ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ചെപ്പോക്കിലെ രണ്ടാം ദിനം പന്ത് കൊണ്ട് സ്റ്റാറായത് ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് .ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ടോട്ടലിന് മറുപടിയായി ഇറങ്ങിയ ഇംഗ്ലണ്ട് ടീം 134 റണ്‍സില്‍ ഒതുങ്ങിയപ്പോൾ ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിൻ 23.5 ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. അശ്വിന്‍ ചെപ്പോക്കിലെ തന്റെ ഹോം ഗ്രൗണ്ടിൽ ഇംഗ്ലണ്ട് നിരയെ ചുരുട്ടികെട്ടിയപ്പോൾ കൂടെ ഒരുപിടി അപൂർവ്വ നേട്ടങ്ങളും താരത്തിന് സ്വന്തമായി .
അശ്വിന്റെ ടെസ്റ്റ് കരിയറിലെ ഇരുപത്തിയൊമ്പതാം 5 വിക്കറ്റ് നേട്ടമാണ് ഇന്നലെ നേടിയത് . അതേസമയം ഹോം വേദികളില്‍ അശ്വിന്‍റെ 23-ാം അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണ് ചെപ്പോക്കില്‍ പിറന്നത്. 89 ഹോം ടെസ്റ്റുകളില്‍ 22 തവണ അഞ്ച് വിക്കറ്റ് നേട്ടമുണ്ടാക്കിയ ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സനെയാണ് അശ്വിൻ പിന്നിലാക്കിയത്.ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരന്‍(45), രങ്കണ ഹെറാത്ത്(26), അനില്‍ കുംബ്ലെ(25) എന്നിവരാണ് ഇനി പട്ടികയിൽ അശ്വിന്‍റെ മുന്നിലുള്ളത്. താരത്തിന്റെ 76 ആം ടെസ്റ്റ് മത്സരമാണിത് .
കൂടാതെ ടെസ്റ്റില്‍ സ്വന്തം നാട്ടിലെ വിക്കറ്റുകളുടെ എണ്ണത്തില്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ പിന്നിലാക്കുവാനും അശ്വിന് ചെപ്പോക്കിൽ സാധിച്ചു .നാട്ടിൽ കളിച്ച 45 മത്സരങ്ങളില്‍ 267 വിക്കറ്റാണ് അശ്വിന്‍റെ സമ്പാദ്യം. 265 ടെസ്റ്റ് വിക്കറ്റുകളായിരുന്നു സ്വന്തം മണ്ണിൽ ഹർഭജന്റെ നേട്ടം .
ടെസ്റ്റിലെ 5 വിക്കറ്റ് നേട്ടങ്ങളിലും അശ്വിൻ കുതിക്കുകയാണ് .കരിയറിലെ 76 ടെസ്റ്റുകള്‍ക്കിടെ അശ്വിന്‍ 29-ാം തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്തിനൊപ്പം പട്ടികയിൽ ഏഴാമത് എത്തുവാൻ അശ്വിനായി. 67 അഞ്ച് വിക്കറ്റ് നേട്ടവുമായി ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടെസ്റ്റിലെ 5 വിക്കറ്റ് പ്രകടനങ്ങളിൽ ഒന്നാമത്. ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെ(35) മാത്രമാണ് അശ്വിന് മുൻപിൽ ഇനിയുള്ളത് .
എന്നാൽ ടെസ്റ്റ് ചരിത്രത്തിലെ ഒരു അത്യപൂർവ റെക്കോർഡും അശ്വിൻ സ്വന്തം പേരിലാക്കി .ടെസ്റ്റ് ക്രിക്കറ്റില്‍ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍മാരെ 200 തവണ പുറത്താക്കുന്ന ആദ്യ ബൗളറാണ് അശ്വിന്‍. ഇംഗ്ലീഷ് നിരയിൽ സ്റ്റുവര്‍ട്ട് ബ്രോഡിനെ ക്ലീൻ ബൗൾഡ് ആകിയയാണ് രവിചന്ദ്രൻ അശ്വിന്‍ ഈ നേട്ടത്തിലെത്തിയത്. താരം നേരത്തെ മത്സരത്തിൽ ഇടംകൈയൻ ബാറ്റ്സ്മാൻ ബെൻ സ്റ്റോക്സിനെയും മനോഹരമായ പന്തിൽ പുറത്താക്കിയിരുന്നു .