ കുറിച്ച് നമ്മൾ ഒരുപാട് സംസാരിക്കും. പക്ഷേ എന്തുകൊണ്ടാണ് നമ്മൾ നമ്മളുടെ സ്വന്തം ടീമിനെ പറ്റി സംസാരിക്കാത്തത്. പാക്കിസ്ഥാൻ ക്രിക്കറ്റ് മുങ്ങിക്കൊണ്ടിരിക്കുകയാണ്. എന്തായാലും മുഴുവനായും ടീമിൽ ഒരു പുനരുദ്ധാരണം ആവശ്യമാണ്. നമ്മൾക്ക് സീനിയർ ടീമിന് പകരം അണ്ടർ 19 ടീമിനെ അയക്കാം. അവർ തോറ്റാലും ഇത്ര നിരാശ നമ്മൾക്ക് ഉണ്ടാകില്ല.”- ഡാനിഷ് കനേരിയ പറഞ്ഞു.