വീണ്ടും സിക്സർ റെക്കോർഡ്. ചരിത്രം മാറ്റി അപൂർവ നേട്ടവുമായി രോഹിത്.

F8Z6HrYaAAAl04Q 1 scaled

2023 ഏകദിന ലോകകപ്പിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായാണ് രോഹിത് ശർമ തിളങ്ങുന്നത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിലും വെടിക്കെട്ട് പ്രകടനം തന്നെ രോഹിത് കാഴ്ചവയ്ക്കുകയുണ്ടായി. 274 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി പവർപ്ലേ ഓവറുകളിൽ തീയായി മാറാൻ രോഹിതിന് സാധിച്ചു. മത്സരത്തിൽ 40 പന്തുകൾ നേരിട്ട രോഹിത് 46 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 4 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു. ഈ ഇന്നിങ്സോടെ മറ്റൊരു വെടിക്കെട്ട് റെക്കോർഡ് കൂടിയാണ് രോഹിത് മറികടന്നിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 50 സിക്സറുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് രോഹിത് ഇതോടെ പേരിൽ ചേർത്തു.

മുൻപും രോഹിത്തിന്റെ പേരിൽ തന്നെയായിരുന്നു റെക്കോർഡ്. 2017ൽ രോഹിത് ഏകദിന ക്രിക്കറ്റിൽ 46 സിക്സറുകൾ സ്വന്തമാക്കി, ഒരു കലണ്ടർ വർഷം ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരമായി മാറിയിരുന്നു. ഈ റെക്കോർഡാണ് രോഹിത് ഇപ്പോൾ വീണ്ടും മറികടന്നിരിക്കുന്നത്. 2018 വർഷത്തിൽ 39 ഏകദിന സിക്സറുകളാണ് രോഹിത് നേടിയിരുന്നത്. 2019 വർഷത്തിൽ 36 ഏകദിന സിക്സറുകൾ നേടാനും രോഹിത്തിന് സാധിച്ചു. ന്യൂസിലാൻഡിനെതീരെ മത്സരത്തിനിറങ്ങുമ്പോൾ 50 സിക്സറുകൾ പൂർത്തീകരിക്കാൻ രോഹിത്തിന് ആവശ്യമായിരുന്നത് ഒരു സിക്സർ മാത്രമായിരുന്നു. മത്സരത്തിന്റെ രണ്ടാം ഓവറിൽ മാറ്റ് ഹെൻട്രിയെ അടിച്ചുതൂക്കി രോഹിത് 50 സിക്സർ പൂർത്തീകരിച്ചു.

Read Also -  ഹാരിസ് റോഫ് പന്തിൽ കൃത്രിമം കാട്ടി. ആരോപണവുമായി അമേരിക്കൻ ബോളർ.

ശേഷം മൂന്ന് സിക്സറുകൾ കൂടി രോഹിത്തിന് മത്സരത്തിൽ നേടി. അഞ്ചാം ഓവറിൽ ട്രെൻഡ് ബോൾട്ടിനെതിരെയാണ് രോഹിത്തിന്റെ രണ്ടാമത്തെ സിക്സർ പിറന്നത്. ട്രെൻഡ് ബോൾട്ടിന്റെ തലയ്ക്കു മുകളിലൂടെ സ്ട്രൈറ്റ് രോഹിത് സിക്സർ പറത്തുകയായിരുന്നു. ശേഷം മത്സരത്തിന്റെ പത്താം ഓവറിൽ മാറ്റ് ഹെൻട്രിക്കെതിരെ രോഹിത് വീണ്ടും സിക്സർ നേടി. ശേഷം മിച്ചൽ സാന്റ്നറെ അതിർത്തി കടത്തി രോഹിത് ശർമ തന്റെ ആരാധകരെ കയ്യിലെടുത്തു. മത്സരത്തിൽ രോഹിത്തിന്റെ ആദ്യ സമയങ്ങളിലെ ഈ വെടിക്കെട്ട് പ്രകടനം ഇന്ത്യയെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 4 സിക്സറുകൾ സ്വന്തമാക്കിയതോടെ ഈ വർഷം 53 സിക്സറുകൾ രോഹിത് പൂർത്തീകരിച്ചിട്ടുണ്ട്. ലോകകപ്പിലെ ആദ്യ മത്സരം മുതൽ ഇത്തരത്തിൽ സിക്സറുകൾ നേടി രോഹിത് റെക്കോർഡുകളിൽ ഇടം പിടിച്ചിട്ടുള്ളത്. നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ താരം എന്ന ബഹുമതിയും രോഹിത്തിന്റെ പേരിലാണ്. ക്രിസ് ഗെയ്ലിനെ മറികടന്നായിരുന്നു രോഹിത് ബഹുമതി സ്വന്തമാക്കിയത്. എന്തായാലും രോഹിത് ഈ മനോഭാവത്തോടെ തന്നെ വരും മത്സരങ്ങളിലും വെടിക്കെട്ട് തുടക്കങ്ങൾ ഇന്ത്യയ്ക്ക് നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top