ദിയോദർ ട്രോഫി ഫൈനലിൽ രോഹൻ കുന്നുമ്മൽ സംഹാരം. 75 പന്തുകളിൽ 107 റൺസ്, ടീമിന്റെ വിജയശില്പി.

image

ദിയോദർ ട്രോഫിയുടെ ഫൈനൽ മത്സരത്തിൽ സൗത്ത് സോൺ ടീമിന്റെ വിജയശിൽപിയായി മലയാളി താരം രോഹൻ കുന്നുമ്മൽ. ഫൈനലിൽ അത്യുഗ്രൻ പ്രകടനം കാഴ്ചവച്ച സൗത്ത് സോണിനെ വിജയത്തിലെത്തിക്കാൻ രോഹൻ കുന്നുമ്മലിന് സാധിച്ചു. മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ സെഞ്ചുറി തന്നെയായിരുന്നു മലയാളി താരം രോഹൻ കുന്നുമ്മൽ നേടിയത്.

സൗത്ത് സോണിന്റെ ഓപ്പണറായി മൈതാനത്തെത്തിയ കുന്നുമ്മൽ ബൗണ്ടറികൾ കൊണ്ട് പ്രഹരം തീർക്കുകയായിരുന്നു. ഷഹബാസ് അഹമ്മദും ആകാശ് ദ്വീപും റിയാൻ പരഗുമടങ്ങുന്ന ഈസ്റ്റ് സോൺ ബോളിംഗ് നിരയെ പൂർണമായും പഞ്ഞിക്കിട്ട ഇന്നിംഗ്സാണ് രോഹൻ കുന്നുമ്മൽ കാഴ്ചവച്ചത്.

മത്സരത്തിൽ ടോസ് നേടിയ സൗത്ത് സോൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമിന് ഒരു തട്ടുപൊളിപ്പൻ തുടക്കം നൽകാൻ നായകൻ മായങ്ക് അഗർവാളിനും രോഹൻ കുന്നുമ്മലിനും സാധിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 181 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ഇതിൽ കുന്നുമ്മലിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും ബൗണ്ടറികൾ നേടിയാണ് രോഹൻ ഈ പ്രകടനം കാഴ്ചവച്ചത്. മത്സരത്തിൽ 75 പന്തുകൾ നേരിട്ടായിരുന്നു രോഹൻ കുന്നുമ്മൽ 107 റൺസ് നേടിയത്. ഇന്നിംഗ്സിൽ 11 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു.

See also  ഗെയ്‌ലിന്റെയും കോഹ്ലിയുടെയും സെഞ്ച്വറി റെക്കോർഡ് മറികടന്ന് ജോസേട്ടൻ. സമ്പൂർണ ബട്ലർ ആധിപത്യം.

142 സ്ട്രൈക്ക് റേറ്റിലാണ് മലയാളി താരത്തിന്റെ ഈ വെടിക്കെട്ട്. മറുവശത്ത് ബാറ്റർമാരൊക്കെയും മികച്ച സ്ട്രൈക്ക് റേറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടിയ സമയത്താണ് രോഹൻ കുന്നുമ്മൽ സംഹാരമാടിയത്. മത്സരത്തിൽ 83 പന്തുകളിൽ 63 റൺസെടുത്ത മായങ്ക് അഗർവാളും 60 പന്തുകളിൽ 54 റൺസെടുത്ത ജഗദീശനും കുന്നുമ്മലിന് മികച്ച പിന്തുണ നൽകി. ഇതോടെ സൗത്ത് സോൺ തങ്ങളുടെ ഇന്നിംഗ്സിൽ 328 റൺസ് നേടുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോണിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. 14 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റുകൾ ഈസ്റ്റ് സോണിന് നഷ്ടമായി. പക്ഷേ റിയാൻ പരഗ് ഈസ്റ്റ് സോണിന്റെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയുണ്ടായി. മത്സരത്തിൽ 65 പന്തുകളിൽ 95 റൺസ് നേടിയാണ് പരഗ് ആക്രമണം അഴിച്ചുവിട്ടത്. എന്നിരുന്നാലും സൗത്ത് സോൺ ഉയർത്തിയ വിജയലക്ഷ്യത്തിന്റെ അടുത്തെത്താൻ ഈസ്റ്റ് സോണിന് സാധിച്ചില്ല.

മത്സരത്തിൽ 45 റൺസിന്റെ വിജയമാണ് സൗത്ത് സോൺ നേടിയത്. മലയാളി താരം രോഹൻ കുന്നുമ്മൽ തന്നെയാണ് മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ച്

Scroll to Top