ഇംഗ്ലണ്ടിന് എതിരായ മൂന്നാമത്തെ ടി :20യിൽ 17 റൺസിന്റെ തോൽവിയാണ് രോഹിത് ശർമ്മയും ടീമും നേരിട്ടത്. പരമ്പര 2-1നേടി എങ്കിലും ഇന്ത്യൻ ടീം ഈ ഒരു തോൽവി ആഗ്രഹിച്ചിരുന്നില്ല. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ തുടർച്ചയായി 14 ജയങ്ങൾ ടി :20യിൽ സ്വന്തമാക്കിയ ഇന്ത്യക്ക് ആ റെക്കോർഡ് നഷ്ടമാകുന്നത് കൂടി ഇന്നലത്തെ തോൽവിക്ക് പിന്നാലെ കാണാൻ സാധിച്ചു. ഇന്നലെ ഫ്ലാറ്റ് വിക്കറ്റിൽ ഹർഷൽ പട്ടേൽ ഒഴികെയുള്ള പേസർമാർക്ക് മികവിലേക്ക് ഉയരുവാനായി കഴിയാതെ പോയതാണ് ഇന്ത്യൻ തോൽവിക്കുള്ള കാരണം.
ഇന്നലത്തെ കളിയിൽ എല്ലാവരിലും ഞെട്ടലും നിരാശയും സമ്മാനിച്ചത് യുവ പേസർ ഉമ്രാൻ മാലിക്കാണ്. തന്റെ മൂന്നാമത്തെ മാത്രം അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ താരം ജേസൺ റോയുടെ വിക്കെറ്റ് നേടിയെങ്കിലും നാല് ഓവറിൽ 56 റൺസ് വഴങ്ങി. ഇതോടെ ടി :20 ക്രിക്കറ്റിലെ ഒരു നാണക്കേട് റെക്കോർഡും ഉമ്രാൻ മാലിക്കിന്‍റെ തലയിലായി.
അന്താരാഷ്ട്ര ടി :20യിൽ ഏറ്റവും അധികം റൺസ് ഒരു മത്സരത്തിൽ വഴങ്ങുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി ഉമ്രാൻ മാലിക്ക് മാറി.ഇക്കഴിഞ്ഞ ഐപിൽ സീസണിൽ ഹൈദരാബാദ് ടീമിനായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ച ഉമ്രാന് പക്ഷെ ഇന്ത്യൻ ജേഴ്സിയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല. താരത്തിന്‍റെ ഈ മോശം പ്രകടനം ലോകക്കപ്പ് സ്ക്വാഡില്‍ ഇടം നേടാനുള്ള പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്
ഇന്നലെ മത്സരത്തിൽ സിക്സും ഫോറും വളരെ അനായാസം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ ഉമ്രാൻ മാലിക്കിന്‍റെ ഓവറുകളിൽ നേടി. ഇതോടെയാണ് യുവ താരം നാണക്കേടിന്‍റെ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. 2018ൽ സൗത്താഫ്രിക്കക്ക് എതിരായ കളിയിൽ ചാഹൽ 64 റൺസ് നാല് ഓവറിൽ വഴങ്ങിയതാണ് ഇതുവരെയുള്ള ഇന്ത്യൻ ബൗളറുടെ മോശം പ്രകടനം . 2007ൽ ഇംഗ്ലണ്ടിനെതിരായി 57 റണ്‍സ് വഴങ്ങിയ ജോഗീന്ദർ ശർമ്മയാണ് ഈ ലിസ്റ്റിൽ രണ്ടാമത്. ഇന്നലെ 56 റൺസ് വഴങ്ങിയ ഉമ്രാൻ, ഈ മോശം നേട്ടത്തിന്റെ പട്ടികയിൽ മൂന്നാമത് എത്തി.