പിഴവുകൾ അംഗീകരിയ്ക്കുന്നു. ഇത്തരം വിക്കറ്റിന് പറ്റിയ ബാറ്റർമാരെ കണ്ടെത്തണമെന്ന് രോഹിത് ശർമ.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വമ്പൻ പരാജയം തന്നെയായിരുന്നു ഇന്ത്യ നേരിട്ടത്. ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയൊരു ഷോക്കാണ്. പരമ്പരയിലെ 2 മത്സരങ്ങളിലും കൂറ്റൻ പരാജയമാണ് ഇന്ത്യ നേരിട്ടത്. ശ്രീലങ്കൻ സ്പിൻ ബോളർമാർക്കെതിരെ ഇന്ത്യയുടെ ബാറ്റിംഗ് നിര പൂർണമായും തകർന്നടിയുന്നത് ആയിരുന്നു കണ്ടത്.

അവസാന ഏകദിന മത്സരത്തിൽ 110 റൺസിന്റെ കൂറ്റൻ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇതിന് ശേഷം പരാജയത്തിൽ വലിയ നിരാശ തന്നെ രോഹിത് ശർമ പ്രകടിപ്പിക്കുകയുണ്ടായി. തങ്ങളുടെ ഭാഗത്തു നിന്ന് വന്ന വലിയ പിഴവുകൾ മാറ്റിവയ്ക്കാൻ സാധിക്കില്ല എന്ന് രോഹിത് ശർമ മത്സരശേഷം പറഞ്ഞിരുന്നു.

പരമ്പരയിലൂടനീളം കൃത്യമായി മനോഭാവം പുലർത്തേണ്ടത് ആവശ്യമായിരുന്നു എന്ന് രോഹിത് ശർമ കരുതുന്നു. ആക്രമണപരമായി മുന്നോട്ടു പോയിരുന്നുവെങ്കിൽ കുറച്ചുകൂടി മത്സരഫലം അനുകൂലമായി മാറിയേനെ എന്നാണ് രോഹിത് കരുതുന്നത്  “പരമ്പരയിൽ ഞങ്ങൾ കാട്ടിയ പിഴവുകൾ ഞങ്ങൾ അംഗീകരിച്ചേ പറ്റൂ. സ്പിന്നർമാർക്കെതിരെ ആക്രമണം അഴിച്ചുവിടാനോ കൂടുതൽ മനോഭാവം പുലർത്താനോ ഞങ്ങൾക്ക് സാധിച്ചില്ല. അതിനനുസരിച്ച് അവർ ഞങ്ങൾക്കു മേൽ കൃത്യമായി സമ്മർദ്ദം ചെലുത്തുകയും ഉണ്ടായി.”- രോഹിത് ശർമ പറയുന്നു.

“ശ്രീലങ്കയിൽ ഉണ്ടായിരുന്നത് സ്പിന്നിന് അനുകൂലമായ വിക്കറ്റുകളായിരുന്നു. ഇത്തരം വിക്കറ്റുകളിൽ ഏതൊക്കെ താരങ്ങൾ കളിക്കണം എന്നത് സംബന്ധിച്ച് ഞങ്ങൾ ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല താരങ്ങൾക്കൊക്കെയും സ്ഥിരതയോടെ അവസരങ്ങൾ നൽകാനും ഞങ്ങൾ ശ്രമിക്കും. കാരണം ഇത്തരം വിക്കറ്റുകളിൽ ഒന്നോ രണ്ടോ അവസരങ്ങൾ മാത്രം ഒരു താരത്തിന് കൊടുത്തതുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കില്ല. ഞങ്ങളെ സംബന്ധിച്ച് ഇതൊരു മോശം പരമ്പര തന്നെയായിരുന്നു. അക്കാര്യം ഞങ്ങൾ അംഗീകരിക്കുന്നു.”- രോഹിത് ശർമ കൂട്ടിച്ചേർത്തു.

“താരങ്ങളുടെ വ്യക്തിപരമായ തന്ത്രങ്ങളിൽ ഉണ്ടായ പ്രശ്നമാണ് കൂടുതലായി ടീമിനെ ബാധിച്ചത്. മുൻപും ഞങ്ങൾക്ക് ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ബോൾ സ്പിൻ ചെയ്യുന്ന പിച്ചുകളിലൊക്കെയും ഞങ്ങൾ ഇത് നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും നെറ്റ്സിൽ കഠിനമായ പരിശീലനങ്ങൾ ഞങ്ങളുടെ താരങ്ങൾ നടത്തിയിരുന്നു. വ്യത്യസ്തമായ ഷോട്ടുകൾ കളിക്കാനായി അവർ ശ്രമിക്കുകയും ചെയ്തു. പക്ഷേ വരും മത്സരങ്ങളിൽ കൃത്യമായി ഞങ്ങൾക്ക് മൊമെന്റം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വലിയ തിരിച്ചുവരവിന് തന്നെ ഞങ്ങൾ തയ്യാറാവും.”- രോഹിത് ശർമ പറഞ്ഞു വയ്ക്കുന്നു.

Previous articleഒരു പരമ്പര തോറ്റത് കൊണ്ട് ലോകമവസാനിക്കാൻ പോകുന്നില്ല. ശക്തമായി തിരിച്ചുവരുമെന്ന് രോഹിത് ശർമ.
Next article“നിങ്ങളാണ് ഇന്ത്യയുടെ ഭാവി മാച്ച് വിന്നർ” ഇന്ത്യൻ യുവതാരത്തോട് വിരാട് കോഹ്ലി.