സിക്സർ റെക്കോർഡിൽ ഗെയ്‌ലിനെ തൂത്തെറിഞ്ഞ് റസൽ ഷോ. ചരിത്രം തിരുത്തിയെഴുതി.

ഹൈദരാബാദിനെതിരായ കൊൽക്കത്തയുടെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ആന്ദ്രേ റസൽ കാഴ്ചവച്ചത്. മത്സരത്തിൽ കൊൽക്കത്തയ്ക്കായി നിർണായക സമയത്ത് ക്രീസിലെത്തിയ റസൽ ഹൈദരാബാദ് ബോളർമാർക്ക് മേൽ സംഹാരമാടുകയായിരുന്നു.

25 പന്തുകളിൽ 64 റൺസാണ് റസൽ മത്സരത്തിൽ നേടിയത്. 7 സിക്സറുകൾ റസ്സലിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഇതിനിടെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു നാഴികക്കല്ല് പിന്നീടാനും റസലിന് സാധിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗതയിൽ 200 സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് മത്സരത്തിൽ റസൽ സ്വന്തമാക്കിയത്. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലിനെ മറികടന്നാണ് റസൽ റെക്കോർഡ് സ്വന്തം പേരിൽ ചേർത്തത്.

ഇതുവരെ ഐപിഎല്ലിൽ 1322 പന്തുകൾ നേരിട്ടാണ് റസൽ 200 സിക്സറുകൾ സ്വന്തമാക്കിയിരിക്കുന്നത്. 1811 പന്തുകളിൽ നിന്നായിരുന്നു ഗെയിൽ തന്റെ 200 സിക്സറുകൾ പൂർത്തീകരിച്ചത്. മത്സരത്തിൽ കൊൽക്കത്ത ഇന്നിംഗ്സിന്റെ 19 ആം ഓവറിൽ ഭുവനേശ്വർ കുമാറിനെ സിക്സറിനു പായിച്ചാണ് റസൽ ഈ റെക്കോർഡ് പേരിൽ ചേർത്തത്. ഐപിഎല്ലിൽ 2055 പന്തുകളിൽ നിന്ന് 200 സിക്സറുകൾ സ്വന്തമാക്കിയ കീറോൺ പൊള്ളാർഡാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഉള്ളത് 2790 പന്തുകൾ നേരിട്ട് 200 സിക്സറുകൾ സ്വന്തമാക്കിയ ഡിവില്ലിയേഴ്സ് ലിസ്റ്റിൽ നാലാമനായി നിൽക്കുന്നു.

ഐപിഎല്ലിൽ 3126 പന്തുകളിൽ നിന്ന് 200 സിക്സറുകൾ സ്വന്തമാക്കിയ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് ലിസ്റ്റിലെ അഞ്ചാമൻ. ഒപ്പം 3798 പന്തുകളിൽ നിന്ന് 200 സിക്സറുകൾ നേടിയ രോഹിത് ശർമ ലിസ്റ്റിൽ ആറാം സ്ഥാനത്തും നിലനിൽക്കുന്നു.

ഇവരെ കൂടാതെ വിരാട് കോഹ്ലി, ഡേവിഡ് വാർണർ, സുരേഷ് റെയ്ന എന്നിവരും 200ലധികം സിക്സറുകൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ നേടിയിട്ടുള്ള താരങ്ങളാണ്. എന്തായാലും റസലിനെ സംബന്ധിച്ച് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ കൊൽക്കത്തയ്ക്കായി വെടിക്കെട്ട് തീർത്ത റസലിന്റെ മറ്റൊരു മാസ്മരിക ഇന്നിംഗ്സ് തന്നെയാണ് ഹൈദരാബാദിനെതിരെയും കാണാൻ സാധിച്ചത്.

റസലിന്റെ ഈ വെടിക്കെട്ടിന്റെ ബലത്തിൽ മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 208 റൺസാണ് കൊൽക്കത്ത സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ഹൈദരാബാദ് തിരിച്ചടിച്ചെങ്കിലും വിജയത്തിന് 4 റൺസകലെ മുട്ടുകുത്തി വീഴുകയായിരുന്നു. ഹൈദരാബാദിനായി 29 പന്തുകളിൽ 63 റൺസ് സ്വന്തമാക്കിയ ക്ലാസനാണ് ബാറ്റിംഗിൽ തിളങ്ങിയത്. എന്തായാലും എല്ലാംകൊണ്ടും ആവേശം നിറഞ്ഞ മത്സരം തന്നെയായിരുന്നു കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്നത്.

Previous articleകോഹ്ലിയ്ക്ക് മുമ്പിൽ തൊപ്പിയൂരി റിസ്വി. യുവതാരത്തിന്റെ ബഹുമാനത്തിന് പ്രശംസയുമായി ക്രിക്കറ്റ്‌ ലോകം.
Next articleആദ്യ മത്സരമാണോ എങ്കില്‍ സഞ്ചു സാംസണ്‍ തകര്‍ക്കും. കണക്കുകള്‍ ഇതാ.