സഞ്ജുവിനെ പോലെ കഴിവുള്ളവരെ എത്ര നാൾ മാറ്റിനിർത്താൻ പറ്റും. പിന്തുണയുമായി ബേസിൽ ജോസഫ്.

0
1

പലതവണ നിർഭാഗ്യം കൊണ്ട് ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനം നഷ്ടമായിട്ടുള്ള ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. പലപ്പോഴും ഇന്ത്യൻ ടീമിൽ അവസരങ്ങൾ സഞ്ജുവിന് ലഭിക്കാറില്ല. എന്നാൽ ശക്തമായ ഒരു തിരിച്ചുവരവിന് തന്നെയാണ് സഞ്ജു സാംസൺ ഇപ്പോൾ ശ്രമിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ 5 മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. ഇതിനുശേഷം സഞ്ജുവിന് പിന്തുണയുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് അടുത്ത സുഹൃത്തും സെലിബ്രിറ്റിയുമായ ബേസിൽ ജോസഫ്. സഞ്ജു സാംസൺ എത്രയും പെട്ടെന്ന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ബേസിൽ സംസാരിച്ചത്.

“എല്ലായിപ്പോഴും ഇന്ത്യൻ ടീമിൽ വളരെ സജീവമായി നിൽക്കുന്ന ആളാണ് അദ്ദേഹം. സഞ്ജു ഒരു പോസിറ്റീവായുള്ള വ്യക്തി തന്നെയാണ്. എത്രയൊക്കെ അവഗണിക്കപ്പെട്ടാലും ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താനുള്ള അവസരങ്ങൾ സഞ്ജു തന്നെ സൃഷ്ടിക്കും. അതിനായുള്ള പരിശ്രമങ്ങളും അയാൾ തുടരും. ഇപ്പോൾ നടക്കുന്ന ഐപിഎല്ലും സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള ഒരു മാർഗമാണ്. എന്നിരുന്നാലും തിരിച്ചുവരവ് എന്ന് പറയാൻ അദ്ദേഹം എങ്ങും പോയിട്ടൊന്നുമില്ല.”- ബേസിൽ ജോസഫ് പറയുന്നു.

“ബിസിസിഐ തങ്ങളുടെ വാർഷിക കരാറിൽ സഞ്ജുവിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ഇന്ത്യൻ ടീമിലേക്ക് തിരികെവരാനുള്ള ഒരു സാധ്യത ഉയർത്തുന്നു. സഞ്ജുവിനെ പോലെ ഒരു പ്രതിഭയെ ഒരുപാട് കാലം മാറ്റിനിർത്താൻ ആർക്കും സാധിക്കില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച മൂന്നോ നാലോ ഇന്നിംഗ്സുകൾ കളിക്കുകയാണെങ്കിൽ സഞ്ജുവിന് തിരികെ ടീമിലെത്താൻ സാധിക്കും. ഒരു കാരണവശാലും അയാളെ മാറ്റിനിർത്താൻ സാധിക്കില്ല. സഞ്ജുവിന്റെ കഴിവിനെ എല്ലാവരും അംഗീകരിച്ചു കൊടുക്കേണ്ടി തന്നെ വരും.”- ബേസിൽ ജോസഫ് കൂട്ടിച്ചേർക്കുന്നു.

നിലവിൽ രാജസ്ഥാൻ റോയൽസിനായി നായകൻ എന്ന നിലയിലും മികച്ച പ്രകടനങ്ങളാണ് സഞ്ജു സാംസൺ കാഴ്ചവയ്ക്കുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച 5 മത്സരങ്ങളിൽ നാലെണ്ണത്തിനും രാജസ്ഥാനെ വിജയത്തിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. മാത്രമല്ല ഇതുവരെ ഈ സീസണിൽ 2 അർത്ഥസെഞ്ച്വറികൾ സഞ്ജു നേടിയിട്ടുണ്ട്. രണ്ടു മത്സരങ്ങളിൽ പൂജ്യനായി പുറത്തായെങ്കിലും അവസാന മത്സരത്തിൽ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് സഞ്ജു നടത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here