ബാറ്റിംഗിലും ബോളിങ്ങിലും ഇന്ത്യൻ സ്വാഗ്. 150 റൺസിന്റെ കൂറ്റൻ വിജയവുമായി ഇന്ത്യ.

ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്കായി മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങിയത് അഭിഷേക് ശർമയാണ്. ഒരു തകർപ്പൻ സെഞ്ച്വറി അഭിഷേക് ശർമ മത്സരത്തിൽ സ്വന്തമാക്കിയിരുന്നു. കേവലം 37 പന്തുകളിൽ നിന്നാണ് അഭിഷേക് തന്റെ രണ്ടാം ട്വന്റി20 സെഞ്ച്വറി പൂർത്തീകരിച്ചത്. ബോളിങ്ങിൽ എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യ ഒരു കൂറ്റൻ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് സഞ്ജു സാംസൺ നൽകിയത്. 7 പന്തുകളിൽ 16 റൺസ് നേടി ഇന്ത്യയുടെ വെടിക്കെട്ടിന് തുടക്കമിടാൻ സഞ്ജുവിന് സാധിച്ചു. ശേഷം അഭിഷേക് ശർമയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ ഇന്നിങ്സിൽ കണ്ടത്. തുടക്കം മുതൽ ഒടുക്കം വരെ അഭിഷേക് ഇന്ത്യയ്ക്കായി ക്രീസിൽ തുടർന്നു. കേവലം 17 പന്തുകളിലായിരുന്നു അഭിഷേക് തന്റെ ഫിഫ്റ്റി പൂർത്തീകരിച്ചത്. ശേഷം വീണ്ടും അഭിഷേക് ആക്രമണം അഴിച്ചുവിട്ടു. മത്സരത്തിൽ ഒരു കിടിലൻ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്.

54 പന്തുകളിൽ 7 ബൗണ്ടറികളും 13 സിക്സറുകളും ഉൾപ്പെടെ 135 റൺസ് ആണ് അഭിഷേക് ശർമ നേടിയത്. ഒപ്പം ഇന്ത്യക്കായി 13 പന്തുകളിൽ 30 റൺസ് നേടിയ ശിവം ദുബെയും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ഇതോടെ ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 247 എന്ന മാമത്ത് സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴച്ചു. ഓപ്പണർ ഡക്കറ്റിനെ പുറത്താക്കി ഷാമിയാണ് ഇന്ത്യൻ ആക്രമണത്തിന് ആരംഭം കുറിച്ചത്. പിന്നാലെ മറ്റു ബോളർമാരും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഇംഗ്ലണ്ട് മത്സരത്തിൽ പിന്നിലേക്ക് പോവുകയായിരുന്നു.

ഇംഗ്ലണ്ട് നിരയിൽ 23 പന്തുകളിൽ 55 റൺസ് നേടിയ ഫില്‍ സോൾട് ആണ് അല്പമെങ്കിലും പിടിച്ചുനിന്നത്. മറ്റു ബാറ്റർമാരെല്ലാവരും ക്രീസിലുറയ്ക്കാൻ ഒരുപാട് ബുദ്ധിമുട്ടി. ഇതോടെ ഇംഗ്ലണ്ട് കേവലം 97 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. വലിയ പരിക്കിനു ശേഷം മത്സരത്തിലേക്ക് തിരികെയെത്തിയ മുഹമ്മദ് ഷാമി ഇന്ത്യക്കായി 3 വിക്കറ്റുകൾ സ്വന്തമാക്കി. വരുൺ ചക്രവർത്തി, ശിവം ദുബെ, അഭിഷേക് ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പിന്തുണയും നൽകി. ഈ വിജയത്തോടെ പരമ്പര 4- 1 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യൻ യുവനിരക്ക് സാധിച്ചു.