2019 ലോകകപ്പ് സെമിയിൽ കരഞ്ഞുകൊണ്ട് പോയ ജഡേജ, 2023ൽ കണക്ക് തീർത്തു. വിജയറൺ കുറിച്ച് മധുരപ്രതികാരം

jadeja 2019 and 2023

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ 2023 ഏകദിന ലോകകപ്പ് മത്സരത്തിൽ വിരാട് കോഹ്ലിക്കൊപ്പം തന്നെ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച താരമാണ് രവീന്ദ്ര ജഡേജ. മത്സരത്തിൽ നിർണായകമായ സമയത്ത് ക്രീസിലെത്തിയ ജഡേജ വിരാട് കോഹ്ലിയുമൊത്ത് ഒരു ഭേദപ്പെട്ട കൂട്ടുകെട്ട് കാഴ്ചവച്ചു. മത്സരത്തിൽ 44 പന്തുകളിൽ 39 റൺസ് നേടി ജഡേജ പുറത്താവാതെ നിന്നു. ഇന്നിംഗ്സിൽ 3 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടിരുന്നു. മാത്രമല്ല മത്സരത്തിലെ വിജയ റൺ നേടിയതും രവീന്ദ്ര ജഡേജയാണ്.

ഇത് മറ്റൊരു തരത്തിൽ ജഡേജയുടെ പ്രതികാരം കൂടിയാണ്. 2019 ഏകദിന ലോകകപ്പിന്റെ സെമിഫൈനലിൽ ഇന്ത്യക്കായി തനിക്കാവുന്ന തരത്തിൽ പോരാടി പരാജയപ്പെട്ട ജഡേജയുടെ ഒരു പ്രതികാരം. അന്നത്തെ ഇന്നിംഗ്സിനു ശേഷം ലോകകപ്പിലെ ജഡേജയുടെ ആദ്യത്തെ ബാറ്റിംഗ് കൂടിയായിരുന്നു ഇത്.

F9DuA3JaoAAL20W 1

ഇന്ത്യയെ സംബന്ധിച്ച് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒന്നാണ് 2019 ഏകദിന ലോകകപ്പ്. സെമിഫൈനലിൽ വലിയ പ്രതീക്ഷയോടെയെത്തിയ ഇന്ത്യ അവിചാരിതമായ രീതിയിൽ മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയപ്പെടുകയായിരുന്നു. 240 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ടായിരുന്നു അന്ന് ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയത്. എന്നാൽ ഇന്ത്യൻ മുൻനിരയിലുള്ള ബാറ്റർമാരൊക്കെയും വിറച്ച് വീണു.

അങ്ങനെ 92ന് 6 എന്ന നിലയിൽ ഇന്ത്യ തകർന്ന സമയത്തായിരുന്നു അന്ന് ജഡേജ ക്രീസിൽ എത്തിയത്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയ്ക്കൊപ്പം ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ടാണ് പിന്നീട് ജഡേജ മത്സരത്തിൽ കെട്ടിപ്പടുത്തത്. 116 റൺസ് ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകാൻ ജഡേജക്ക് സാധിച്ചു.

Read Also -  ഉഗാണ്ടയെ അടിച്ചൊതുക്കി വിൻഡിസ്. 134 റൺസിന്റെ കൂറ്റൻ വിജയം.

മത്സരത്തിൽ ജഡേജ നേടിയത് 59 പന്തുകളിൽ 77 റൺസാണ്. 4 ബൗണ്ടറികളും 4 സിക്സറുകളും ജഡേജയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു. എന്നാൽ നിർണായകമായ സമയത്ത് ട്രെൻഡ് ബോൾട്ടിന്റെ പന്തിൽ ജഡേജ കൂടാരം കയറി. ഇത് മത്സരത്തിലെ ഇന്ത്യയുടെ പരാജയത്തിൽ വലിയൊരു പങ്ക് തന്നെ വഹിച്ചു. എന്നാൽ 2023 ഏകദിന ലോകകപ്പിലേക്ക് വന്നപ്പോൾ അത്തരമൊരു പിഴവ് തനിക്ക് വരാതെ നോക്കാൻ ജഡേജക്ക് സാധിച്ചു. മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് നട്ടെല്ലായ വിരാട് കോഹ്ലി കൂടാരം കയറിയിട്ടും ജഡേജ പക്വതയോടെ ക്രീസിൽ തുടർന്നു. ഇന്ത്യയ്ക്കായി വിജയ റൺ നേടിയിട്ടേ താൻ മൈതാനം വിടൂ എന്നുള്ള ജഡേജയുടെ നിർബന്ധമാണ് മത്സരത്തിൽ കണ്ടത്.

2019 ലോകകപ്പ് സെമി ഫൈനൽ വീണ്ടും ആവർത്തിക്കുമോ എന്ന് ഉറ്റു നോക്കിയ ഇന്ത്യൻ ആരാധകർക്കുള്ള മറുപടിയാണ് ജഡേജ നൽകിയത്. 2003 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പിൽ കിവി ടീമിനെ പരാജയപ്പെടുത്തുന്നത്. മാത്രമല്ല മത്സരത്തിൽ തങ്ങളുടെ ശക്തി വെളിപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കുകയും ചെയ്തു. ജഡേജയെ സംബന്ധിച്ചും ഇന്ത്യൻ ടീമിനെ സംബന്ധിച്ചും വളരെ സന്തോഷകരമായ നിമിഷം തന്നെയാണിത്. വരും മത്സരങ്ങളിലും വിജയം സ്വന്തമാക്കി ഇന്ത്യൻ ടീമിന് എത്രയും വേഗം സെമിയിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top