വമ്പൻ വിജയം. ഇന്ത്യ അണ്ടർ 19 ലോകകപ്പ് സെമിയിൽ. നേപ്പാളിനെ തകർത്തത് 132 റൺസിന്.

അണ്ടർ 19 ലോകകപ്പിൽ സൂപ്പർ സിക്സിലെ തങ്ങളുടെ അവസാന മത്സരത്തിലും വമ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ യുവനിര. നേപ്പാളിനെതിരായ മത്സരത്തിൽ 132 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഈ വിജയത്തോടെ ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മത്സരത്തിൽ ഇന്ത്യയ്ക്കായി സച്ചിൻ ദാസ്, നായകൻ ഉദയ് സഹരാൻ എന്നിവർ തകർപ്പൻ സെഞ്ച്വറികൾ സ്വന്തമാക്കിയിരുന്നു. ഒപ്പം ബോളർമാരൊക്കെയും മത്സരത്തിൽ മികവ് പുലർത്തിയപ്പോൾ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയഗാഥ തുടർന്നുകൊണ്ട് തന്നെ മുൻപോട്ടു പോവാനാണ് ഇന്ത്യയുടെ നിലവിലെ ശ്രമം.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ഓപ്പണർമാർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും, അത് മുതലാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. മത്സരത്തിന്റെ ഒരു സമയത്ത് 62ന് 3 എന്ന നിലയിൽ ഇന്ത്യ പ്രതിസന്ധിയിലാവുകയും ഉണ്ടായി.

എന്നാൽ ശേഷം ഉദയ് സഹരാനും സച്ചിൻ ദാസും ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് ഇന്ത്യയ്ക്കായി കെട്ടിപ്പടുക്കുകയായിരുന്നു. മധ്യ ഓവറുകളിൽ നേപ്പാൾ ബോളർമാർക്കെതിരെ വളരെ കരുതലോടെ ഇരുവരും ബാറ്റ് വീശിയതോടെ ഇന്ത്യയുടെ സ്കോർ കുതിക്കുകയും ചെയ്തു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 215 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് കെട്ടിപ്പടുത്തു.

Read Also -  ശ്രീലങ്കയ്ക്കെതിരെ സഞ്ജുവും അഭിഷേകും ടീമിൽ, പന്ത് പുറത്ത്. ട്വന്റി20 സാധ്യത ഇലവൻ ഇങ്ങനെ.

മത്സരത്തിൽ നായകൻ സഹരാനും സച്ചിൻ ദാസും സെഞ്ചുറി സ്വന്തമാക്കിയിരുന്നു. സച്ചിൻ ദാസ് 101 പന്തുകളിൽ 11 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 116 റൺസാണ് നേടിയത്. സഹരാൻ 107 പന്തുകളിൽ 9 ബൗണ്ടറികളടക്കം 100 റൺസ് നേടുകയുണ്ടായി. ഇതോടുകൂടി ഇന്ത്യ ശക്തമായ ഒരു സ്കോറിലേത്തി.

നിശ്ചിത 50 ഓവറുകളിൽ 297 റൺസാണ് ഇന്ത്യ മത്സരത്തിൽ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാളിന് ഓപ്പണർമാരായ ദീപക് ബോഹാരയും(22) അർജുൻ കുമാലും(26) തരക്കേടില്ലാത്ത തുടക്കമാണ് നൽകിയത്. എന്നാൽ പിന്നീട് വന്ന ബാറ്റർമാർ അമ്പെ പരാജയപ്പെട്ടപ്പോൾ നേപ്പാൾ കൂപ്പുകുത്തി വീണു.

33 റൺസ് നേടിയ നായകൻ ദേവ് ഖനാലാണ് നേപ്പാൾ നിരയിലെ ടോപ്പ് സ്കോറർ. മധ്യനിരയിലെ മറ്റു ബാറ്റർമാരും വാലറ്റ ബാറ്റർമാരും പോരാട്ടത്തിന് മുതിരാതെ വന്നതോടെ നേപ്പാളിന്റെ ഇന്നിംഗ്സ് കേവലം 165 റൺസിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ 132 റൺസിന്റെ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ പരാജയം അറിഞ്ഞിട്ടില്ല. സെമിഫൈനലിലും ഈ പ്രകടനങ്ങൾ ആവർത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മുൻനിരയുടെ മികച്ച ഫോം ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ തന്നെ നൽകുന്നു.

Scroll to Top