കേരളത്തെ രക്ഷിച്ച് സച്ചിൻ ബേബിയും സഞ്ജുവും. ആദ്യ ദിനം കേരളം ശക്തമായ നിലയിൽ.

ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിവസം സച്ചിൻ ബേബിയുടെ തേരിലേറി കേരളം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം, ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എന്ന നിലയിലാണ്.

മത്സരത്തിൽ വളരെ മോശം തുടക്കം ലഭിച്ച കേരളത്തെ അർത്ഥസെഞ്ച്വറി നേടിയ രോഹൻ പ്രേം, സച്ചിൻ ബേബി, സഞ്ജു സാംസൺ എന്നിവർ ചേർന്നാണ് കരകയറ്റിയത്. ഇതിൽ സച്ചിൻ ബേബിയുടെ ഇന്നിംഗ്സാണ് ഏറ്റവും മികച്ചു നിന്നത്. കഴിഞ്ഞ മത്സരങ്ങളിൽ വലിയ രീതിയിൽ ബാറ്റിംഗിൽ പിന്നോട്ട് പോയ കേരളത്തിന്റെ ഒരു തിരിച്ചുവരവ് കൂടിയാണ് ചത്തീസ്ഗഡിനെതിരായ മത്സരത്തിന്റെ ആദ്യ ദിവസം കാണാൻ സാധിച്ചത്.

# Batters R 4’s 6’s
1 Rohan S Kunnummal b Ravi Kiran 0 8
2 Jalaj Saxena c Rishabh Tiwari b Ashish Chouhan 0 17
3 Rohan Prem run out (Amandeep Khare) 54 144
4 Sachin Baby c Sanjeet Desai b Ashish Chouhan 91 180
5 Sanju Samson (c) Not out 57 71
6 Vishnu Vinod Not out 10 24
Total 219/4 (74.0 Overs) Extras (B 6, Lb 1, W 0, Nb 0) 7

മത്സരത്തിൽ ടോസ് നേടിയ ഛത്തീസ്ഗഡ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് ചത്തീസ്ഗഡിന് അവരുടെ ബോളർമാർ നൽകിയത്. കേരളത്തിന് തുടക്കത്തിൽ തന്നെ നിർണായകമായ വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ രോഹൻ കുന്നുമ്മലും ജലജ് സക്സേനയും പൂജ്യരായി മടങ്ങുകയായിരുന്നു.

ഇതോടെ കേരളം 4 റൺസിന് 2 വിക്കറ്റുകൾ എന്ന നിലയിൽ പതുങ്ങി. ശേഷമാണ് രോഹൻ പ്രേമും സച്ചിൻ ബേബിയും ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് കേരളത്തിനായി കെട്ടിപ്പടുത്തത്. ഇരുവരും തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ കളിച്ചതോടെ കേരളത്തിന്റെ സ്കോർ ഉയരുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 135 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു.

144 പന്തുകൾ നേരിട്ട രോഹൻ പ്രേം 54 റൺസാണ് നേടിയത്. രോഹൻ പുറത്തായ ശേഷമാണ് നായകൻ സഞ്ജു സാംസൺ ക്രീസിൽ എത്തിയത്. ഒരു ഏകദിന മത്സരത്തിന്റെ ശൈലിയിലാണ് സഞ്ജു ബാറ്റ് വീശിയത്. സച്ചിനോടൊപ്പം ചേർന്ന് നാലാം വിക്കറ്റിൽ ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് സഞ്ജു ശ്രമിച്ചത്.

സച്ചിൻ ബേബി മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 180 പന്തുകളിൽ 91 റൺസാണ് നേടിയത്. 11 ബൗണ്ടറികൾ സച്ചിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. സച്ചിൻ പുറത്തായ ശേഷവും സഞ്ജു സാംസൺ റൺസ് കണ്ടെത്തുകയായിരുന്നു. ഒരു നായകന്റെ ഇന്നിങ്സ് തന്നെയാണ് സഞ്ജു മത്സരത്തിൽ കാഴ്ചവച്ചത്.

ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 71 പന്തുകളിൽ 57 റൺസുമായി സഞ്ജു പുറത്താവാതെ നിൽക്കുന്നു. 9 ബൗണ്ടറികളാണ് സഞ്ജുവിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. മറുവശത്ത് വിഷ്ണു വിനോദ് 24 പന്തുകളിൽ 10 റൺസുമായി ക്രീസിലുണ്ട്. മത്സരത്തിന്റെ രണ്ടാം ദിവസം ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്.

ആദ്യ ഇന്നിങ്സിൽ 400 റൺസിന് മുകളിൽ ശക്തമായ ഒരു സ്കോർ കണ്ടെത്തിയാൽ മാത്രമേ കേരളത്തിന് മത്സരത്തിൽ വിജയം കാണാൻ സാധിക്കൂ. ശ്രേയസ് ഗോപാൽ അടക്കമുള്ള ബാറ്റർമാർ വരാനിരിക്കുന്ന സാഹചര്യത്തിൽ വലിയ പ്രതീക്ഷയിൽ തന്നെയാണ് കേരള ടീം.

Previous articleആദ്യ ദിനം ഇന്ത്യ നേടിയത് 336ന് 6. 179 റൺസുമായി ജയ്സ്വാൾ ക്രീസിൽ.
Next articleവമ്പൻ വിജയം. ഇന്ത്യ അണ്ടർ 19 ലോകകപ്പ് സെമിയിൽ. നേപ്പാളിനെ തകർത്തത് 132 റൺസിന്.