“വാലറ്റക്കാരിൽ നിന്ന് റൺസ് പ്രതീക്ഷിക്കരുത്, പക്ഷേ അവർക്ക് സാമാന്യബോധം വേണം”. മുൻ ഇന്ത്യൻ താരം

IMG 20240803 WA0019

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ കേവലം സമനിലയിൽ ഇന്ത്യയ്ക്ക് ഒതുങ്ങേണ്ടിവന്നു. മത്സരത്തിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റുകൾ ശേഷിക്കെ ഒരു റൺ മാത്രമായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഈ സമയത്ത് പ്രധാന താരമായ ശിവം ദുബെയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.

ശേഷമെത്തിയ അർഷദീപ് സിംഗ് അനാവശ്യ ഷോട്ട് കളിച്ച് പുറത്തായതോടെ ഇന്ത്യ മത്സരത്തിൽ സമനില വഴങ്ങുകയായിരുന്നു. മത്സരത്തിലെ അർഷദീപിന്റെ നിരുത്തരവാദപരമായ ഈ ഷോട്ടിനെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ ദോടാ ഗണേഷ്.

ഒരു കാരണവശാലും അർഷദീപ് ആ സമയത്ത് അത്തരമൊരു ഷോട്ട് തിരഞ്ഞെടുക്കാൻ തയ്യാറാവരുതായിരുന്നു എന്നാണ് ഗണേഷ് പറയുന്നത്. വാലറ്റ ബാറ്റർമാർ റൺസ് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാൻ ഒരിക്കലും ഒരു ടീമിന് സാധിക്കില്ലന്നും, എന്നാൽ കുറച്ച് പ്രായോഗികമായി ഇത്തരം താരങ്ങൾ ബാറ്റിംഗിനെ കാണണമെന്നും ഗണേഷ് പറഞ്ഞു. “ഒരിക്കലും വാലറ്റ ബാറ്റർമാരിൽ നിന്ന് നമുക്ക് റൺസ് പ്രതീക്ഷിക്കാൻ സാധിക്കില്ല. എന്നാൽ എല്ലാ ക്രിക്കറ്റർമാർക്കും മത്സരത്തെക്കുറിച്ച് കുറച്ചെങ്കിലും സാമാന്യ ബോധ്യം ഉണ്ടാവണം. ഒരു കാരണവശാലും അർഷദീപ് സിംഗിന്റെ ആ ഷോട്ട് ഇന്ത്യൻ പരിശീലകൻ ഗംഭീറിനെ സന്തോഷവാനാകില്ല.”- ഗണേഷ് പറഞ്ഞു.

Read Also -  സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

മത്സരത്തിൽ ശ്രീലങ്ക നടത്തിയ ഉഗ്രൻ തിരിച്ചുവരവിനെ പ്രശംസിക്കാനും ഗണേഷ് മറന്നില്ല. ശ്രീലങ്കൻ ടീമിനെ സംബന്ധിച്ച് ഇതൊരു പുത്തൻ ഉണർവാണ് എന്ന് ഗണേഷ് പറയുകയുണ്ടായി. “മത്സരം സമനിലയിലാണ് അവസാനിച്ചത്. ശ്രീലങ്കൻ ബോളർമാർ കൃത്യമായി അവസരത്തിനൊത്ത് ഉയരുകയുണ്ടായി. നിലവിൽ ശ്രീലങ്ക വളരെ മോശം പ്രകടനങ്ങളാണ് കാഴ്ചവച്ചു വരുന്നത്. അങ്ങനെയുള്ളപ്പോൾ ഇത്തരമൊരു സമനില അവർക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നതാണ്.”- ഗണേഷ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

മുൻപ് ഇന്ത്യയ്ക്കെതിരായ 3 ട്വന്റി20 മത്സരങ്ങളിലും ശ്രീലങ്ക പരാജയം നേരിട്ടിരുന്നു. അവസാന മത്സരത്തിൽ വിജയത്തിനടുത്ത് എത്തിയ ശ്രീലങ്ക അനാവശ്യമായി പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇതിന് ശേഷം ശ്രീലങ്കൻ ടീമിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നു.

ഒരുകാലത്ത് ക്രിക്കറ്റിൽ വമ്പൻ ശക്തിയായിരുന്ന ശ്രീലങ്ക തകർന്ന് വീഴുന്നു എന്നു പോലും ആരാധകർ വിലയിരുത്തുകയുണ്ടായി. ശേഷമാണ് ഇന്ത്യയെപ്പോലെ ഒരു ശക്തമായ ടീമിനെതിരെ തിരിച്ചുവരവ് നടത്തി ശ്രീലങ്ക മികവ് പുലർത്തിയിരിക്കുന്നത്. 2 ഏകദിന മത്സരങ്ങൾ കൂടിയാണ് പരമ്പരയിൽ അവശേഷിക്കുന്നത്.

Scroll to Top