2023ൽ വരാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്ക് സഞ്ജു സാംസനെ ഇന്ത്യ പരിഗണിക്കണമെന്ന അഭ്യർത്ഥനയുമായി മുൻ ഇന്ത്യൻ താരം അമോൾ മജുംദാർ. രാജസ്ഥാൻ റോയൽസിനായി സഞ്ജു സമീപകാലത്ത് പുറത്തെടുത്ത വമ്പൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മജുംദാറിന്റെ ഈ വാദം. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജു സാംസൺ കുറച്ചധികം അവസരങ്ങൾ അർഹിക്കുന്നുണ്ട് എന്നാണ് മജുംദാർ പറയുന്നത്. കുറച്ചു മത്സരങ്ങളിൽ സഞ്ജു പരാജയപ്പെട്ടാലും ടീം മാനേജ്മെന്റ് അയാളെ കൂടുതൽ മത്സരങ്ങളിൽ പരിഗണിക്കണമെന്നും മജുംദാർ പറയുന്നു. അങ്ങനെയെങ്കിൽ സഞ്ജു ഇന്ത്യയുടെ ഗെയിം ചേഞ്ചറായി മാറും എന്നാണ് മജുംദാർ പ്രതീക്ഷിക്കുന്നത്.
“ലോകകപ്പാണ് വരാൻ പോകുന്നത്. സഞ്ജു സാംസനെ ഇന്ത്യ ലോകകപ്പിൽ പരിഗണിക്കാൻ തയ്യാറാവണം. ഒരുപാട് കഴിവുകളുള്ള ക്രിക്കറ്ററാണ് സാംസൺ. അതിനാൽ തന്നെ ഇന്ത്യൻ ടീമിൽ എത്തിയാൽ അയാൾ മികച്ച ഒരു ഗെയിം ചേഞ്ചറായി മാറും എന്ന കാര്യത്തിൽ സംശയമില്ല. അദ്ദേഹത്തിന് വലിയ അവസരങ്ങൾ നൽകാൻ ഇന്ത്യ തയ്യാറാവണം. നമ്മൾ അയാളെ കണ്ടെത്തിയിരിക്കുകയാണ്. ഇനി നമ്മൾ അയാൾക്ക് ആവശ്യമായ അവസരങ്ങളും പിന്തുണയും നൽകണം. ഒരുപക്ഷേ അയാൾ ആദ്യ കുറച്ചു മത്സരങ്ങളിൽ സഞ്ജു പരാജയപ്പെട്ടേക്കാം. പക്ഷേ ഒരുപാട് കഴിവുകളുള്ള ക്രിക്കറ്ററാണ് സഞ്ജു സാംസൺ. തീർച്ചയായും ഞാൻ എന്റെ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തും.”- മജുംദാർ പറയുന്നു.
മുൻപ് മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡിയും സഞ്ജുവിന്റെ പ്രകടനത്തെ പറ്റി സംസാരിച്ചിരുന്നു. “സഞ്ജു എത്ര റൺസ് നേടി എന്നത് ഞാൻ പരിഗണിക്കുന്നില്ല. മത്സരത്തിന്റെ സമ്മർദ്ദ സാഹചര്യങ്ങളിൽ എതിർ ടീമിനെതിരെ പോരാട്ടം നയിക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജുവിന് അന്താരാഷ്ട്ര ലെവലിൽ കൂടുതൽ മത്സരങ്ങൾ നൽകിയാൽ അയാൾ രണ്ടുകയ്യും നീട്ടി സ്വീകരിക്കും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.”- മൂഡി കൂട്ടിച്ചേർത്തു.
ഗുജറാത്തിനെതിരായ രാജസ്ഥാന്റെ മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു കാഴ്ചവച്ചത്. 32 പന്തുകളിൽ സഞ്ജു സാംസൺ മത്സരത്തിൽ 60 റൺസ് നേടുകയുണ്ടായി. വരും മത്സരങ്ങളിലും ഇത്തരത്തിൽ സഞ്ജു പ്രകടനങ്ങൾ തുടരുകയാണെങ്കിൽ ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല.