2023 ഏഷ്യകപ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ വമ്പൻ തിരിച്ചടി നേരിട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. നിലവിൽ ഐസിസിയുടെ ഏകദിന റാങ്കിങ്ങിൽ തങ്ങളുടെ ഒന്നാം സ്ഥാനം പാക്കിസ്ഥാൻ ടീമിന് നഷ്ടപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ ആവേശ മത്സരത്തിലെ പരാജയമാണ് പാക്കിസ്ഥാന് തിരിച്ചടിയായി മാറിയത്.
ടൂർണമെന്റിലേക്ക് എത്തുമ്പോൾ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു പാകിസ്ഥാൻ ടീം. ഇപ്പോൾ രണ്ടു സ്ഥാനം പിന്തള്ളപ്പെട്ട് പാകിസ്ഥാന മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. നിലവിൽ 3102 പോയിന്റുകളും 115 റേറ്റിംഗുമാണ് പാക്കിസ്ഥാൻ ടീമിനുള്ളത്. അപ്രതീക്ഷിത തിരിച്ചടിയിലൂടെയാണ് പാകിസ്ഥാൻ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
പാക്കിസ്ഥാൻ മൂന്നാം സ്ഥാനത്ത് എത്തിയതോടുകൂടി ഓസ്ട്രേലിയ നിലവിൽ ഒന്നാം നമ്പർ ടീമായി മാറിയിട്ടുണ്ട്. 118 റേറ്റിംഗും 3061 പോയിന്റുകളുമായാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ പരാജയമറിഞ്ഞതോടെ ഇന്ത്യയുടെ സ്ഥാനത്തിലും ഉയർച്ച ഉണ്ടായിട്ടുണ്ട്.
ഇന്ത്യ ഒരു സ്ഥാനം മുൻപിലേക്ക് കയറി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. പാക്കിസ്ഥാൻ ഇന്ത്യയെക്കാൾ പിന്നിലേക്ക് പോവുകയും ചെയ്തു. നിലവിൽ രോഹിത് ശർമ്മ നായകനായുള്ള ഇന്ത്യൻ ടീമിന് 4516 പോയിന്റുകളും 116 റേറ്റിംഗും ആണുള്ളത്. റേറ്റിങ്ങിൽ പാക്കിസ്ഥാനെക്കാൾ ഒരു പോയിന്റ് മുൻപിലാണ് ഇന്ത്യ നിൽക്കുന്നത്.
2023 ഏഷ്യാകപ്പിലേക്ക് വളരെ പ്രതീക്ഷയോടെ തന്നെയായിരുന്നു പാക്കിസ്ഥാൻ ടീം എത്തിയത്. തങ്ങളുടെ നാട്ടിൽ മത്സരം നടക്കുന്നതിനാൽ തന്നെ വലിയ ആവേശത്തിലാണ് പാകിസ്ഥാൻ ടൂർണമെന്റിനെ നോക്കി കണ്ടത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നേപ്പാൾ ടീമിനെതിരെ 238 റൺസിന്റെ ഒരു വമ്പൻ വിജയം നേടാൻ പാകിസ്ഥാന് സാധിച്ചിരുന്നു. പിന്നീട് അവരുടെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടു. ശേഷം ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ സൂപ്പർ വിജയം നേടിയാണ് പാക്കിസ്ഥാൻ സൂപ്പർ 4 റൗണ്ടിലേക്ക് യോഗ്യത കൈവരിച്ചത്. എന്നാൽ സൂപ്പർ 4ൽ ഇന്ത്യ, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരെ തുടർച്ചയായ പരാജയം പാക്കിസ്ഥാന് നേരിടേണ്ടി വന്നു.
ഇതോടെ രണ്ടുതവണ ഏഷ്യകപ്പ് ചാമ്പ്യന്മാരായിട്ടുള്ള പാക്കിസ്ഥാൻ ടൂർണമെന്റിന് പുറത്തേക്കും പോയിട്ടുണ്ട്. നിലവിൽ ഇന്ത്യയും ശ്രീലങ്കയുമാണ് ഏഷ്യാകപ്പ് 2023 ഫൈനലിനുള്ള യോഗ്യത നേടിയിരിക്കുന്നത്. ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ഒരുപാട് വിജയം കൊയ്തിട്ടുള്ള ടീമുകളാണ് രണ്ടും. ഇന്ത്യ 7 തവണ ഏഷ്യാകപ്പ് ചാമ്പ്യന്മാരായി മാറിയപ്പോൾ, 6 തവണയാണ് ശ്രീലങ്ക ചാമ്പ്യന്മാരായത്. സെപ്റ്റംബർ 17ന് കൊളംബോയിലാണ് കലാശ പോരാട്ടം നടക്കുന്നത്.