വിൻഡീസിനായി 4ആം നമ്പറിലാണ് ഞാൻ ഇറങ്ങുന്നത്. രാജസ്ഥാനായും ഇറങ്ങാൻ തയാർ. പവൽ പറയുന്നു.

രാജസ്ഥാൻ റോയൽസിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ജോസ് ബട്ലർ തന്നെയാണ്. എന്നാൽ ബട്ലർക്കൊപ്പം മത്സരത്തിൽ നിർണായക സമയത്ത് വെടിക്കെട്ട് തീർത്ത് ശ്രദ്ധ നേടിയിരിക്കുകയാണ് രാജസ്ഥാന്റെ വിൻഡിസ് താരം പവൽ.

മത്സരത്തിൽ സുനിൽ നരെയ്നെതിരെ വെടിക്കെട്ട് തീർത്താണ് പവൽ രാജസ്ഥാന് വലിയ പ്രതീക്ഷകൾ നൽകിയത്. മത്സരത്തിൽ എട്ടാമനായി ക്രീസിലെത്തിയ പവൽ നിർണായക സമയത്ത് 13 പന്തുകളിൽ 26 റൺസ് നേടുകയുണ്ടായി. ഒരു ബൗണ്ടറിയും 3 സിക്സറുകളുമാണ് പവലിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. മത്സരത്തിലെ തന്റെ പ്രകടനത്തെപ്പറ്റി സംസാരിക്കുകയുണ്ടായി.

220 പോലെ ഒരു വലിയ സ്കോർ ഏത് സമയത്ത് ചെയ്സ് ചെയ്താലും അത് മികച്ച പ്രകടനത്തിന്റെ ഫലമായി മാത്രമായിരിക്കും എന്ന് പവൽ പറഞ്ഞു. സുനിൽ നരെയ്നെതിരെ ആക്രമണം അഴിച്ചുവിടുക എന്ന കൃത്യമായ പദ്ധതിയാണ് തനിക്ക് ഉണ്ടായിരുന്നത് എന്ന് പവൽ തുറന്നു പറയുന്നു. ആ സാഹചര്യത്തിൽ കൊൽക്കത്തയുടെ ഏറ്റവും മികച്ച ബോളർ നരെയ്നായിരുന്നുവെന്നും, അതിനാൽ നരെയ്നെതിരെ ആക്രമണം അഴിച്ചുവിട്ടാൽ മത്സരത്തിൽ വിജയം നേടാൻ സാധിക്കുമെന്ന് തങ്ങൾ വിശ്വസിച്ചിരുന്നുവെന്നും പവൽ പറഞ്ഞു. തന്റെ ശക്തി കൃത്യമായി തിരിച്ചറിഞ്ഞ് വമ്പനടികൾക്ക് മുതിരാനാണ് തയ്യാറായത് എന്നും പവൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ 12 മാസങ്ങളായി വെസ്റ്റിൻഡീസിന്റെ ട്വന്റി20 ടീമിലേക്ക് തിരികെ വരുന്നതിനെ പറ്റി താൻ സുനിൽ നരെയ്നെമായി സംസാരിച്ചിട്ടുണ്ട് എന്നും പവൽ കൂട്ടിച്ചേർത്തു. പക്ഷേ നരെയ്ൻ എല്ലായിപ്പോഴും എല്ലാവരെയും ഒഴിവാക്കുകയാണ് ചെയ്യുന്നത് എന്ന് പവൽ പറയുന്നു. ശേഷം നരെയ്ന്റെ ഉറ്റ സുഹൃത്തുക്കളായ പൊള്ളാർഡ്, ബ്രാവോ, പൂരൻ എന്നിവരെ കൊണ്ടൊക്കെയും നരെയ്നെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ താൻ ശ്രമിച്ചിരുന്നുവെന്നും പവൽ പറഞ്ഞു. വിൻഡീസ് ടീമിൽ താൻ നാലോ അഞ്ചോ സ്ഥാനത്താണ് ബാറ്റ് ചെയ്യുന്നത് എന്ന് പവൽ ഓർമിപ്പിക്കുന്നു. അതിനാൽ തന്നെ രാജസ്ഥാന് ആവശ്യമെങ്കിൽ ആ സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുക്കാമെന്നും പവൽ പറയുന്നു.

“വെസ്റ്റിൻഡീസിനായി ഞാൻ 4-5 നമ്പറുകളിലാണ് ബാറ്റ് ചെയ്യാറുള്ളത്. വെസ്റ്റിൻഡീസ് നല്ലൊരു ട്വന്റി20 ടീമാണ് എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ എന്നെ രാജസ്ഥാൻ ടീമിലും ആ പൊസിഷനിലേക്ക് ഉയർത്താവുന്നതാണ്. ഇപ്പോൾ ഞങ്ങൾക്ക് കുറച്ചു ദിവസത്തെ വിശ്രമം ലഭിക്കും. ഈ സമയത്ത് സംഗക്കാരയോടും മറ്റു ടീം അധികൃതരോടും ഇതേ സംബന്ധിച്ചുള്ള കാര്യങ്ങൾ ഞാൻ സംസാരിക്കും.”- പവൽ തമാശ രീതിയിൽ പറയുകയുണ്ടായി. എന്തായാലും രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായ ഒരു പങ്കു തന്നെയാണ് പവൽ വഹിച്ചത്.

Previous articleഗെയ്‌ലിന്റെയും കോഹ്ലിയുടെയും സെഞ്ച്വറി റെക്കോർഡ് മറികടന്ന് ജോസേട്ടൻ. സമ്പൂർണ ബട്ലർ ആധിപത്യം.
Next articleഹർദിക് പാണ്ഡ്യയെ ലോകകപ്പിൽ നിന്ന് പുറത്തേക്ക്? രോഹിതുമായി കൂടിയാലോചിച്ച് അഗാർക്കാർ.