2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ചില ആശങ്കകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം നവജോത് സിംഗ് സിദ്ധു. ഐപിഎല്ലിന്റെ കമന്ററി ബോക്സിലേക്ക് വലിയൊരു തിരിച്ചുവരവാണ് സിദ്ധു നടത്തിയിരിക്കുന്നത്. ശേഷമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള പരാമർശം സിദ്ധുവിൽ നിന്ന് ഉണ്ടായത്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ രോഹിത് ശർമയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് തനിക്ക് വലിയ ഉറപ്പില്ല എന്നാണ് സിദ്ധു പറഞ്ഞിരിക്കുന്നത്. താരങ്ങൾക്ക് പ്രായമാകുമ്പോൾ അത് അവരുടെ വേഗതയെ ബാധിക്കുമെന്നും അത് പ്രകടനത്തിൽ പ്രതിഫലിക്കുമെന്നുമാണ് സിദ്ധു പറയുന്നത്.
വീരേന്ദർ സേവാഗിന്റെ ഫിറ്റ്നസിനെ ഉദാഹരണമായി എടുത്താണ് സിദ്ധു സംസാരിച്ചത്. “രോഹിത് ശർമയുടെ ഫിറ്റ്നസ് ലെവലുകളെ സംബന്ധിച്ചുള്ള പൂർണമായ വ്യക്തത എനിക്കില്ല. എന്നാൽ എനിക്ക് അക്കാര്യത്തിൽ ഉറപ്പുമില്ല. താരങ്ങൾക്ക് പ്രായമാകുമ്പോൾ അവർ കൂടുതൽ സ്ലോ ആയി മാറുന്നു. അത് അവരുടെ പ്രകടനത്തിലും കാണാൻ സാധിക്കും. സേവാഗ് തന്റെ കരിയറിന്റെ അവസാന സമയങ്ങളിൽ ഗ്ലാസുകൾ ഉപയോഗിച്ചിരുന്നു. മുൻപുണ്ടായിരുന്ന സേവാഗിനെ പിന്നീട് കാണാൻ സാധിച്ചില്ല. ഐപിഎല്ലിൽ ഞാൻ അത് ശ്രദ്ധിച്ചിരുന്നു”- സിദ്ധു പറഞ്ഞു.
ഒപ്പം മുംബൈ ഇന്ത്യൻസ് ഹർദിക് പാണ്ട്യയും രോഹിത് ശർമയും തമ്മിൽ മികച്ച ഒരു കോമ്പിനേഷൻ ഉണ്ടാകുമെന്നും സിദ്ധു വിശ്വസിക്കുന്നു. “ഒരു കാര്യം ഉറപ്പാണ്. നിങ്ങൾ ഒരു ടീമിന്റെ നായകനല്ലെങ്കിൽ അത് നിങ്ങളുടെ സമ്മർദ്ദം വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കും. നായകത്വം എന്നത് പലർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ചിലർ അത് ആസ്വദിക്കുകയും ചിലർ അത് ബാധ്യതയായി എടുക്കുകയും ചെയ്യുന്നു. രോഹിത് ശർമ വലിയ വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള നായകനാണ്.”
”ഐപിഎല്ലിൽ നായകൻ അല്ലാത്തതിനാൽ തന്നെ രോഹിത്തിന് തന്റെ ക്രിക്കറ്റ് പരമാവധി ആസ്വദിക്കാൻ സാധിക്കും. എന്നിരുന്നാലും എല്ലാ തീരുമാനങ്ങൾക്കും മുൻപ് ഹർദിക് പാണ്ട്യ രോഹിതിന്റെ അടുത്തേക്ക് ഓടിയെത്തും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ബുദ്ധിമാനായ ഒരു മനുഷ്യനോട് നടത്തുന്ന സംഭാഷണം ഒരുപാട് പഠനങ്ങളേക്കാൾ ഗുണമുള്ളതാണ്.”- സിദ്ധു കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റിലെ ഭാവി കാര്യങ്ങളെപ്പറ്റിയും സിദ്ധു സംസാരിക്കുകയുണ്ടായി. രോഹിത് ശർമയും വിരാട് കോഹ്ലിയും ട്വന്റി20യെ സംബന്ധിച്ച് നിർണായക ഘടകങ്ങളാണ് എന്ന് സിദ്ധു പറയുന്നു. വരാനിരിക്കുന്ന ലോകകപ്പിലും ഇരു താരങ്ങളും കളിക്കണമെന്നാണ് സിദ്ധു വിലയിരുത്തുന്നത്
“അവർ ലോകകപ്പിൽ കളിക്കേണ്ടതുണ്ട്. ക്രിക്കറ്റ് ലോകത്തെ ലെജന്റുകളാണ് ഇരു താരങ്ങളും. ഫോം എന്നത് പല സമയത്തും ഉണ്ടാവാം, ഇല്ലാതിരിക്കാം. എന്നാൽ ഈ താരങ്ങളുടെ ക്ലാസ് എന്നത് എക്കാലവും നിലനിൽക്കുന്നതാണ്.”- സിദ്ധു പറഞ്ഞുവെക്കുന്നു.