സഞ്ജുവിന്റെ വിധി ഇന്നറിയാം. ഏകദിനം പിടിച്ചടക്കാൻ ഇന്ത്യ, പ്രതികാരത്തിനായി വിൻഡിസ്.

ezgif 2 081d4fbb7f

ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കെൻസിങ്ടൺ ഓവലിൽ നടക്കുന്നു. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് രാത്രി 7 മണിക്ക് നടക്കുന്നത്. മുൻപ് ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കിയ ഇന്ത്യയെ സംബന്ധിച്ച് ഏകദിനങ്ങളിലും ആധിപത്യം കാണാൻ ലഭിക്കുന്ന അവസരമാണിത്.

മറുവശത്ത് വിൻഡിസും ഏകദിന പരമ്പരക്കായി എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. ഹെറ്റ്മെയ്ർ അടക്കമുള്ള വമ്പൻ താരങ്ങളെയൊക്കെയും വിൻഡിസ് തങ്ങളുടെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. 2023 ഏകദിന ലോകകപ്പ് യോഗ്യത റൗണ്ടിൽ പരാജയപ്പെട്ട വിൻഡീസിന് തങ്ങളുടെ കരുത്ത് കാട്ടാനുള്ള അവസരം തന്നെയാണ് ഈ ഏകദിന പരമ്പരയിലൂടെ ലഭിക്കുന്നത്.

മലയാളി താരം സഞ്ജുവിനെ സംബന്ധിച്ച് വളരെ നിർണായകമായ നിമിഷമാണ് വന്നെത്തിയിരിക്കുന്നത്. ലോകകപ്പിന് അധികം നാൾ അവശേഷിക്കുന്നില്ല എന്നതിനാൽ തന്നെ ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താനുള്ള സഞ്ജുവിന്റെ അവസാന അവസരമാണിത്. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത് എങ്ങനെയെങ്കിലും ശ്രദ്ധ പിടിച്ചു പറ്റുക എന്നതാണ് സഞ്ജുവിന്റെ ശ്രമം.

അല്ലാത്തപക്ഷം ഇഷാൻ കിഷൻ അടക്കമുള്ള വിക്കറ്റ് കീപ്പർ ബാറ്റർമാർക്ക് കൂടുതൽ അവസരങ്ങൾ വന്നുചേരും. പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ കളിച്ചേക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ പ്രകടനം എല്ലാവരും ഉറ്റു നോക്കുകയാണ്.

Read Also -  സഞ്ജുവിന്റെ ത്രോ തടഞ്ഞ് ജഡേജ, ഫീൽഡിങ് തടസപ്പെടുത്തിയതിന്റെ പേരിൽ പുറത്ത്..

വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ തന്നെയാവും ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യക്കായി രോഹിത് ശർമയും ഗില്ലുമാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. ഇവർക്ക് ശേഷം വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ അഞ്ചാം നമ്പറിലാണ് മലയാളി താരം സഞ്ജു ടീമിൽ അണിനിരക്കുന്നത്. ഇതാണ് ഇന്ത്യയുടെ സാധ്യത ഇലവൻ.

എന്നാൽ ഇഷാൻ കിഷനെ ഇന്ത്യ ഓപ്പണറായി പരിഗണിക്കുകയാണെങ്കിൽ സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെ ബാധിച്ചേക്കാനും സാധ്യതയുണ്ട്. അങ്ങനെ വരുന്ന പക്ഷം ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ 6, 7 സ്ഥാനങ്ങളിൽ കളിച്ചേക്കും. ഒപ്പം മുഹമ്മദ് സിറാജ്, ജയദേവ് ഉനാത്കട്ട്, കുൽദീപ് യാദവ്, ചാഹൽ, ശർദുൽ താക്കൂർ എന്നിവരും ടീമിൽ അണിനിരന്നേക്കുമെന്നാണ് അറിയുന്നത്. എന്തായാലും ആദ്യ മത്സരത്തിനു മുൻപ് വമ്പൻ സന്നാഹങ്ങളുമായാണ് ഇന്ത്യ തയ്യാറെടുത്തിരിക്കുന്നത്. ഏകദിന ലോകകപ്പിന് മുമ്പായി വലിയ വിജയങ്ങൾ സ്വന്തമാക്കി ആത്മവിശ്വാസം ഉയർത്തുക എന്ന ലക്ഷ്യം കൂടി ഇന്ത്യയ്ക്കുണ്ട്.

Scroll to Top