വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ അവിചാരിതമായ പരാജയമാണ് ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ്, നായകൻ പവലിന്റെയും(48) നിക്കോളാസ് പൂരന്റെയും(41) ബലത്തിൽ 149 റൺസ് ആദ്യ ഇന്നിങ്സിൽ കൂട്ടിച്ചേർക്കുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതൽ അടിപതറുന്നതാണ് കണ്ടത്.
അരങ്ങേറ്റക്കാരനായ തിലക് വർമ 22 പന്തുകളിൽ 39 റൺസ് നേടി മികവു കാട്ടിയെങ്കിലും മറ്റു ബാറ്റർമാർ പരാജയപ്പെടുകയായിരുന്നു. ഇത് ഇന്ത്യൻ പരാജയത്തിൽ വലിയൊരു പങ്കുവഹിച്ചു. മത്സരത്തിൽ 4 റൺസിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരശേഷം പരാജയത്തെപ്പറ്റി നായകൻ ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ തങ്ങൾ വരുത്തിയ ചെറിയ പിഴവുകളാണ് പരാജയത്തിന് കാരണമെന്ന് ഹർദിക് പാണ്ഡ്യ പറഞ്ഞു. “ഞങ്ങൾ ചെയ്സിങ്ങിൽ ഒരുപാട് മുൻപിലായിരുന്നു. മാത്രമല്ല മികച്ച നിലയിലും എത്തിയിരുന്നു. പക്ഷേ അതിനിടയിൽ വരുത്തിയ ചെറിയ പിഴവുകൾ മത്സരം പരാജയപ്പെടാൻ കാരണമായി. ഒരു യുവതാരങ്ങളുടെ നിര എന്ന നിലയിൽ ഇത്തരം തെറ്റുകൾ ഉണ്ടാവാം.
ഇതിൽ നിന്നാണ് യുവനിര വളർന്നു വരേണ്ടത്. മത്സരത്തെ കൃത്യമായി നിയന്ത്രിക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. അത് ഈ മത്സരത്തിലെ ഞങ്ങളുടെ പോസിറ്റീവ് തന്നെയാണ്. ഇനിയും നാലു മത്സരങ്ങൾ കൂടി വരാനിരിക്കുന്നു.”- ഹർദിക് പാണ്ഡ്യ പറഞ്ഞു.
“ട്വന്റി20 ക്രിക്കറ്റിൽ നമുക്ക് വിക്കറ്റുകൾ നഷ്ടമാവുകയാണെങ്കിൽ ചേസിങ് പ്രയാസകരമായി മാറും. അതുതന്നെയാണ് മത്സരത്തിൽ സംഭവിച്ചത്. 2-3 ബൗണ്ടറികൾ ഒരു പക്ഷേ മൊമന്റം നമ്മുടെ കയ്യിൽ തന്നേനെ. എന്നാൽ തുടർച്ചയായി വിക്കറ്റ് നഷ്ടമായത് ഞങ്ങളെ ബാധിച്ചു. മത്സരത്തിൽ മൂന്ന് സ്പിന്നർമാരെ അണിനിരത്തിയത് പിച്ചിന്റെ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു. മാത്രമല്ല രണ്ട് റിസ്റ്റ് സ്പിന്നർമാരെയും കളിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. ബാറ്റിംഗിൽ കൂടി പ്രയോജകമായി മാറും എന്നതുകൊണ്ടാണ് അക്ഷറിനെ ടീമിൽ ഉൾപ്പെടുത്തിയത്. അത് കൃത്യമായ കോമ്പിനേഷനാണ് എന്നാണ് ഞാൻ കരുതുന്നത്.”- പാണ്ഡ്യ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം അരങ്ങേറ്റക്കാരായ മുകേഷ് കുമാറിനെ പറ്റിയും തിലക് വർമയെപ്പറ്റിയും ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി. “കഴിഞ്ഞ രണ്ട് ആഴ്ചകളിലായി മുകേഷ് കുമാർ ഇന്ത്യൻ ടീമിനൊപ്പമുണ്ട്. എല്ലാ ഫോർമാറ്റിലും അയാൾ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മുകേഷ് മികച്ച ബോളറാണ്. ടീമിനായി എപ്പോഴും സംഭാവനകൾ നൽകാൻ അയാൾ തയ്യാറാണ്. ഈ മത്സരത്തിലും രണ്ട് തകർപ്പൻ ഓവറുകൾ മുകേഷ് എറിഞ്ഞു.
അതുപോലെ തന്നെയാണ് തിലക് വർമ്മയും. അയാൾ തന്റെ ഇന്നിംഗ്സ് ആരംഭിച്ച രീതി വളരെ സന്തോഷം നൽകുന്നതാണ്. രണ്ട് സിക്സറുകൾ നേടി തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിക്കുക എന്നത് ചെറിയ കാര്യമല്ല. അയാൾക്ക് നല്ല ആത്മവിശ്വാസവുമുണ്ട്. ഭാവിയിൽ ഇന്ത്യക്കായി തിലകിന് അത്ഭുതം കാട്ടാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- പാണ്ഡ്യ പറഞ്ഞുവയ്ക്കുന്നു.