പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ പന്തിൽ ബാബർ അസമിനെ ക്ലീൻ ബോൾഡാക്കി മുഹമ്മദ് സിറാജ്. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ വളരെ മികച്ച പ്രകടനമായിരുന്നു ബാബർ ആസം കാഴ്ചവച്ചത്. എന്നാൽ ഒരു അത്ഭുത പന്തിൽ പാകിസ്ഥാൻ നായകനെ സിറാജ് പുറത്താക്കുകയായിരുന്നു. മത്സരത്തിൽ നിർണായകമായ സമയത്തായിരുന്നു ബാബർ ആസം ക്രീസിലെത്തിയത്. ശേഷം മുഹമ്മദ് റിസ്വാനൊപ്പം ചേർന്ന് ഒരു കൂട്ടുകെട്ട് സൃഷ്ടിക്കാൻ ആസമിന് സാധിച്ചു. ഇത് ഇന്ത്യയെ അപകടകരമായ നിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയത്താണ് കിടിലൻ ബോളുമായി സിറാജിന്റെ കടന്നുവരവ്.
മത്സരത്തിൽ പാക്കിസ്ഥാൻ ഇന്നിങ്സിന്റെ 30ആം ഓവറിലാണ് സിറാജ് ബാബർ ആസമിനെ കുടുക്കിയത്. 30ആം ഓവറിലെ നാലാം പന്ത് ഒരു ഗുഡ് ലെങ്ത് പന്തായിയാണ് സിറാജ് എറിഞ്ഞത്. എന്നാൽ പന്ത് ബാബർ അസമിന്റെ ഉള്ളിലേക്ക് ആംഗിൾ ചെയ്ത് വരികയുണ്ടായി. എന്നാൽ പന്തിന്റെ ദിശ കൃത്യമായി മനസ്സിലാക്കാതെ ബാബർ ആസാം തേർഡ് മാനിലേക്ക് ബോൾ പായിക്കാനാണ് ശ്രമിച്ചത്. പക്ഷേ വളരെ ഷാർപ്പായി ആംഗിൾ ചെയ്ത് വന്ന പന്ത് ബാബറിന്റെ ബാറ്റിൽ കൊള്ളാതെ കൃത്യമായി ഓഫ് സ്റ്റമ്പിൽ പതിക്കുകയായിരുന്നു. പ്രധാനമായും പന്തിന്റെ പേസാണ് ബാബർ ആസമിനെ സമ്മർദ്ദത്തിലാക്കിയത്.
മത്സരത്തിൽ 58 പന്തുകൾ നേരിട്ട ബാബർ 50 റൺസാണ് നേടിയത്. 7 ബൗണ്ടറികൾ ബാബറിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. മുൻപ് മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ നിന്ന് ശക്തമായ ബാറ്റിംഗ് പ്രകടനമാണ് പാകിസ്ഥാൻ മുൻപിലേക്ക് വെച്ചത്. എന്നാൽ കൃത്യമായ സമയങ്ങളിൽ പാകിസ്താന്റെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരികെ വരികയുണ്ടായി. ഷഫീഖിനെ(20) പുറത്താക്കി മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നീട് ഹർദിക് പാണ്ഡ്യ ഇമാം ഉൾ ഹക്കിനെയും കൂടാരം കയറ്റുകയുണ്ടായി.
അതിനു ശേഷം മൂന്നാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ടാണ് റിസ്വാനും ബാബർ ആസമും ചേർന്ന് കെട്ടിപ്പടുത്തത്. മൂന്നാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. ഇതിന് ശേഷമാണ് മുഹമ്മദ് സിറാജ് ബാബർ അസമിനെ പുറത്താക്കിയത്. എന്തായാലും പാക്കിസ്ഥാനെ 300 റൺസിന് താഴെ ഒരു സ്കോറിലൊതുക്കി മത്സരത്തിൽ വമ്പൻ വിജയം നേടാൻ തന്നെയാണ് ഇന്ത്യൻ ടീമിന്റെ ശ്രമം.