ഇത് ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് നിരയല്ല. 2003 ലോകകപ്പ് ചൂണ്ടിക്കാട്ടി സൗരവ് ഗാംഗുലി.

തങ്ങളുടെ ബോളിംഗ് മികവുകൊണ്ട് ലോക ക്രിക്കറ്റിനെ ആകെ ഞെട്ടിക്കുകയാണ് ഈ ലോകകപ്പിൽ ഇന്ത്യൻ നിര. തങ്ങൾക്കെതിരെ വന്ന മുഴുവൻ ടീമുകളെയും എറിഞ്ഞിടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഈ ടൂർണമെന്റിൽ എല്ലാ എതിർ ടീമുകളെയും ഓൾ ഔട്ടാക്കിയിട്ടുള്ള ഒരേയൊരു ടീമും ഇന്ത്യ മാത്രമാണ്. തങ്ങളുടെ അവസാനം 3 മത്സരങ്ങളിൽ ഇന്ത്യയുടെ എതിരാളികളാരും തന്നെ 180 റൺസിന് മുകളിൽ നേടിയിട്ടുമില്ല. ഇംഗ്ലണ്ടിനെ ഇന്ത്യ 129 റൺസിന് ഓൾ ഔട്ടാക്കി. ശ്രീലങ്കയെ 55 റൺസിന് പുറത്താക്കി.

ദക്ഷിണാഫ്രിക്കയെ 83 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ നിലവിലെ പേസ് ബോളിങ് നിരയാണ് ഏറ്റവും മികച്ചത് എന്ന അഭിപ്രായവുമായി ഒരുപാട് മുൻ താരങ്ങൾ രംഗത്ത് വരികയും ചെയ്തിരുന്നു. പക്ഷേ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസ് ബോളിംഗ് നിരയാണ് നിലവിലേത് എന്ന് പറയാൻ സാധിക്കില്ല എന്ന നിലപാടാണ് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി മുൻപിലേക്ക് വെച്ചിരിക്കുന്നത്.

2003 ഏകദിന ലോകകപ്പിലെ ഇന്ത്യൻ പേസ് ബോളർമാരുടെ മികവാർന്ന പ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൗരവ് ഗാംഗുലി തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. അന്ന് നായികനായിരുന്ന സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ വളരെ മികച്ച ബോളിംഗ് പ്രകടനമായിരുന്നു ഇന്ത്യയുടെ പേസർമാർ കാഴ്ചവച്ചത്.

“ഇന്ന് വരെയുള്ളതിൽ ഏറ്റവും മികച്ച ഇന്ത്യൻ പേസ് അറ്റാക്കാണ് ഇതെന്ന് ഞാൻ കരുതുന്നില്ല. 2003ലെ ഏകദിന ലോകകപ്പിൽ ആശിഷ് നെഹറ, സഹീർ ഖാൻ, ജവഗൽ ശ്രീനാഥ് എന്നിവർ ഇതിലും മികച്ച രീതിയിൽ പന്തറിഞ്ഞിരുന്നു.”- സൗരവ് ഗാംഗുലി പറയുന്നു. 2003 ഏകദിന ലോകകപ്പിൽ സഹീർ ഖാൻ 18 വിക്കറ്റുകളും, ജവഗൽ ശ്രീനാഥ് 16 വിക്കറ്റുകളും, നെഹ്റ 15 വിക്കറ്റുകളുമായിരുന്നു ഇന്ത്യക്കായി നേടിയിരുന്നത്. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഗാംഗുലിയുടെ പ്രസ്താവന.

എന്നിരുന്നാലും ഇത്തവണത്തെ ലോകകപ്പിലെ ഇന്ത്യൻ പേസ് നിരയുടെ ആക്രമണങ്ങൾ അങ്ങേയറ്റം ആവേശം നൽകുന്നതാണ് എന്നും ഗാംഗുലി കൂട്ടിച്ചേർക്കുകയുണ്ടായി. “പക്ഷേ ബുമ്ര, ഷാമി, സിറാജ് എന്നിവർ ബോൾ ചെയ്യുന്നത് എനിക്ക് ഒരുപാട് ആവേശം നൽകുന്നുണ്ട്. ബൂമ്രാ ടീമിലുള്ളപ്പോൾ അത് വലിയൊരു വ്യത്യാസം തന്നെ ടീമിൽ ഉണ്ടാക്കുന്നു. പന്ത് എറിയുന്ന 2 എൻഡിലും സമ്മർദ്ദം ചെലുത്താൻ ഇന്ത്യയ്ക്ക് സാധിക്കുന്നു. ഇപ്പോൾ ഒരു പെയറായി ഇന്ത്യ പന്തറിയുന്നുണ്ട്. മറ്റു 2 ബോളർമാരിലും വളരെ മികച്ച ഇമ്പാക്ട് ഉണ്ടാക്കാൻ ബൂമ്രയ്ക്കും സാധിക്കുന്നു.”- ഗാംഗുലി കൂട്ടിച്ചേർത്തു.

ഇതോടൊപ്പം ഇന്ത്യ ഈ ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ തന്നെ മുഹമ്മദ് ഷാമിയെ പ്ലെയിങ് ഇലവണിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു എന്നാണ് ഗാംഗുലി പറയുന്നത്. ടീമിലെത്തിയത് മുതൽ മുഹമ്മദ് ഷാമി വലിയ രീതിയിലുള്ള ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട് എന്നും ഗാംഗുലി അഭിപ്രായപ്പെടുന്നു

ഈ സാഹചര്യത്തിൽ ഇന്ത്യ ഇത്തവണ കിരീടം സ്വന്തമാക്കും എന്ന പ്രതീക്ഷയും ഗാംഗുലി പങ്കുവയ്ക്കുകയുണ്ടായി. നിലവിൽ പാക്കിസ്ഥാനോ ന്യൂസിലാൻഡോ ആവും ഇന്ത്യയ്ക്ക് സെമിഫൈനലിൽ എതിരാളികളായി എത്തുക.

Previous articleഓസീസിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു ഇന്ത്യയെ നയിക്കുമോ ? സൂചന നൽകി ഋതുരാജ് ഗെയ്ക്വാഡ്.
Next articleഇത് ഏകദിന ചരിത്രത്തിലെ ഏറ്റവും ശക്തമായ ഇന്ത്യൻ ടീം. പ്രസ്താവനയുമായി ദിനേശ് കാർത്തിക്..