2023 ഏഷ്യാകപ്പിൽ നിന്ന് പാക്കിസ്ഥാനെ ചവിട്ടി പുറത്താക്കി ശ്രീലങ്ക. പാക്കിസ്ഥാനെതിരായ മത്സരത്തിൽ 2 വിക്കറ്റിന്റെ ഉഗ്രൻ വിജയം നേടിക്കൊണ്ടാണ് ശ്രീലങ്ക ഫൈനലിലേക്ക് പ്രവേശിച്ചത്. ഫൈനലിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികൾ. മറുവശത്ത് പാകിസ്താനെ സംബന്ധിച്ച് മികച്ച പോരാട്ടവീര്യം പുറത്തെടുക്കാൻ സാധിച്ചിട്ടും മത്സരത്തിൽ വിജയം കാണാനായില്ല. ശ്രീലങ്കയ്ക്കായി പതിരാനയാണ് മത്സരത്തിൽ ബോളിങ്ങിൽ തിളങ്ങിയത്. ബാറ്റിംഗിൽ കുശാൽ മെൻഡിസും സമരവിക്രമയും അസലങ്കയും തട്ടുപൊളിപ്പൻ പ്രകടനം കാഴ്ചവച്ചു.
മഴമൂലം വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 42 ഓവർ മത്സരമായാണ് കളി ആരംഭിച്ചത്. പാക്കിസ്ഥാനായി ഷഫീഖ് ക്രീസിൽ ഉറയ്ക്കുകയുണ്ടായി. മത്സരത്തിൽ 69 പന്തുകളിൽ 52 റൺസാണ് ഷഫീഖ് നേടിയത്. എന്നാൽ പിന്നാലെയെത്തിയ ബാറ്റർമാർ ചെറിയ ഇടവേളയിൽ കൂടാരം കയറിയത് പാകിസ്താനെ ബാധിക്കുകയായിരുന്നു. ഒരു സമയത്ത് പാകിസ്ഥാൻ 130ന് 5 എന്ന നിലയിൽ തകർന്നു. എന്നാൽ പിന്നീട് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനും ഇഫ്തിക്കാർ അഹമ്മദും ചേർന്ന് പാക്കിസ്ഥാനെ കൈപിടിച്ചു കയറ്റി. മത്സരത്തിൽ റിസ്വാൻ 73 പന്തുകളിൽ 86 റൺസുമായി പുറത്താവാതെ നിന്നു. ഇന്നിംഗ്സിൽ 6 ബൗണ്ടറുകളും 2 സിക്സറുകളും ഉൾപ്പെട്ടിരുന്നു.
ഇഫ്തിക്കാർ അഹമ്മദ് 40 പന്തുകളിൽ 47 റൺസാണ് മത്സരത്തിൽ നേടിയത്. ഇങ്ങനെ നിശ്ചിത 42 ഓവറുകളിൽ 252 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ പാകിസ്ഥാൻ ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു. 253 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് തരക്കേടില്ലാത്ത തുടക്കം തന്നെയാണ് നിസ്സംഗ(29) നൽകിയത്. ഒപ്പം മൂന്നാമനായി ക്രീസിലെത്തിയ കുശാൽ മെൻഡിസ് ഉറച്ചതോടെ ശ്രീലങ്ക മത്സരത്തിൽ മുൻപിലെത്തി.
മെൻഡീസും സമരവിക്രമവും ചേർന്ന് 100 റൺസിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ ശ്രീലങ്കയ്ക്കായി കെട്ടിപ്പടുത്തത്. മെൻഡിസ് മത്സരത്തിൽ 87 പന്തുകളിൽ എട്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം 91 റൺസ് നേടി സമരവിക്രമ 51 പന്തുകളിൽ 48 റൺസ് ആണ് മത്സരത്തിൽ നേടിയത്.
എന്നാൽ ഇരുവരെയും ചെറിയ ഇടവേളയിൽ പുറത്താക്കി പാക്കിസ്ഥാൻ മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം വരെ പോരാട്ടം തുടരാൻ പാക്കിസ്ഥാന് സാധിച്ചു. അവസാന ഓവറിൽ 8 റൺസായിരുന്നു ശ്രീലങ്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ നാലു പന്തുകളും കൃത്യമായി എറിയാൻ സമൻ ഖാന് സാധിച്ചു. എന്നാൽ അഞ്ചാമത്തെ പന്ത് ബാറ്റർ അസലങ്കയുടെ എഡ്ജിൽ കൊണ്ട് ബൗണ്ടറി കടക്കുകയായിരുന്നു. അടുത്ത പന്തിൽ അതിവിദഗ്ധമായി 2 റൺസ് ഓടിയെടുത്ത് അസലങ്ക ശ്രീലങ്കയെ വിജയത്തിൽ എത്തിച്ചു. മത്സരത്തിൽ അസ്സലങ്ക 47 പന്തുകളിൽ 49 റൺസുമായി പുറത്താവാതെ നിന്നു. ശ്രീലങ്കയുടെ ഈ വിജയത്തോടുകൂടി പാകിസ്ഥാൻ ഏഷ്യാകപ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായിട്ടുണ്ട്.