“ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ തയ്യാർ. ആത്മവിശ്വാസം കൈമുതൽ”- ശ്രേയസ് അയ്യർ.

ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയ്ക്കായി നാലാം നമ്പറിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. മത്സരത്തിന്റെ പല സമയത്തും സമ്മർദ്ദ സാഹചര്യത്തിലായിരുന്നു അയ്യർ ക്രീസിലെത്തിയത്. പക്ഷേ മറ്റു താരങ്ങളിൽ നിന്നും സമ്മർദം പൂർണമായും ഒഴിവാക്കുന്ന രീതിയിലാണ് ശ്രേയസ് ആക്രമണ ബാറ്റിംഗ് കാഴ്ചവച്ചത്.

ടൂർണമെന്റിന് ശേഷം വലിയ പ്രശംസയാണ് ശ്രേയസിന് ലഭിച്ചത്. നാലാം നമ്പറിലെ തന്റെ പ്രകടനത്തെപ്പറ്റി ശ്രേയസ് അയ്യർ ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. എല്ലായിപ്പോഴും ഇത്തരത്തിൽ ആത്മവിശ്വാസം തന്നെ സഹായിച്ചിട്ടുണ്ട് എന്നാണ് ശ്രേയസ് പറഞ്ഞത്.

“നാലാം നമ്പറിൽ ബാറ്റിംഗ് ഇറങ്ങുമ്പോൾ പൂർണമായി ഞാൻ എന്റെ പ്രയത്നം കാട്ടിയിരുന്നു. ടീമിനായി മികച്ച പ്രകടനം കാഴ്ച വയ്ക്കുക എന്നത് മാത്രമായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. മാത്രമല്ല നാലാം നമ്പറിൽ കളിക്കുന്നതിൽ എനിക്ക് വലിയ ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഏത് സാഹചര്യത്തിലായാലും ഞാൻ നന്നായി കളിക്കുമെന്ന ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നു. ഈ മാനസിക നിലയാണ് എന്നെ ഇത്തരം മികച്ച പ്രകടനം നടത്താൻ സഹായിച്ചത്. ഒരുപാട് പരാജയങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു ആത്മവിശ്വാസം ഞാൻ നേടിയെടുത്തത്. പരാജയങ്ങളാണ് ഏറ്റവും മികച്ച ടീച്ചർമാർ.”- ശ്രേയസ് അയ്യർ പറയുകയുണ്ടായി.

ചാമ്പ്യൻസ് ട്രോഫി വിജയത്തിലുള്ള തന്റെ സന്തോഷത്തെ പറ്റിയും ശ്രേയസ് സംസാരിച്ചു. “ഇത്തരമൊരു ടൂർണമെന്റിൽ കിരീടം സ്വന്തമാക്കുക എന്നതിനേക്കാൾ മാധുര്യമേറിയ മറ്റൊന്നുമില്ല. നമ്മുടെ വ്യക്തിഗത സ്കോറും എല്ലാ കാര്യങ്ങളും രണ്ടാം സ്ഥാനത്താണ്. പ്രധാന കാര്യം ടീമിനെ വിജയിപ്പിക്കുക എന്നത് മാത്രമാണ്. ഇന്ത്യയിലുള്ള ആളുകൾ വളരെ സന്തോഷവാന്മാരാണ്. മൈതാനത്തും മൈതാനത്തിന് പുറത്തും ഒരുപാട് പേർ ഞങ്ങൾക്ക് പിന്തുണ നൽകി. അവർക്കായി കിരീടം നേടാൻ സാധിച്ചതിൽ സന്തോഷമുണ്ട്.”- അയ്യർ കൂട്ടിച്ചേർത്തു.

2023 ഏകദിന ലോകകപ്പിന് ശേഷം തനിക്ക് വന്ന മാറ്റങ്ങളെപ്പറ്റി ശ്രേയസ് സംസാരിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചതാണ് തനിക്ക് ഇത്ര വലിയ അംഗീകാരങ്ങൾ നേടിത്തന്നത് എന്ന് അയ്യർ കരുതുന്നു. ഇപ്പോൾ താൻ കളിക്കുന്ന രീതി വലിയ സന്തോഷം നൽകുന്നതാണ് എന്ന് ശ്രേയസ് അയ്യർ പറഞ്ഞു. മാത്രമല്ല പൂർണമായും ഇത്തരത്തിൽ ഫിറ്റ്നസ് നിലനിർത്തി മുൻപോട്ടു പോകാനാണ് താൻ ശ്രമിക്കുന്നത് എന്നും അയ്യർ കൂട്ടിച്ചേർക്കുകയുണ്ടായി. ഇന്ത്യക്കായി നിർണായക റോളിലായിരുന്നു ശ്രേയസ് അയ്യർ ഈ ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചത്.