“ഹെഡും അഭിഷേകും പിച്ച് മാറ്റിയിട്ടുണ്ടാവും”- രസകരമായ മറുപടിയുമായി കമ്മിൻസ്..

ലക്നൗ സൂപ്പർ ജയന്റ്സ് ടീമിനെതിരായ മത്സരത്തിൽ ഒരു കിടിലൻ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറുകളിൽ 165 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന്റെ പൂർണ്ണമായ സംഹാരമാണ് കാണാൻ സാധിച്ചത്.

ഹൈദരാബാദിനായി ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ച് കേവലം 10 ഓവറിനുള്ളിൽ തന്നെ മത്സരം വിജയിക്കുകയായിരുന്നു. മത്സരത്തിൽ 10 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് മത്സരത്തിൽ 30 പന്തുകളിൽ 8 ബൗണ്ടറികളും 8 സിക്സറുകളുമടക്കം 89 റൺസാണ് നേടിയത്. അഭിഷേക് ശർമ 28 പന്തുകളിൽ 8 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 75 റൺസ് നേടി. മത്സരത്തിലെ വമ്പൻ വിജയത്തിന് ശേഷം ഹൈദരാബാദ് നായകൻ കമ്മിൻസ് സംസാരിക്കുകയുണ്ടായി.

ആദ്യ ഇന്നിംഗ്സിന് ശേഷം പിച്ച് മാറിയോ എന്ന് ചോദ്യത്തിന് രസകരമായ മറുപടിയാണ് കമ്മിൻസ് നൽകിയത്. ഒരുപക്ഷേ ട്രാവിസ് ഹെഡും അഭിഷേക് ശർമയും പിച്ച് മാറ്റിയിട്ടുണ്ടാവും എന്നാണ് കമ്മിൻസ് ചെറുചേരിയോടെ പറഞ്ഞത്. “ഞങ്ങൾ അവർക്ക് പൂർണമായ സ്വാതന്ത്ര്യം നൽകി വിട്ടിരിക്കുകയാണ്.

വളരെ പോസിറ്റീവായ മനോഭാവമുള്ള 2 താരങ്ങളാണ് അഭിഷേകും ഹെഡും. ഒരു ബോളറായതിനാൽ തന്നെ എനിക്ക് അവർക്ക് വേണ്ട ഇൻപുട്ടുകൾ കൊടുക്കാൻ സാധിച്ചിരുന്നില്ല. ഹെഡ് കഴിഞ്ഞ 2 വർഷങ്ങളിൽ ഇത്തരത്തിലാണ് കളിക്കുന്നത്. മൈതാനത്തിന്റെ ഏത് ഏരിയയിലേക്കും ബൗണ്ടറികൾ നേടാൻ അവന് സാധിക്കും. പല പന്തുകളും അവന്റെ ബാറ്റിന്റെ മധ്യത്തിൽ തന്നെയാണ് കൊള്ളുന്നത്.”- കമ്മിൻസ് പറയുന്നു.

“അഭിഷേക് ശർമ സ്പിന്നിനും പേസിനുമെതിരെ അവിസ്മരണീയമായ രീതിയിൽ റൺസ് കണ്ടെത്താൻ സാധിക്കുന്ന ബാറ്ററാണ്. പവർപ്ലേ ഓവറകളിൽ 2 ഫീൽഡർമാർ മാത്രം പുറത്തുള്ളപ്പോൾ ഞങ്ങളുടെ ഈ 2 ഓപ്പണർമാർക്കെതിരെ പന്തറിയുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. മത്സരത്തിലെ വിക്കറ്റുകൾ മധ്യസമയത്ത് മെച്ചപ്പെടുകയുണ്ടായി. അതിനാലാണ് സ്കോർ ഈ രീതിയിൽ ഉയർന്നത്.

ബാറ്റർമാർ ഇത്തരത്തിൽ ആക്രമണം അഴിച്ചുവിടുമ്പോൾ ബോളർമാർക്ക് മുൻപിൽ മറ്റ് ഉത്തരങ്ങൾ ഒന്നുംതന്നെ ഉണ്ടാവാറില്ല. ഞങ്ങളുടെ ഓപ്പണർമാർ അവിശ്വസനീയ പ്രകടനമാണ് ഈ സീസണിൽ കാഴ്ച വെച്ചിട്ടുള്ളത്. എന്നിരുന്നാലും 10 ഓവറിനുള്ളിൽ വിജയം കണ്ടെത്തുക എന്നത് വിശ്വസിക്കാൻ പോലും സാധിക്കാത്തതാണ്.”- കമ്മിൻസ് കൂട്ടിച്ചേർത്തു.

ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ വമ്പൻ മുന്നേറ്റം ഉണ്ടാക്കാൻ ഹൈദരാബാദിന് സാധിച്ചിട്ടുണ്ട്. നിലവിൽ 12 മത്സരങ്ങളിൽ 14 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. മറുവശത്ത് പരാജയത്തോടെ ലക്നൗവിന്റെ കാര്യവും വലിയ പരുങ്ങലിലായിട്ടുണ്ട്. വരാനിരിക്കുന്ന 2 മത്സരങ്ങളിലും വമ്പൻ വിജയം നേടിയാൽ മാത്രമേ ലക്നൗവിന് പ്ലെയോഫിലേക്ക് യോഗ്യത നേടാൻ സാധിക്കൂ. നിലവിൽ കൊൽക്കത്ത, രാജസ്ഥാൻ, ഹൈദരാബാദ്, ചെന്നൈ എന്നീ ടീമുകളാണ് ആദ്യ 4 സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

Previous articleഇത് പഴയ സഞ്ജുവല്ല, “2.0” വേർഷൻ. തിരിച്ചറിവുകൾ അവനെ സഹായിച്ചെന്ന് സിദ്ധു.
Next articleസഞ്ജു ആദ്യ ചോയ്സ് കീപ്പറായി ലോകകപ്പിൽ കളിക്കണം : കുമാർ സംഗക്കാര പറയുന്നു.