ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസൺ ഈ മാസം 22ന് ആരംഭിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഈ സീസണിലെ ആദ്യ മത്സരം നടക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീമാണ് ബാംഗ്ലൂർ.
എന്നാൽ ഐപിഎൽ തുടക്കം മുതൽ ഇതുവരെ കപ്പ് ഉയർത്താനുള്ള ഭാഗ്യം ബാംഗ്ലൂരിന് ലഭിച്ചിട്ടില്ല. പലപ്പോഴും തങ്ങളുടെ ടീമിൽ മികച്ച താരങ്ങളുണ്ടെങ്കിലും പലരും അവസരത്തിനൊത്ത് ഉയരാത്തതാണ് ബാംഗ്ലൂരിന് കിരീടം ഉയർത്താൻ സാധിക്കാത്തതിൽ പ്രധാന കാരണം. എന്നാൽ ഇത്തവണ ബാംഗ്ലൂർ തന്നെ ഐപിഎല്ലിന്റെ കിരീടം ചൂടും എന്ന പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
ഇത്തവണത്തെ ബാംഗ്ലൂരിന്റെ താരനിര അതിശക്തമാണെന്ന് ഇർഫാൻ പത്താൻ കരുതുന്നു. ഇത്തവണ ബാംഗ്ലൂർ കിരീടം ഉയർത്തും എന്ന് പറഞ്ഞതിന്റെ കാരണവും പത്താൻ വിശദീകരിക്കുകയുണ്ടായി.
“വളരെ മികച്ച ടീമിനെ തന്നെയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഇത്തവണ ലഭിച്ചിരിക്കുന്നത്. അവരുടെ ബാറ്റിംഗ് അതിശക്തമായിട്ടുണ്ട്. വാലറ്റ ബാറ്റർമാർ വരെ വളരെ തിളങ്ങാൻ ശേഷിയുള്ളവരാണ്. മുൻപ് ഇത്തരത്തിൽ ബാറ്റിംഗ് നിര അവർക്ക് ഉണ്ടായിരുന്നില്ല. പല സമയത്തും അവരെ ബാധിക്കുന്നത് മോശം ബോളിംഗ് പ്രകടനങ്ങൾ തന്നെയാണ്.”
“എന്നാൽ ഇത്തവണ ബാംഗ്ലൂരിന്റെ ബോളിങ്ങിലും വലിയ മെച്ചങ്ങൾ ഉണ്ടായിരിക്കുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൂടുതൽ വേഗത്തിൽ പന്തറിയുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. 140ന് മുകളിൽ തുടർച്ചയായി പന്തറിയാൻ സാധിച്ചാൽ അത് ചിന്നസ്വാമിയിൽ ഗുണം ചെയ്യും.”- പത്താൻ പറയുന്നു.
“ചിന്നസ്വാമിയിലെ പിച്ച് എപ്പോഴും ഫ്ലാറ്റാണ്. ബാറ്റിംഗിന് അനുകൂലമായ മൈതാനമാണത്. അതിനാൽ തന്നെ നിലവിലുള്ള ബോളർമാരെ വെച്ച് ബാംഗ്ലൂരിന് കപ്പടിക്കാൻ സാധിക്കുമോ എന്നത് വലിയ ആശങ്കയായി തന്നെ ആരാധകർക്കിടയിൽ പോലും നിലനിന്നേക്കാം. എന്നാൽ ഇത്തവണ അവർ മികച്ചുനിൽക്കും എന്നാണ് ഞാൻ കരുതുന്നത്. മാത്രമല്ല 2008 മുതൽ ഐപിഎൽ കിരീടത്തിൽ സ്പർശിക്കാനായി കാത്തിരിക്കുകയാണ് വിരാട് കോഹ്ലി.”- പത്താൻ കൂട്ടിച്ചേർത്തു.
ഫാഫ് ഡുപ്ലസിസ് നയിക്കുന്ന ബാംഗ്ലൂർ ടീമിൽ വമ്പൻ താരങ്ങളുടെ ഒരു നിര തന്നെയാണ് ഉള്ളത്. സൂപ്പർ താരം വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, ക്യാമറോൺ ഗ്രീൻ, ദിനേശ് കാർത്തിക്, രജത് പട്ടിദാർ എന്നിവർ ടീമിന്റെ ബാറ്റിംഗ് ശക്തിയാണ്. എന്നിരുന്നാലും പലപ്പോഴും ബാംഗ്ലൂരിന്റെ ബാറ്റിംഗിനെ കോഹ്ലിയുടെയും ഡുപ്ലസ്സിയുടെയും പ്രകടനം വളരെയധികം ആശ്രയിച്ചിരിക്കുന്നു.
പലപ്പോഴും മാക്സ്വെൽ സ്ഥിരത പുലർത്താത്തതും ബാംഗ്ലൂരിനെ ബാധിക്കാറുണ്ട്. എന്നാൽ ഈ സീസണിൽ ഇതൊക്കെയും മാറ്റിവെച്ച് കൂട്ടായ പരിശ്രമത്തോടെ കിരീടം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബാംഗ്ലൂർ എത്തുന്നത്.