ഇന്ത്യൻ ക്രിക്കറ്റിന്റെ നിർണായ ബാറ്റ്സ്മാൻമാരിൽ ഒരാളായി മാറിയിരിക്കുകയാണ് സൂര്യ കുമാർ യാദവ്. ഇപ്പോഴിതാ താരത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. നിലവിൽ ട്വൻ്റി ട്വൻ്റി ഫോർമാറ്റിൽ ലോക ഒന്നാം നമ്പർ ബാറ്റ്സ്മാൻ ആയ താരം ലോകത്തിലെ എല്ലാ ക്രിക്കറ്റ് ആരാധകരെയും തൻ്റെ 360 ഡിഗ്രി ബാറ്റിങ്ങിലൂടെ കയ്യിലെടുത്തിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയെ സെമിഫൈനലിൽ എത്തിക്കുന്നതിന് താരം നിർണായ പങ്ക് വഹിച്ചിട്ടുണ്ട്.ഇന്ത്യയുടെ നീണ്ട കാലമായിട്ടുള്ള ഒരു ഐസിസി ട്രോഫിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ സൂര്യ കുമാർ യാദവിന് സാധിക്കും എന്നാണ് ഓസ്ട്രേലിയൻ ഇതിഹാസം പറയുന്നത്.
ഇന്ത്യ അവസാനമായി ഒരു ഐസിസി കിരീടം നേടിയത് 2013 ചാമ്പ്യൻസ് ട്രോഫി കിരീടമാണ്. “ഞാൻ പറഞ്ഞ് വരുന്നത് സൂര്യ കുമാർ യാദവിനെ കുറിച്ചാണ്. ട്വൻ്റി 20യിലെ പുതിയ ഗ്ലോബൽ സൂപ്പർസ്റ്റാർ അവനാണ്. കഴിഞ്ഞ 12-15 മാസങ്ങളായി അവൻ അന്താരാഷ്ട്ര ക്രിക്കറ്റിനെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയയിലെ പച്ചപ്പുള്ള ബോൾ സ്കിഡ് ചെയ്യുന്ന പിച്ചുകളിൽ ഉജ്ജ്വലമായിട്ടാണ് അവൻ ബാറ്റ് ചെയ്തത്. പേടിയില്ലാതെയാണ് അവൻ ബാറ്റ് ചെയ്തത്. ചെസ്സിലെ ഗ്രാൻഡ് മാസ്റ്ററെ പോലെയാണ് അവൻ്റെ ഓരോ ഷോട്ട് സെലക്ഷനും. അവൻ്റെ ഓരോ ഷോട്ടുകളും വിസ്മയിപ്പിക്കുന്നതാണ്.
അവൻ ഓരോ ഷോട്ടുകൾ കളിക്കുമ്പോഴും അവൻ്റെ മുഖത്ത് വരുന്ന പുഞ്ചിരി അമൂല്യമാണ്.എന്നെ സംബന്ധിച്ച് കഴിഞ്ഞ ലോകകപ്പിൽ ഏറ്റവും വലിയ ഹൈലൈറ്റ് അവനാണ്. അവൻ എപ്പോഴും ബാറ്റ് ചെയ്യുന്നത് ഒരേ മനോഭാവത്തോടെ കൂടിയാണ്. ഇന്ത്യക്ക് വേണ്ടി വലിയ സ്കോറുകൾ നേടാൻ മാത്രമല്ല, ഒരു ദിവസം കിരീടം നേടിക്കൊടുക്കുവാനും അവന് സാധിക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ് അവൻ്റെ ബാറ്റിംഗ് കാണുന്നത്. അവനെ എന്തെങ്കിലും പറഞ്ഞ് ഉപദേശിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് എന്നോട് ചോദിച്ചാൽ ഞാൻ ഒരു ഉപദേശവും അവന് കൊടുക്കേണ്ട ആവശ്യമില്ല എന്നാണ് പറയുക. കാര്യങ്ങൾ സങ്കീർണമാക്കാതെ ഇപ്പോൾ ചെയ്യുന്ന അതേ രീതിയിൽ തുടർന്നു കൊണ്ടുപോവുക.
ഒന്നും മാറ്റരുത്. സ്വയം പിന്തുണച്ചാൽ മാത്രം മതി. സ്കൈയുടെ ഭാഗത്തുനിന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് അസാധ്യമായ ഷോട്ടുകൾ നിർവഹിക്കുന്ന രീതിയാണ്. ബാറ്റിങ്ങിലെ അടിസ്ഥാന കാര്യങ്ങളിൽ നിന്നും വ്യതിചലിക്കാതെയാണ് അവൻ അത് ചെയ്യുന്നത്. ക്രീസിൽ എത്തിയ ഉടനെ എല്ലാ പന്തുകളും വെറുതെ ആഞ്ഞടിക്കുന്ന രീതി അല്ല അവന്റെത്. അവൻ്റെ പക്കൽ മനോഹരമായ ബാറ്റിംഗ് ടെക്നിക് ഉണ്ട്. അവന് മികച്ച ഭാവിയുണ്ട്. അവൻ്റെ സ്വതസിദ്ധമായ രീതിയിൽ കളിക്കാൻ അവന് രോഹിത് ശർമയും രാഹുൽ ദ്രാവിഡും അനുവദിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. സ്കൈ ഉദിക്കുകയും ഇന്ത്യയെ ഭാവിയിൽ അത് ഒരുപാട് നേട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്യും.”- ബ്രെറ്റ് ലീ പറഞ്ഞു.