കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യരുത്, എനിക്കത് ഇഷ്ടമല്ല. തുറന്ന് പറഞ്ഞ് വിൻഡിസ് ഇതിഹാസം.

ഇന്ത്യൻ ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരിൽ രണ്ടുപേരാണ് സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും. ഒരുകാലത്ത് ഇന്ത്യയുടെ രക്ഷകനായിരുന്നു സച്ചിൻ ടെണ്ടുൽക്കർ. സച്ചിൻ വിരമിച്ചതിനുശേഷം വിരാട് കോഹ്ലി ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ സച്ചിനാണോ കോഹ്ലിയാണോ ഏറ്റവും മികച്ച താരം എന്ന രീതിയിൽ ഒരുപാട് ചർച്ചകൾ പുരോഗമിക്കുന്നു.

ഈ ചർച്ചകൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ല എന്നാണ് വെസ്റ്റിൻഡീസിന്റെ പേസ് ഇതിഹാസം കർട്ലി ആംബ്രോസ് പറയുന്നത്. താൻ ഇത്തരത്തിലുള്ള താരതമ്യം ഇഷ്ടപ്പെടുന്നില്ലെന്നും രണ്ടുപേരും രണ്ടു തരത്തിലുള്ള കളിക്കാരാണെന്നും ആംബ്രോസ് പറയുന്നു.

സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനാണെന്നും, അദ്ദേഹം കളിച്ച രീതി ഒരിക്കലും മറക്കാനാവാത്തതാണെന്നും ആംബ്രോസ് പറയുകയുണ്ടായി. “ഈ രണ്ടു താരങ്ങളെയും തമ്മിൽ താരതമ്യം ചെയ്യാൻ എനിക്ക് സാധിക്കില്ല. ഏതുവിധേന നോക്കിയാലും സച്ചിൻ ടെണ്ടുൽക്കർ മഹാനായ ഒരു ക്രിക്കറ്റർ തന്നെയാണ്.

നിലവിൽ ക്രിക്കറ്റിലുള്ളതിൽ എല്ലാ നേട്ടവും കൈവരിച്ച ആളാണ് സച്ചിൻ. സച്ചിന്റെ ക്രിക്കറ്റിനെ കുറിച്ചുള്ള നിരീക്ഷണവും അദ്ദേഹം കളിച്ച രീതിയുമൊക്കെ ഒരിക്കലും ആർക്കും മറക്കാൻ സാധിക്കുന്നതല്ല. മാത്രമല്ല എനിക്ക് ഇത്തരം താരതമ്യങ്ങളിൽ ഇഷ്ടമില്ല.”- ആംബ്രോസ് പറഞ്ഞു.

“ഇത്തരത്തിലുള്ള വലിയ താരങ്ങളാകുമ്പോൾ ഫോമില്ലായ്മ ചില സമയങ്ങളിൽ ബാധിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞു കുറച്ചധികം വർഷങ്ങളായി വിദേശ പിച്ചുകളിൽ സെഞ്ച്വറി സ്വന്തമാക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിൽ വിരാട് കോഹ്ലിയുടെ കാലം കഴിഞ്ഞു എന്ന് പോലും പലരും വിധിയെഴുതുകയുണ്ടായി. അങ്ങനെയൊരു വിധിയെഴുത്ത് അനീതി മാത്രമാണ്. ഇത്തരം ഫോമില്ലായ്മകളിലൂടെ എല്ലാ ക്രിക്കറ്റ് താരങ്ങളും കടന്നു പോകാറുണ്ട്. വിരാട് കോഹ്ലി എന്നും അദ്ദേഹത്തിന്റെ നിലവാരം പുലർത്തിയിട്ടുണ്ട്.”- ആംബ്രോസ് കൂട്ടിച്ചേർക്കുന്നു.

“വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ്‌ പരമ്പരയിൽ വിരാട് കോഹ്ലി സെഞ്ച്വറി സ്വന്തമാക്കിയതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. എന്നാൽ സെഞ്ച്വറി വെൻഡീസിനെതിരെ ആയതിനാൽ ചെറിയ നിരാശയുമുണ്ട്. എന്നിരുന്നാലും കോഹ്ലിയെ സംബന്ധിച്ചു നോക്കുമ്പോൾ ആ സെഞ്ച്വറി കൂടുതൽ ആത്മവിശ്വാസവും വർദ്ധിപ്പിക്കും. വിരാട്ടിന്റെ കാലം കഴിഞ്ഞു എന്ന് വിധിച്ചവർക്കുള്ള മറുപടിയായിരുന്നു ആ സെഞ്ച്വറി. ഇന്ത്യൻ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും ഒരുപാട് സംഭാവനകൾ ഇനിയും ചെയ്യാൻ സാധിക്കുന്ന ക്രിക്കറ്റിൽ തന്നെയാണ് വിരാട് കോഹ്ലി.” – ആംബ്രോസ് പറഞ്ഞുവയ്ക്കുന്നു.

Previous articleസഞ്ജുവിന്റെ വിധി ഇന്നറിയാം. ഏകദിനം പിടിച്ചടക്കാൻ ഇന്ത്യ, പ്രതികാരത്തിനായി വിൻഡിസ്.
Next articleസഞ്ജുവിനെ തഴഞ്ഞത് മത്സത്തിന് തൊട്ടുമുമ്പ്. സഞ്ജുവിന്റെ ജേഴ്‌സിയിട്ട് സൂര്യകുമാർ മൈതാനത്ത്.