ആ പിച്ചിൽ ഫീൽഡ് ചെയ്യാൻ ഭയമാണ്, വളരെ മോശം അവസ്ഥ. ഇന്ത്യൻ പിച്ചിനെതിരെ വിമർശനവുമായി ബട്ലർ.

ezgif 4 5044e6640f

ഒരുപാട് വിമർശനങ്ങൾക്ക് വിധേയമായാണ് 2023 ഏകദിന ലോകകപ്പ് പോകുന്നത്. കാണികളുടെ കാര്യത്തിൽ വന്ന വലിയ കുറവായിരുന്നു ആദ്യം ലോകകപ്പിനെതിരെ വിമർശനം ഉയരാൻ കാരണമായത്. അതിനുശേഷം ഇപ്പോൾ പിച്ചുകളെ സംബന്ധിച്ചും ആരോപണങ്ങൾ എത്തുന്നുണ്ട്. ഇന്ത്യയിലെ പ്രധാന മൈതാനങ്ങളിൽ ഒന്നായ ധർമ്മശാല മൈതാനത്തിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ രംഗത്തെത്തിയിരിക്കുന്നത്. ധർമ്മശാലയിലെ ഔട്ട് ഫീൽഡിന്റെ പ്രശ്നം മൂലം മുൻപ് അഫ്ഗാനിസ്ഥാൻ താരം മുജീബ് ഉർ റഹ്മാന് പരിക്കേറ്റിരുന്നു. ഭാഗ്യം കൊണ്ടാണ് പരിക്ക് ഗുരുതരമാവാതിരുന്നത്. ഇത്തരം ഔട്ട്ഫീൽഡുകൾ ലോകകപ്പിനെ ബാധിക്കുന്നുണ്ട് എന്ന് ജോസ് ബട്ലർ പറയുന്നു.

ബംഗ്ലാദേശിന്റെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിടെ ആയിരുന്നു മുജീബിന് പരിക്കേറ്റത്. ഇതിനുശേഷം ഐസിസി ധർമ്മശാലയിലെ ഔട്ട്ഫീൽഡിന് ആവറേജ് റേറ്റിംഗ് നൽകിയിരുന്നു. ശേഷമാണ് ബട്ലറുടെ പ്രതികരണം. “എന്നെ സംബന്ധിച്ച് ഇതൊരു വളരെ മോശം അവസ്ഥയാണ്. ഒരു താരം ഫീൽഡ് ചെയ്യുകയാണെങ്കിൽ അയാൾ പൂർണമായും മൈതാനത്ത് ആത്മാർത്ഥത പുലർത്തണം. അങ്ങനെ വരുമ്പോൾ ഡൈവ് ചെയ്യുകയും റൺസ് തടയുകയും ചെയ്യേണ്ടി വരും. ഒരു ടീം എന്ന നിലയിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം അതാണ്.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.

എന്നാൽ ഇത്തരം ഔട്ട് ഫീൽഡുകൾ അതിനെതിരെയാണ്. ഇത്തരത്തിലുള്ള ഔട്ട്‌ഫീൽഡുകൾ യാതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. പക്ഷേ ഞങ്ങൾ അതൊരു എക്സ്ക്യൂസ് ആയി എടുക്കുന്നില്ല. അതിനോട് പൊരുത്തപ്പെടാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”- ബട്ലർ പറഞ്ഞു.

“ഏതുസമയത്തും സിംഗിളുകൾ തടയാനും മറ്റുമായി നമുക്ക് ഡൈവ് ചെയ്യേണ്ടി വന്നേക്കും. അത് മൈതാനത്ത് ഒരുപാട് ആത്മവിശ്വാസം ഉണ്ടാക്കുന്ന കാര്യവുമാണ്. മൈതാനത്തിറങ്ങുന്ന രണ്ട് ടീമുകൾക്കും ഇത് ബാധകമാണ്. പക്ഷേ ഇത്തരം ഔട്ട്ഫീൽഡുകൾ അതിനെ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും ധർമ്മശാലയിലെ വിക്കറ്റ് മികച്ചതായി എനിക്ക് തോന്നുന്നു.”- ജോസ് ബട്ലർ കൂട്ടിച്ചേർത്തു.

ഒപ്പം ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിലെ പരാജയത്തെപ്പറ്റിയും ബട്ലർ പറഞ്ഞു. “കഴിഞ്ഞ മത്സരങ്ങളിൽ ഞങ്ങളുടെ പ്രതാപത്തിനൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. അത് ഞങ്ങളുടെ ഭാഗത്തുനിന്ന് വന്ന തെറ്റാണ്. വ്യക്തിപരമായും ടീം എന്ന നിലയിലും വരും മത്സരങ്ങളിൽ മികവുപുലർത്തേണ്ടതുണ്ട്. ടീമിൽ എല്ലാവരും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനുള്ള ധൃതിയിൽ തന്നെയാണ്. മൈതാനത്തേക്ക് വീണ്ടും ഇറങ്ങാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് അങ്ങേയറ്റം ആവേശവുമുണ്ട്.”- ജോസ് ബട്ലർ പറഞ്ഞു വെയ്ക്കുന്നു.

Scroll to Top