സഞ്ജു ആദ്യ ചോയ്സ് കീപ്പറായി ലോകകപ്പിൽ കളിക്കണം : കുമാർ സംഗക്കാര പറയുന്നു.

c6553771 352c 4847 8340 185544f59d93 1

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള 15 അംഗങ്ങളടങ്ങിയ സ്ക്വാഡിൽ കീപ്പർമാരായി ഉൾപ്പെട്ടിട്ടുള്ളത് മലയാളി താരം സഞ്ജു സാംസണും റിഷാഭ് പന്തുമാണ്. ഇവരിൽ ആര് ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കളിക്കുമെന്ന കാര്യം സംബന്ധിച്ചാണ് ഇപ്പോൾ സംശയങ്ങൾ നിലനിൽക്കുന്നത്.

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്നത് മലയാളി താരം സഞ്ജു സാംസണാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 46 പന്തുകളിൽ 86 റൺസായിരുന്നു സഞ്ജു നേടിയത്. സ്ഥിരതയോടെ മത്സരങ്ങളിൽ മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം 11 ഐപിഎൽ ഇന്നിങ്സുകളിൽ നിന്ന് 471 റൺസാണ് സഞ്ജു ഈ സീസണിൽ നേടിയിട്ടുള്ളത്. 67.28 എന്ന ഉയർന്ന ശരാശരിയും സഞ്ജുവിനുണ്ട്.

ഈ സാഹചര്യത്തിൽ സഞ്ജു സാംസൺ തന്നെ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിൽ അണിനിരക്കണം എന്നാണ് മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര പറയുന്നത്. “സഞ്ജുവിനെ സംബന്ധിച്ച് വളരെ മികച്ച സീസൺ തന്നെയാണ് ഇത്. അവന്റെ ബാറ്റിംഗിൽ അവന് കൃത്യമായ വ്യക്തതയുണ്ട്. ഏതുതരത്തിൽ ബാറ്റ് ചെയ്യണം എന്നത് സംബന്ധിച്ച് അവന് പൂർണമായ ബോധ്യമുണ്ട്.”

“മുൻപുള്ള സീസണുകളിൽ അവന് പല സമയത്തും സമചിത്വതയും പക്വതയും പുലർത്താൻ സാധിച്ചിരുന്നില്ല. മുൻപുള്ള സീസണുകളിൽ ഞങ്ങൾ ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ നിർദ്ദേശിച്ച റോളിലേക്ക് അവൻ എത്തിയിട്ടുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ മാത്രമല്ല, ബാറ്റർ എന്ന നിലയിലും.”- സംഗക്കാര പറയുന്നു.

Read Also -  എന്തുകൊണ്ട് സഞ്ജു ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ചോയ്സ് കീപ്പറാവണം? സ്പിന്നിനെതിരെയുള്ള റെക്കോർഡ് ഇങ്ങനെ..

“മാത്രമല്ല സഞ്ജുവിന്റെ മനോഭാവത്തിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണുന്നുണ്ട്. വിശ്രമത്തിനും തിരിച്ചുവരവിനുമായി അവൻ കൃത്യമായി സമയം ചെലവഴിക്കുന്നു. അസാമാന്യ കഴിവുള്ള താരമാണ് സഞ്ജു സാംസൺ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വളരെ പ്രത്യേകതയുള്ള താരം തന്നെയാണ് അവൻ.”

“ഇതുപോലെ വ്യക്തതയോടെ മുന്നോട്ട് പോവുകയാണെങ്കിൽ അവന് നേടാൻ സാധിക്കാത്തതായി ഒന്നുംതന്നെ ഇവിടെ കാണില്ല.”- സംഗക്കാര കൂട്ടിച്ചേർത്തു. ലോകകപ്പിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കളിക്കാൻ സഞ്ജുവാണോ പന്താണോ ഉത്തമമെന്ന ചോദ്യത്തിന് സംഗക്കാര നൽകിയ മറുപടിയും രസകരമായിരുന്നു.

“സഞ്ജുവിനെ തിരഞ്ഞെടുക്കണോ പന്തിനെ തിരഞ്ഞെടുക്കണോ എന്ന കാര്യം തീരുമാനിക്കുന്നത് രാഹുൽ ദ്രാവിഡും രോഹിത് ശർമയുമാണ്. അവരുടെ കോമ്പിനേഷൻ കൂടി കണക്കിലെടുത്ത് മാത്രമേ ഇത് നിശ്ചയിക്കൂ. പക്ഷേ സഞ്ജു ഇതിനോടകം മികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പിലും അവന് കളിക്കാൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”

“സ്പിന്നിനെതിരെയും പേസിനെതിരെയും മികവുറ്റ പ്രകടനങ്ങൾ പുറത്തെടുക്കാൻ അവന് സാധിക്കുന്നുണ്ട്. പേസ് കൂടിയാലും അത് അവനെ തളർത്തുന്നില്ല. സ്പിന്നർമാർക്ക് ടേൺ ലഭിച്ചാലും അവനത് പ്രശ്നമല്ല. കൃത്യമായി ക്ഷമത പുലർത്താനും തന്റേതായ ഷോട്ടുകളിൽ വിശ്വസിക്കാനും അവൻ തയ്യാറാവുന്നു. എല്ലാ പന്തിലും മനോഭാവം വെച്ച് പുലർത്താനും സഞ്ജുവിന് സാധിക്കുന്നുണ്ട്. കോപ്പി ബുക്ക് ഷോട്ടുകളും സഞ്ജു കളിക്കുന്നു.”- സംഗക്കാര പറഞ്ഞു.

Scroll to Top