വിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ലഭിച്ച അവസരം മുതലാക്കാനാവാതെ സഞ്ചു സാംസണ്‍. മത്സരത്തില്‍ 19 പന്തുകള്‍ നേരിട്ട താരം 9 റണ്‍സ് മാത്രമാണ് നേടാനായത്. കാരിയയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് സഞ്ചു മടങ്ങിയത്. ഇതോടെ ഇന്ത്യ 113 ന് 5 എന്ന നിലയിലായി.
2023 ലോകകപ്പില്‍ നാലാം നമ്പറില്‍ ആര് എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി അതിനുള്ള ഉത്തരം നല്‍കാനുള്ള അവസരമാണ് സഞ്ചു സാംസണ്‍ തുലച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 90 റണ്‍സാണ് ശുഭ്മാന്‍ ഗില്ലും (34) ഇഷാന്‍ കിഷനും (55) ചേര്‍ന്ന് കൂട്ടിചേര്‍ത്തത്. പിന്നാലെ ഇരുവരുടേയും വിക്കറ്റുകള്‍ നേടി വിന്‍ഡീസ് മത്സരത്തില്‍ തിരിച്ചെത്തി. അക്സര്‍ പട്ടേല്‍ (1) ഹര്‍ദ്ദിക്ക് പാണ്ട്യ (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍
രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും രണ്ടാം ഏകദിനത്തില്‍ നിന്നും വിശ്രമം എടുത്തതോടെയാണ് സഞ്ചു സാംസണിനു അവസരം ലഭിച്ചു. അക്സര്‍ പട്ടേലാണ് ടീമില്‍ ഇടം നേടിയ മറ്റൊരു താരം.