ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയതിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ തന്റെ വിരമിക്കലിനെ സംബന്ധിച്ച് സംസാരിക്കുകയുണ്ടായി. നിലവിൽ താൻ ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ല എന്നാണ് രോഹിത് ശർമ പറഞ്ഞത്. രോഹിത് ശർമയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ യോഗ്രാജ് സിംഗ്. രോഹിതും വിരാടും ഇപ്പോൾ വിരമിക്കാൻ തീരുമാനിക്കാത്ത സാഹചര്യത്തിൽ ഇരുവരും 2027 ഏകദിന ലോകകപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നാണ് യോഗ്രാജ് കൂട്ടിച്ചേർത്തത്.
ഒരു പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യോഗ്രാജ് സിംഗ് ഇതേ സംബന്ധിച്ച് സംസാരിച്ചത്. ഇരു താരങ്ങളും പൂർണമായും അടുത്ത ലോകകപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കൂടുതൽ എനർജിയോടെ കിരീടം സ്വന്തമാക്കാൻ ശ്രമിക്കണമെന്നും യോഗ്രാജ് പറഞ്ഞു. ഇതുവരെ ഐസിസി ടൂർണമെന്റുകളിൽ രോഹിത് ശർയുടെ നേതൃത്വത്തിൽ അവിസ്മരണീയ പ്രകടനങ്ങൾ തന്നെയാണ് ഇന്ത്യ കാഴ്ച വെച്ചിട്ടുള്ളത്. ട്വന്റി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കാൻ ഇതിനോടകം ഇന്ത്യയ്ക്ക് സാധിച്ചു. 2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരം വരെ എത്തിയെങ്കിലും ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയം നേരിടുകയായിരുന്നു.
“രോഹിത് താനിപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന കാര്യം പത്രസമ്മേളനത്തിൽ തുറന്നു പറഞ്ഞു. അതൊരു നല്ല കാര്യമായാണ് ഞാൻ കരുതുന്നത്. രോഹിതിനോടും വിരാടിനോടും വിരമിക്കാൻ പറയാൻ ആർക്കും തന്നെ സാധിക്കില്ല. 2027 ഏകദിന ലോകകപ്പിൽ വിജയം സ്വന്തമാക്കിയതിന് ശേഷം മാത്രമായിരിക്കും അവർ തങ്ങളുടെ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ഇന്ത്യ ഈ വിജയം സ്വന്തമാക്കുന്നതിന് മുൻപ് ഇതേപ്പറ്റി ഞാൻ സംസാരിച്ചിരുന്നു.”- യോഗ്രാജ് പറയുന്നു.
“ചില ആളുകൾ രോഹിത് ശർമയുടെ ഫിറ്റ്നസിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത് ഉന്നയിച്ച പ്രമുഖ നേതാവായ ഷമ മുഹമ്മദിനോടാണ് എനിക്ക് പറയാനുള്ളത്. അവരുടെ ഫിറ്റ്നസിനെ സംബന്ധിച്ചാണ് ഞാൻ ചോദിക്കുന്നത്. ഇത്തരത്തിൽ ഒരു താരത്തിനെതിരെ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കാൻ ഷമ ആരാണ് എന്ന് ഞാൻ ചിന്തിക്കുന്നു.”- യോഗ്രാജ് കൂട്ടിച്ചേർക്കുകയുണ്ടായി.