ഏകദിന ലോകകപ്പിലെ നെതർലൻഡ്സിനെതിരായ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയം നേടി ന്യൂസിലാൻഡ് ടീം. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ വിജയം നേടിയ ന്യൂസിലാൻഡ് വീണ്ടും അവരുടെ കരുത്ത് പ്രകടിപ്പിക്കുകയാണ് ഉണ്ടായത്. മത്സരത്തിൽ 99 റൺസിന്റെ കൂറ്റൻ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. നെതർലൻഡ്സിന് മുകളിൽ കൃത്യമായി ആധിപത്യം നേടിയിരുന്നു ന്യൂസിലാന്റിന്റെ വിജയം. ന്യൂസിലാൻഡിനായി ബാറ്റിംഗിൽ ഓപ്പണർ വിൽ യങ്, ടോം ലാതം, രചിൻ രവീന്ദ്ര എന്നിവരാണ് തിളങ്ങിയത്. ബോളിങ്ങിൽ മിച്ചൽ സാന്റ്നർ അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ചു.
മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് ബോളിംഗ് തിരഞ്ഞെടുത്തു. വളരെ മികച്ച തുടക്കമാണ് ന്യൂസിലാൻഡിന് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ തന്നെ തങ്ങളുടെ പ്ലാൻ വ്യക്തമാക്കാൻ ന്യൂസിലാൻഡ് ഓപ്പണർമാർക്ക് സാധിച്ചു. ഇതിൽ വിൽ യങ്ങായിരുന്നു ഏറ്റവും മികച്ച രീതിയിൽ നെതർലാൻഡ്സ് ബോളർമാരെ നേരിട്ടത്.
യങ് മത്സരത്തിൽ 80 പന്തുകളിൽ 70 റൺസ് നേടി. പിന്നാലെ മൂന്നാമനായി ക്രീസിലെത്തിയ രചിൻ രവീന്ദ്രയും ആദ്യ മത്സരത്തിലെ പ്രകടനം ആവർത്തിച്ചപ്പോൾ ന്യൂസിലാൻഡ് സ്കോർ കുതിച്ചു. രവീന്ദ്ര മത്സരത്തിൽ 51 റൺസാണ് നേടിയത്. പിന്നാലെ മിച്ചൽ 48 റൺസും നായകൻ ടോം ലാതം 53 റൺസുമായി ന്യൂസിലാൻഡിന് സംഭാവനകൾ നൽകി.
ഇതോടെ ന്യൂസിലാൻഡ് മത്സരത്തിൽ ഒരു ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. നിശ്ചിത 50 ഓവറുകളിൽ 322 റൺസാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലാൻഡ്സിന് തുടക്കത്തിൽ തന്നെ അടിപതറി. തങ്ങളുടെ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നെതർലൻഡ്സിന് നഷ്ടമായി. എന്നാൽ മൂന്നാമതായി ക്രീസിലെത്തിയ കോളിംഗ് അക്കർമാൻ നെതർലാൻഡ്സിന്റെ നെടുംതൂൺ ആവുകയായിരുന്നു.
ന്യൂസിലാൻഡ് ബോളർമാരെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ അക്കർമാന് സാധിച്ചു. മത്സരത്തിൽ 73 പന്തുകളിൽ 69 റൺസാണ് അക്കർമാൻ സ്വന്തമാക്കിയത്. എന്നാൽ മറുവശത്ത് സ്പിന്നർ സാന്റ്നർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയത് നെതർലൻഡ്സിനെ ബാധിക്കുകയായിരുന്നു.
അക്കർമാൻ കൂടാരം കയറിയതോടെയാണ് മത്സരത്തിൽ നെതർലൻഡ്സിന്റെ സാധ്യതകൾ അവസാനിച്ചത്. പിന്നീട് പൂർണ്ണമായും മത്സരത്തിൽ ന്യൂസിലാൻഡ് ആധിപത്യം സ്ഥാപിക്കുകയായിരുന്നു. മത്സരത്തിൽ ന്യൂസിലാൻഡ് സ്പിന്നർ സാന്റ്നർ നിശ്ചിത 10 ഓവറുകളിൽ 59 റൺസ് വിട്ടുനൽകി 5 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 99 റൺസിന്റെ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ന്യൂസിലാൻഡിനെ സംബന്ധിച്ച് ലോകകപ്പിലെ രണ്ടാം വിജയം ഒരുപാട് ആത്മവിശ്വാസം നൽകുന്നുണ്ട്.