ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്താഫ്രിക്ക 250 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ 110 ന് 4 എന്ന നിലയില്‍ നിന്നും ഡേവിഡ് മില്ലറുടേയും ക്ലാസന്‍റെയും അര്‍ദ്ധസെഞ്ചുറി പ്രകടനത്തിലൂടെയാണ് സൗത്താഫ്രിക്ക മികച്ച സ്കോറിലെത്തിയത്.
ഇരുവരും 139 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. 65 പന്തില്‍ നിന്നാണ് ക്ലാസന്‍ 74 റണ്‍സെടുത്തത്. ആറ് ഫോറും രണ്ട് സിക്‌സും ഇന്നിഗ്‌സില്‍ ഉള്‍പ്പെടുന്നു. മില്ലര്‍ 63 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 75 റണ്‍സ് നേടി.
ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളും ഇരുവര്‍ക്കും തുണയായി. നിര്‍ണ്ണായകമായ നിരവധി ക്യാച്ചുകളും ബൗണ്ടറികളുമെല്ലാം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു.
ആവേശ് ഖാന്‍ എറിഞ്ഞ 38-ാം ഓവറില്‍ മാത്രം രണ്ട് ക്യാച്ചുകളാണ് ഫീല്‍ഡര്‍മാര്‍ പാഴാക്കിയത്. ആദ്യത്തേത് മുഹമ്മദ് സിറാജും രണ്ടാമത്തേത് രവി ബിഷ്‌ണോയിയും. തൊട്ടുപിന്നാലെ ഇഷാന്‍ കിഷന്‍ ഒരു ബൗണ്ടറി വിട്ടുകൊടുക്കുകയും ചെയ്തു.
ഈ ഓവറില്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് മാതൃകയായി ബോള്‍ബോയ് ഒരു ക്യാച്ച് നേടിയിരുന്നു. ഡേവിഡ് മില്ലറടിച്ച സിക്സില്‍ വളരെ സുന്ദരമായാണ് ബോള്‍ ബോയ് ആ പന്ത് കൈപിടിയില്‍ ഒതുക്കിയത്.