പൃഥ്വി ഷാ എവിടെ? ബെഞ്ചിലിരുത്താനാണോ ഡൽഹി നിലനിർത്തിയത്? വിമർശനവുമായി മുൻ താരങ്ങൾ.

രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ 12 റൺസിന്റെ പരാജയമാണ് ഡൽഹി ക്യാപിറ്റൽസ് നേരിട്ടത്. മത്സരത്തിലെ പരാജയത്തിന് ശേഷം ഡൽഹിയ്ക്കെതിരെ വമ്പൻ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ടോം മൂഡി. ഡൽഹി ക്യാപിറ്റൽസ് നിരന്തരമായി തങ്ങളുടെ പ്ലെയിങ് ഇലവനിൽ റിക്കി ഭൂയിക്ക് സ്ഥാനം നൽകുകയും, വമ്പൻ താരമായ പൃഥ്വി ഷായെ പുറത്തിരുത്തുകയും ചെയ്യുന്നതിനെതിരെയാണ് മൂഡി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ആഭ്യന്തര സീസണുകളിലൊക്കെയും വളരെ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് പൃഥ്വി ഷായെന്നും അവനെ മാറ്റിനിർത്തുന്നത് യുക്തിപരമല്ലയെന്നും മൂഡി ചൂണ്ടിക്കാട്ടി.

ഇത്തരമൊരു മാറ്റം യാതൊരു തരത്തിലും യുക്തി ഉണർത്തുന്നില്ല എന്നാണ് മൂഡി പറയുന്നത്. “ഇന്ത്യയിലെ ഒരു അന്താരാഷ്ട്ര ക്രിക്കറ്ററാണ് പൃഥ്വി ഷാ. അങ്ങനെയുള്ള പൃഥ്വി ഡഗൗട്ടിൽ ഇരിക്കുകയും, മറ്റൊരു താരം പകരക്കാരനായി ഇറങ്ങുകയും ചെയ്യുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മികച്ച പ്രകടനങ്ങൾ പൃഥ്വി കാഴ്ച വെച്ചിട്ടില്ല എന്ന കാര്യം ഞാൻ അംഗീകരിക്കുന്നു. നമ്മൾ പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവയ്ക്കാൻ അവന് സാധിച്ചിട്ടില്ല. പക്ഷേ അവനെ ഡഗൗട്ടിൽ ഇരുത്തിയത് കൊണ്ട് അവന് റൺസ് സ്വന്തമാക്കാനും സാധിക്കില്ല.”- മൂഡി പറയുന്നു.

ഇതേ അഭിപ്രായം തന്നെയാണ് മറ്റൊരു മുൻ താരമായ വസീം ജാഫറും പങ്കുവെച്ചത്. “ഡൽഹി പൃഥ്വി ഷായെ കഴിഞ്ഞ തവണ നിലനിർത്തുകയാണ് ചെയ്തത്. അവർ അവനെ ലേലത്തിലേക്ക് തള്ളിവിട്ടതുമില്ല. അതിനാൽ തന്നെ ഇപ്പോൾ അവനെ അവർ ടീമിൽ കളിപ്പിക്കാതിരിക്കുന്നത് എനിക്ക് വലിയ അത്ഭുതമുണ്ടാക്കുന്നു.

കഴിഞ്ഞ ആഭ്യന്തര സീസണിൽ മുംബൈക്കായി ഒരുപാട് മത്സരങ്ങൾ പൃഥ്വി കളിച്ചു. അതുകൊണ്ടുതന്നെ അവൻ ഫിറ്റാണ് എന്ന കാര്യത്തിൽ വലിയ സംശയമില്ല. ഞാൻ എന്തായാലും അത്ഭുതപ്പെടുകയാണ്. അവന് ഇത്തരം ശിക്ഷ നൽകിയ ടീം കൂടുതൽ മത്സരങ്ങൾ പരാജയപ്പെടുന്നത് മുൻപോട്ടു പോകുമ്പോൾ നല്ല തീരുമാനമായി തോന്നില്ല.”- ജാഫർ പറയുന്നു.

സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഡൽഹി പൃഥ്വി ഷായെ ബെഞ്ചിൽ ഇരുത്തുകയാണ് ചെയ്തത്. മറ്റൊരു യുവതാരമായ റിക്കീ ഭുയിയ്ക്ക് ഡൽഹി 2 അവസരങ്ങൾ നൽകി. എന്നാൽ ആദ്യ മത്സരത്തിൽ 3 റൺസ് മാത്രമാണ് റിക്കി ഭൂയി പഞ്ചാബിനെതിരെ നേടിയത്. ശേഷം രാജസ്ഥാനെതിരായ മത്സരത്തിൽ റിക്കി ഡക്കായി പുറത്താക്കുകയും ചെയ്തു. ഇതിനു ശേഷമാണ് പൃഥ്വി ഷായിക്ക് വേണ്ടിയുള്ള മുറവിളികൾ രൂക്ഷമായിരിക്കുന്നത്.

Previous articleബോൾട്ടുണ്ടായിട്ടും അവസാന ഓവർ ആവേശിന്. സഞ്ജുവിന്റെ മാസ്റ്റർ ക്യാപ്റ്റൻസി. ആവേശ് ഖാൻ പറയുന്നു.
Next articleഅസുഖം ബാധിച്ച് കിടക്കയിലായിരുന്നു. അതിനിടെയാണ് വെടിക്കെട്ട് തീർത്തത് എന്ന് പരാഗ്.