സാമാന്യ ബുദ്ധിയില്ലാത്ത അർഷദീപിന്റെ ഷോട്ട്. ധോണിയാക്കാനുള്ള ശ്രമമാണോ ?

അത്യന്തം ആവേശകരമായ മത്സരമായിരുന്നു ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടന്ന ആദ്യ ഏകദിന പോരാട്ടം. വിജയത്തിന്റെ വക്കിൽ നിന്നാണ് ശ്രീലങ്ക  മത്സരത്തിൽ സമനില കണ്ടെത്തിയത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ സ്കോർ പിന്തുടർന്ന ഇന്ത്യ അല്പം വിയർത്തീട്ടാണെങ്കിലും വിജയത്തിന്റെ പടിവാതിൽ വരെ എത്തിയിരുന്നു.

2 വിക്കറ്റുകൾ കയ്യിലുള്ളപ്പോൾ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് ഒരു റൺ മാത്രമാണ്. പക്ഷേ അത് നേടിയെടുക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. അതുവരെ ഇന്ത്യൻ ടീമിനെ മുന്നിലേക്ക് നയിച്ച ശിവം ദുബെ, ഒരു റൺ വേണ്ടപ്പോൾ വീഴുകയായിരുന്നു. ശേഷമെത്തിയ അർഷദീപ് എങ്ങനെയെങ്കിലും ഒരു റൺ സ്വന്തമാക്കും എന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത്.

എന്നാൽ താരത്തിൽ നിന്ന് പക്വതയാർന്ന പ്രകടനം ഉണ്ടായില്ല എന്നതാണ് വാസ്തവം. 14 പന്തുകളിൽ ഒരു റണ്ണായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ അവശേഷിച്ച 2 പന്തുകൾ അർഷദീപ് പ്രതിരോധിച്ചിരുന്നുവെങ്കിലും മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി മാറിയേനെ. എതിർ ക്രീസിൽ നിൽക്കുന്ന സിറാജ് അതിനോടകം തന്നെ തനിക്ക് ടീമിനെ വിജയിപ്പിക്കാൻ സാധിക്കുമെന്ന് തെളിയിച്ചതുമാണ്. പക്ഷേ ആ സമയത്ത് അർഷദീപ് ഒരു ധോണി സ്റ്റൈൽ ഫിനിഷിനാണ് ശ്രമിച്ചത്. ശ്രീലങ്ക തങ്ങളുടെ ഫീൽഡർമാരെ ഒക്കെയും 30 വാര സർക്കിളിനുള്ളിലേക്ക് കയറ്റി നിർത്തിയ സമയത്ത് അവർക്കു മുകളിലൂടെ ഒരു ബൗണ്ടറി നേടി വിജയം സ്വന്തമാക്കാൻ അർഷദീപ് ശ്രമിച്ചു.

ഇത് ഇന്ത്യയ്ക്ക് തിരിച്ചടി ഉണ്ടാക്കുകയായിരുന്നു. ഒരു സ്ലോഗ് സ്വീപ്പിന് അർഷദീപ് ശ്രമിച്ചെങ്കിലും പന്ത് ബാറ്റിൽ കൊണ്ടില്ല. നേരെ കാലിലാണ് പന്ത് പതിച്ചത്. തൊട്ടു പിന്നാലെ ശ്രീലങ്കൻ താരങ്ങൾ വലിയ അപ്പീൽ ചെയ്യുകയും അമ്പയർ അത് ഔട്ട് വിധിക്കുകയുമാണ് ചെയ്തത്. ഇതിന് പിന്നാലെ ഇന്ത്യ റിവ്യൂ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടുകൂടി അർഷദീപ് ഇന്ത്യയുടെ വില്ലനായി മാറുകയാണ് ഉണ്ടായത്. ഒരിക്കലും ഒരു റിസ്കി ഷോട്ട് കളിക്കേണ്ട സമയമായിരുന്നില്ല അത്. അർഷദീപിന്റെ മണ്ടൻ തീരുമാനമാണ് മത്സരത്തിൽ ഇന്ത്യയുടെ പരാജയത്തിന് കാരണമായത് എന്ന് ഉറപ്പാണ്.

ഇതിന് പിന്നാലെ അർഷദീപിനെതിരെ ഇന്ത്യൻ ആരാധകരും രംഗത്ത് വരികയുണ്ടായി. “അർഷദീപ് സിംഗ് എന്ത് ഷോട്ടാണ് അവിടെ കളിച്ചത്? എന്തൊരു മണ്ടത്തരമാണ് അവൻ കാട്ടിയത്. ഗംഭീർ അർഷദീപിന് സാമാന്യബുദ്ധി പറഞ്ഞു കൊടുക്കേണ്ടതായിരുന്നു. ഒരു റൺ. മാത്രമായിരുന്നു ഇന്ത്യയ്ക്ക് ആവശ്യം അതുകൊണ്ടുതന്നെ അസലങ്ക കൃത്യമായി സ്റ്റമ്പിലേക്കാണ് പന്ത് എറിഞ്ഞത്. ഈ സമയത്ത് പ്രതിരോധമായിരുന്നു ഏറ്റവും നല്ല ആയുധം. ഒരു ഐഡിയയും ഇല്ലാതെയാണ് സിക്സർ സ്വന്തമാക്കാൻ അർഷദീപ് ശ്രമിച്ചത്.”- ഒരു ആരാധകൻ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിച്ചു.

Previous article“സഞ്ജു ഒരു പോരാളിയാണ്, ഒരു മോശം പരമ്പര കൊണ്ട് വിധിയെഴുതരുത്” പിന്തുണയുമായി ദിനേശ് കാർത്തിക്.
Next article“വാലറ്റക്കാരിൽ നിന്ന് റൺസ് പ്രതീക്ഷിക്കരുത്, പക്ഷേ അവർക്ക് സാമാന്യബോധം വേണം”. മുൻ ഇന്ത്യൻ താരം