വാങ്കഡേയിൽ “സിക്സർ അഭിഷേകം”. 37 പന്തിൽ സെഞ്ച്വറി നേടി അഭിഷേക് ശർമ.

ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ അഭിഷേക് ശർമയുടെ നരനായാട്ട്. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ മുഴുവൻ ബോളർമാരെയും തകർത്തടിച്ച് ഒരു ഉഗ്രൻ സെഞ്ച്വറിയാണ് അഭിഷേക് ശർമ സ്വന്തമാക്കിയത്. മത്സരത്തിൽ 37 പന്തുകളിൽ നിന്നായിരുന്നു അഭിഷേക് ശർമയുടെ കിടിലൻ സെഞ്ച്വറി പിറന്നത്. ഇന്നിംഗ്സിൽ 5 ബൗണ്ടറുകളും 10 സിക്സറുകളും ഉൾപ്പെട്ടു. പവർപ്ലേ ഓവറുകളിലെ കടന്നാക്രമണമാണ് മത്സരത്തിൽ അഭിഷേക് ശർമയ്ക്ക് ഇത്ര വേഗതയേറിയ ഒരു സെഞ്ച്വറി സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ ഓപ്പണറായാണ് അഭിഷേക് ശർമ ക്രീസിലെത്തിയത്. തുടക്കത്തിൽ സഞ്ജു സാംസണാണ് ആക്രമണം അഴിച്ചുവിട്ടത്. എന്നാൽ സഞ്ജു പുറത്തായ ശേഷം അഭിഷേക് ശർമ ഇംഗ്ലണ്ട് ബോളർമാരെ തലങ്ങും വിലങ്ങും പായിക്കുന്നതാണ് മത്സരത്തിൽ കണ്ടത്. പവർപ്ലേ ഓവറുകളിലെ ആധിപത്യം പൂർണമായും മുതലെടുത്ത് ഇംഗ്ലണ്ട് ബോളർമാരെ കണക്കിന് തല്ലാൻ അഭിഷേക് ശർമയ്ക്ക് സാധിച്ചു. കൃത്യമായ പന്തുകൾ തിരഞ്ഞെടുത്തു ബൗണ്ടറികൾ പായിക്കുക എന്നതായിരുന്നു അഭിഷേകിന്റെ ലക്ഷ്യം. കേവലം 17 പന്തുകളിലാണ് അഭിഷേക് മത്സരത്തിൽ തന്റെ അർദ്ധസെഞ്ച്വറി പൂർത്തീകരിച്ചത്.

ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർദ്ധ സെഞ്ച്വറിയാണ് മത്സരത്തിൽ അഭിഷേക് സ്വന്തമാക്കിയത്. 12 പന്തുകളിൽ അർത്ഥ സെഞ്ച്വറി സ്വന്തമാക്കിയ യുവരാജ് സിങ്ങിന് ശേഷം ഇപ്പോൾ അഭിഷേക് ശർമയും ഈ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നു. തന്റെ അർത്ഥ സെഞ്ചുറി പൂർത്തീകരിച്ച ശേഷവും യാതൊരു തരത്തിലും പിന്നിലേക്ക് പോകാൻ അഭിഷേക് തയ്യാറായില്ല. തനിക്ക് ലഭിച്ച മോശം പന്തുകളെയൊക്കെയും അഭിഷേക് പവർപ്ലേയ്ക്ക് ശേഷവും അടിച്ചകറ്റി. അഭിഷേകിന് മുൻപിൽ ഒരു ഉത്തരവും ഇല്ലാതെയാണ് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ കാണപ്പെട്ടത്.

മത്സരത്തിൽ 37 പന്തുകളിൽ നിന്നാണ് അഭിഷേക് ശർമ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 5 ബൗണ്ടറികളും 10 പടുകൂറ്റൻ സിക്സറുകളുമാണ് ഉൾപ്പെട്ടത്. അഭിഷേക് ശർമയുടെ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാം സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ പിറന്നത്. മുൻപ് സിംബാബ്വെയ്ക്കെതിരായ തന്റെ അരങ്ങേറ്റ പരമ്പരയിൽ സെഞ്ചുറി സ്വന്തമാക്കാൻ അഭിഷേകിന് സാധിച്ചിരുന്നു. എന്തായാലും മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ തുടക്കം തന്നെയാണ് അഭിഷേക് ശർമ ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്.