കേരള ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ തകർപ്പൻ ഫോമിന്റെ ഫലമായി നവംബർ 29 ന് ആരംഭിക്കാനിരിക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പര്യടനത്തിനായി ഇന്ത്യന്‍ A ടീമില്‍ അവസരം ലഭിച്ചിരുന്നു.
ഐപിഎൽ2023 ലേലത്തിന് ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ കേരള താരം ഒന്നിലധികം ഫ്രാഞ്ചൈസികളുടെ ട്രയൽസിൽ പങ്കെടുത്തു. ഡിസംബർ 23 ന് കൊച്ചിയിൽ നടക്കുന്ന മിനി ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരുമായി മാച്ച് സിമുലേഷൻ സെഷനുകളിൽ പങ്കെടുത്തതായി കേരള ഓപ്പണർ സ്പോർട്സ്സ്റ്റാറിനോട് പറഞ്ഞു.
തന്റെ സീനിയർ കേരള ടീമംഗവും രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസണാണ് തന്നെ രാജസ്ഥാനൊപ്പം ട്രയൽസിലേക്ക് നയിച്ചതെന്ന് കുന്നുമ്മൽ പറഞ്ഞു.
“ഞാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളുടെ ട്രയൽസിൽ പങ്കെടുത്തിരുന്നു. എനിക്ക് രണ്ട് ട്രയലുകൾക്ക് കൂടി കോളുകൾ ലഭിച്ചിരുന്നു, പക്ഷേ ഞങ്ങളുടെ സംസ്ഥാന-ടീം മത്സരങ്ങൾ കാരണം എനിക്ക് അവയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിനും നോക്കൗട്ടിനും ഇടയിലുള്ള ഇടവേളയിലാണ് ഞാൻ മൂന്ന് സെഷനുകളിൽ പങ്കെടുത്തത്.
“സഞ്ജു (സാംസൺ) ഭായ് രാജസ്ഥാനിലെ ട്രയൽസിന് ഞങ്ങളിൽ ചിലരെ കൊണ്ടുപോയിരുന്നു. RR, DC എന്നിവയ്‌ക്കൊപ്പമുള്ള മാച്ച് സിമുലേഷനുകളിൽ മികച്ച പ്രകടനം നടത്താൻ എനിക്ക് കഴിഞ്ഞു. വ്യക്തമായും, ലേലത്തിലെ തിരഞ്ഞെടുപ്പ് എന്റെ കൈയിലല്ല, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, ”കുന്നുമ്മൽ കൂട്ടിച്ചേർത്തു.
2022-ൽ 24-കാരൻ തകർപ്പൻ പ്രകടനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഈ വർഷമാദ്യം രഞ്ജി ട്രോഫി 2021-22 സീസണിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കുന്നുമ്മൽ കേരളത്തിനായി തുടർച്ചയായി മൂന്ന് സെഞ്ചുറികൾ നേടി. സെപ്തംബറിൽ സൗത്ത് സോണിന് വേണ്ടിയുള്ള ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ തുടർച്ചയായി നാലാം സെഞ്ചുറിയുമായി രോഹൻ ശ്രദ്ധ നേടിയിരുന്നു.
ബംഗ്ലാദേശ് എയ്‌ക്കെതിരെ ഇന്ത്യ എ ടീം രണ്ട് ചതുര് ദിന മത്സരങ്ങൾ കളിക്കും. ഡിസംബർ പകുതി മുതൽ ബംഗ്ലാദേശിൽ നടക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായ മുതിർന്ന ഇന്ത്യൻ താരങ്ങളായ ചേതേശ്വര് പൂജാര, ഉമേഷ് യാദവ് എന്നിവരും ഡിസംബർ 6 മുതൽ നടക്കുന്ന രണ്ടാം ചതുര് ദിന മത്സരത്തിനുള്ള എ ടീമിൽ ഇടംനേടിയട്ടുണ്ട്. ഇവരോടൊപ്പമാണ് രോഹന്‍ കുന്നുമ്മല്‍ ഡ്രസിങ്ങ് റൂം പങ്കിടുന്നത്.