2023 ഏഷ്യാകപ്പ് ഫൈനലിൽ ആധികാരികമായ വിജയങ്ങളോടെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. പാക്കിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയും തട്ടുപൊളിപ്പൻ പ്രകടനങ്ങൾ പുറത്തെടുത്താണ് ഇന്ത്യ ഏഷ്യാകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇന്ത്യക്കായി ഇരു മത്സരങ്ങളിലും മികച്ച ബോളിംഗ് പ്രകടനമാണ് സ്പിന്നർമാർ കാഴ്ചവച്ചത്.
കുൽദീപ് യാദവും രവീന്ദ്ര ജഡേജയും അടക്കമുള്ള സ്പിന്നർമാർ മികവ് പുലർത്തിയതാണ് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത്. എന്നാൽ മറ്റൊരു സ്പിന്നറായ അക്ഷർ പട്ടേലിന് തനിക്ക് ലഭിച്ച അവസരം നന്നായി ഉപയോഗിക്കാൻ സാധിക്കാതെ വന്നു. നേപ്പാളിനും പാകിസ്ഥാനുമെതിരെ ടീമിൽ ഇടം ലഭിക്കാതിരുന്ന അക്ഷർ ശ്രീലങ്കക്കെതിരെ പരാജയമായി മാറുകയായിരുന്നു. അക്ഷറിനെ വിമർശിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്.
അക്ഷറിന്റെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ പ്രകടനം പരിഹാസത്തോടുകൂടിയാണ് സൽമാൻ ബട്ട് നോക്കി കാണുന്നത്. കൊളംബോ മൈതാനത്ത് അക്ഷറിന് ടേൺ ലഭിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തി എന്ന് സൽമാൻ പറയുന്നു. “മത്സരത്തിൽ അക്ഷർ പട്ടേലിന്റെ ബോളിംഗ് പ്രകടനം നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും രവീന്ദ്ര ജഡേജയുടെയുണ്ട് രവിചന്ദ്രൻ അശ്വിന്റെയും അടുത്തെത്തുന്ന ബോളറല്ല അക്ഷർ പട്ടേൽ. മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ അക്ഷറിന് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
പക്ഷേ കൊളംബോ പോലെ ഒരു പിച്ചിൽ പോലും അക്ഷറിന് ടേൺ ലഭിക്കാതെ പോയി എന്നത് നമ്മൾ കാണേണ്ടതാണ്. ഇത്തരമൊരു പിച്ചിൽ ടേൺ ചെയ്യാൻ സാധിച്ചില്ലെങ്കിൽ മറ്റ് എവിടെ അവന് ടേൺ ലഭിക്കാനാണ്? മത്സരത്തിൽ വലിയ ടേൺ പിച്ചിൽ നിന്ന് ലഭിച്ചിരുന്നു.അസലങ്ക പോലും നാല് വിക്കറ്റുകൾ നേടുകയുണ്ടായി. പക്ഷേ അക്ഷറിന് മാത്രം അത് ലഭിച്ചില്ല. ഇക്കാര്യം വളരെയധികം ശ്രദ്ധിക്കണം.”- ബട്ട് പറയുന്നു.
ഇതിനൊപ്പം മത്സരത്തിലെ കുൽദീപിന്റെ പ്രകടനത്തെയും ബട്ട് അഭിനന്ദിക്കുകയുണ്ടായി. “മത്സരത്തിൽ കുൽദീവ് യാദവും രവീന്ദ്ര ജഡേജയും മികച്ച ബോളിംഗ് പ്രകടനം തന്നെയാണ് നടത്തിയത്. ഇരുവർക്കും പന്ത് നല്ല രീതിയിൽ റിലീസ് ചെയ്യാൻ സാധിച്ചു. വായുവിൽ പന്ത് തിരിയ്ക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. അതേസമയം ടൂർണമെന്റിലൂടനീളം പാക്കിസ്ഥാൻ ബോളർമാരൊക്കെയും പന്തിനെ അനാവശ്യമായി പുഷ് ചെയ്യാനാണ് ശ്രമിക്കുന്നത്.”- സൽമാൻ ബട്ട് കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇത്തവണത്തെ ഏഷ്യാകപ്പിൽ വിക്കറ്റ് വേട്ടക്കാരന്മാരിൽ ഒന്നാം സ്ഥാനത്താണ് കുൽദീപ് യാദവ് നിൽക്കുന്നത്. ഏകദിന ലോകകപ്പിന് മുൻപ് കുൽദീപ് ഇത്തരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. മാത്രമല്ല ഏഷ്യാകപ്പ് ഫൈനലിലും കുൽദീപ് ഈ പ്രകടനം ആവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ അനായാസം ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് സ്വന്തമാക്കാനും സാധിക്കും.