2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിൽ നിന്ന് പിന്മാറി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകൻ ബെൻ സ്റ്റോക്സ്. 33കാരനായ സ്റ്റോക്സ് 2023 ഇന്ത്യൻ പ്രീമിയർ ലീഗിലാണ് അവസാനമായി കളിച്ചത്. അന്ന് ചെന്നൈ ടീമിന്റെ താരമായിരുന്നു സ്റ്റോക്സ്. തന്റെ ജോലിഭാരവും ഫിറ്റ്നസും കണക്കിലെടുത്ത് സ്റ്റോക്സ് 2024 ഐപിഎല്ലിൽ നിന്ന് ഒഴിവായിരുന്നു.
പിന്നീടാണ് ഇപ്പോൾ 2025 ലേലത്തിൽ നിന്നും സ്റ്റോക്സ് പിന്മാറിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഐപിഎല്ലിലെ പുതിയ നിയമമനുസരിച്ച് വരും വർഷത്തിലെ ലേലത്തിലും സ്റ്റോക്സിന് പങ്കെടുക്കാൻ സാധിക്കില്ല. അതേസമയം വമ്പൻ താരങ്ങൾ തന്നെയാണ് ഇത്തവണത്തെ മെഗാ ലേലത്തിൽ അണിനിരക്കുന്നത്.
ഫ്രാഞ്ചൈസികൾ റിലീസ് ചെയ്ത ഇന്ത്യൻ താരങ്ങളൊക്കെയും വലിയ അടിസ്ഥാന തുകയ്ക്ക് തന്നെയാണ് ഇത്തവണത്തെ ലേലത്തിലേക്ക് എത്തുന്നത്. 2 കോടി രൂപയാണ് ഒരു താരത്തിന് അവകാശപ്പെടാൻ സാധിക്കുന്ന ഏറ്റവും വലിയ അടിസ്ഥാന തുക. നിലവിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത്, ലക്നൗവിന്റെ മുൻ നായകൻ കെ എൽ രാഹുൽ, കൊൽക്കത്തയുടെ മുൻ നായകൻ ശ്രേയസ് അയ്യർ എന്നിവരൊക്കെയും 2 കോടി രൂപ അടിസ്ഥാനതുക നിശ്ചയിച്ചാണ് ലേലത്തിന് എത്തിയിരിക്കുന്നത്. രാജസ്ഥാൻ റിലീസ് ചെയ്ത അശ്വിൻ, ചാഹൽ എന്നിവരും 2 കോടി രൂപയാണ് തങ്ങളുടെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്.
2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിന് ശേഷം പരിക്കിന്റെ പിടിയിലായ മുഹമ്മദ് ഷാമിയും ഇത്തവണത്തെ ലേലത്തിനുണ്ട്. 2 കോടി രൂപയാണ് ഷാമിയുടെയും അടിസ്ഥാന തുക. ഖലീൽ അഹമ്മദ്, ദീപക് ചാഹർ, വെങ്കിടേഷ് അയ്യർ, ആവേശ് ഖാൻ, ഇഷാൻ കിഷൻ, മുകേഷ് കുമാർ, ഭുവനേശ്വർ കുമാർ, പ്രസീദ് കൃഷ്ണ, നടരാജൻ, ദേവദത്ത് പടിക്കൽ, ക്രൂനാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, അർഷദീപ് സിംഗ്, ഷർദുൽ താക്കൂർ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാണ് അടിസ്ഥാന തുകയായി 2 കോടി രൂപ തിരഞ്ഞെടുത്തിരിക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ.
കഴിഞ്ഞ ഐപിഎൽ ലേലത്തിൽ ആരും സ്വന്തമാക്കാതിരുന്ന പൃഥ്വി ഷായും സർഫറാസ് ഖാനും 75 ലക്ഷം രൂപ മാത്രമാണ് തങ്ങളുടെ അടിസ്ഥാന തുകയായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ലേലത്തിൽ റെക്കോർഡ് തുക സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കിനെയും കൊൽക്കത്ത ഇത്തവണ കൈവിട്ടിട്ടുണ്ട്. 2 കോടി രൂപ അടിസ്ഥാന വിലയ്ക്കാവും സ്റ്റാർക്ക് ഇത്തവണത്തെ ലേലത്തിന് എത്തുക.
2014 ന് ശേഷം ട്വന്റി20 ക്രിക്കറ്റിൽ അണിനിരക്കാതിരുന്ന മുൻ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സൺ ഇത്തവണത്തെ ലേലത്തിൽ അണിനിരക്കുന്നുണ്ട്. ഇതാദ്യമായാണ് ആൻഡേഴ്സൺ ഒരു ഐപിഎൽ സീസണിൽ കളിക്കാൻ ഒരുങ്ങുന്നത്. 1.25 കോടി രൂപയാണ് ആൻഡേഴ്സന്റെ അടിസ്ഥാന തുക.