ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ മത്സരത്തിലും വളരെ മികച്ച ബാറ്റിംഗ് പ്രകടനത്തോടെ ടീമിനെ വിജയത്തിലെത്തിക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. മത്സരത്തിൽ 104 പന്തുകളിൽ 95 റൺസാണ് വിരാട് കോഹ്ലി നേടിയത്. 8 ബൗണ്ടറികളും രണ്ടു പടുകൂറ്റൻ സിക്സറുകളുമാണ് കോഹ്ലിയുടെ ഈ തകർപ്പൻ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ഈ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ 4 വിക്കറ്റുകൾക്കായിരുന്നു മത്സരത്തിൽ ഇന്ത്യ വിജയം നേടിയത്. മാത്രമല്ല ഈ ഇന്നിംഗ്സോടെ ഒരു വമ്പൻ റെക്കോർഡ് സ്വന്തമാക്കാനും വിരാട് കോഹ്ലിക്ക് സാധിച്ചു. ഐസിസിയുടെ നിശ്ചിത ഓവർ ടൂർണമെന്റുകളിൽ 3000 റൺസ് പൂർത്തീകരിക്കുന്ന ആദ്യ താരം എന്ന റെക്കോർഡാണ് വിരാട് കോഹ്ലി കൈവരിച്ചത്.
ട്വന്റി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നീ വൈറ്റ് ബോൾ ടൂർണമെന്റ്കളിൽ ആകെ 3000 റൺസ് പൂർത്തീകരിക്കാൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. കോഹ്ലി കഴിഞ്ഞാൽ ഐസിസി ടൂർണമെന്റുകളിൽ ഏറ്റവുമധികം റൺസ് നേടിയിട്ടുള്ളത് വിൻഡിസ് താരം ക്രിസ് ഗെയ്ലാണ്. ഐസിസി ടൂർണമെന്റുകളിൽ നിന്നായി ഗെയ്ൽ നേടിയിട്ടുള്ളത് 2942 റൺസ് ആണ്. ഇതുവരെയുള്ള ഐസിസി ടൂർണമെന്റ്കളിലെ വ്യക്തിഗത പ്രകടനങ്ങൾ കണക്കിലെടുത്താൽ 67 താരങ്ങൾ 1000ന് മുകളിൽ റൺസ് നേടിയിട്ടുണ്ട്. 2000ന് മുകളിൽ റൺസ് നേടിയവരുടെ ക്ലബ്ബിൽ വരുന്നത് കേവലം 14 പേർ മാത്രമാണ്. എന്നാൽ 3000 റൺസ് ക്ലബ്ബിൽ നിലവിലുള്ളത് ഒരേയൊരു താരമാണ്. വിരാട് കോഹ്ലി.
മാത്രമല്ല മത്സരത്തിലെ ഇന്നിങ്സിലൂടെ ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്താനും വിരാട് കോഹ്ലിയ്ക്ക് സാധിച്ചു. ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കൊപ്പം ആദ്യ സ്ഥാനത്തിനായി പൊരുതുകയാണ് വിരാട് കോഹ്ലി. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്കായി ഓപ്പണിങിറങ്ങി 46 റൺസ് രോഹിത് ശർമ സ്വന്തമാക്കിയിരുന്നു.
ഇതോടുകൂടി റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്താൻ രോഹിത്തിന് സാധിച്ചു. എന്നാൽ ഈ റെക്കോർഡിന് നിമിഷങ്ങളുടെ മാത്രം ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. മത്സരത്തിൽ 95 റൺസ് നേടി കോഹ്ലി മികവ് പുലർത്തിയതോടെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനം കോഹ്ലിക്ക് വന്നുചേർന്നു. പാക്കിസ്ഥാനായി 294 റൺസ് ഈ ലോകകപ്പിൽ സ്വന്തമാക്കിയ മുഹമ്മദ് റിസ്വാനാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്.
കോഹ്ലിയുടെ ഈ റെക്കോർഡ് പ്രകടനങ്ങൾ ഇന്ത്യയെ സംബന്ധിച്ച് ശുഭ സൂചനയാണ് നൽകുന്നത്. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 274 എന്ന വിജയലക്ഷ്യം ചില സമയങ്ങളിൽ ഇന്ത്യയ്ക്ക് വലിയ സമ്മർദ്ദം ഉണ്ടാക്കിയിരുന്നു. 191 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ 5 വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാൽ പിന്നീട് രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് വിരാട് കോഹ്ലി ഇന്ത്യയെ മത്സരത്തിൽ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇന്ത്യയുടെ വിജയം ഏകദേശം ഉറപ്പിച്ച ശേഷമാണ് കോഹ്ലി കൂടാരം കയറിയത്.