അണ്ടർ 19 കിരീടജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് ക്രിക്കറ്റ് ലോകത്ത് നിന്നും വാനോളം പ്രശംസ.ശക്തരായ ഇംഗ്ലണ്ട് ടീമിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് അഞ്ചാമത്തെ അണ്ടർ 19 കിരീടം സ്വന്തമാക്കിയ ഇന്ത്യൻ സംഘം അപൂർവ്വ നേട്ടത്തിനും അവകാശികളായി മാറി. ഐസിസി അണ്ടർ 19 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അധികം കിരീടം നേടുന്ന ടീമായ ഇന്ത്യൻ ടീമിന് ഇപ്പോൾ വമ്പൻ സമ്മാനത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് ജയത്തിന്റെ ഭാഗമായ ഓരോ താരത്തിനും 40 ലക്ഷം രൂപയും ഒപ്പം സപ്പോർട്ടിങ് ആൻഡ് കോച്ചിംഗ് സ്റ്റാഫിലെ ഓരോ അംഗത്തിനും 25 ലക്ഷം രൂപയും നൽകാനാണ് ബിസിസിഐ തീരുമാനം.
യുവ താരങ്ങളുടെ ഈ പ്രകടനം വളരെ ഏറെ അഭിമാനം സമ്മാനിക്കുന്നു എന്ന് പറഞ്ഞ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. അത്യന്തം വാശി നിറഞ്ഞ ഫൈനലിൽ നാല് വിക്കറ്റിനാണ് യാഷ് ദൂൽ നയിച്ച ഇന്ത്യൻ സംഘം കിരീടം നേടിയത്. ഇതിന് മുൻപ് ഇന്ത്യൻ ടീം 2000, 2008,2012,2018 വർഷങ്ങളിൽ അണ്ടർ 19 കിരീടം നേടിയ ഇന്ത്യൻ ടീം കരുത്തരായ ഓസ്ട്രേലിയൻ ടീമിനെ സെമിയിലും വീഴ്ത്തിയിരുന്നു. കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിനോട് ഇന്ത്യൻ സംഘം ഫൈനലിൽ തോറ്റിരുന്നു.
ഫൈനലിൽ ബൗളർമാർ അവരുടെ പതിവ് മികവ് പുലർത്തിയപ്പോൾ ഇംഗ്ലണ്ട് ടോട്ടൽ 189 റൺസിൽ ഒതുങ്ങി. മറുപടി ബാറ്റിങ്ങിൽ ഹർനൂർ സിങ്ങും (21) ഷെയ്ക് റഷീദും (50) സഖ്യം രണ്ടാമത്തെ വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഇന്ത്യൻ റൺസ് ചെസ് എളുപ്പമായി. ശേഷം രാജ് ബാവയും (35) നിശാന്ത് സിന്ധുവും (50*) ചേർന്ന് 67 റൺസ് പാർട്ണർഷിപ്പ് സൃഷ്ടിച്ചാണ് ഇന്ത്യൻ സംഘത്തെ ജയത്തിലേക്ക് എത്തിച്ചത്.