കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അവിചാരിതമായ പരാജയമായിരുന്നു മുംബൈ ഇന്ത്യൻസിന് നേരിടേണ്ടി വന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 169 എന്ന സ്കോറിൽ ഓൾഔട്ട് ആവുകയായിരുന്നു. ഈ സമയത്ത് മുംബൈ അനായാസം വിജയം കണ്ടെത്തും എന്നാണ് ഉദ്ദേശിച്ചത്.
എന്നാൽ മുംബൈ ബാറ്റിംഗ് നിരയുടെ പൂർണ്ണമായ തകർച്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. അർദ്ധസെഞ്ച്വറി നേടിയ സൂര്യകുമാർ യാദവിനെ ഒഴിച്ചു നിർത്തിയാൽ മറ്റൊരു മുംബൈ ബാറ്റർക്കും മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല. മത്സരത്തിൽ 24 റൺസിന്റെ തോൽവിയാണ് മുംബൈ നേരിട്ടത്. ഇതിന് ശേഷം മുംബൈ നായകൻ ഹർദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പാണ്ഡ്യ കാട്ടിയ വലിയ മണ്ടത്തരം തുറന്നു പറഞ്ഞാണ് ഇർഫാൻ സംസാരിച്ചത്. മത്സരത്തിൽ പല ബോളർമാർ തനിക്ക് മുൻപിലുണ്ടായിട്ടും ആറാം ബോളറായ നമൻ ദിറിനെ ബോൾ ചെയ്യിച്ചത് പാണ്ഡ്യ കാട്ടിയ വലിയ മണ്ടത്തരമാണ് എന്ന് പത്താൻ പറഞ്ഞു. “2024 സീസണിലെ മുംബൈ ഇന്ത്യൻസിന്റെ കഥ ഇതിനോടകം തന്നെ അവസാനിച്ചിട്ടുണ്ട്. പേപ്പറിൽ അവർ വലിയ ടീമായിരുന്നു. പക്ഷേ നന്നായി ടീമിനെ മാനേജ് ചെയ്യുന്നതിൽ പരാജയപ്പെട്ടു. ഹർദിക് പാണ്ഡ്യയുടെ നായകത്വത്തിനെതിരെ ഉയരുന്ന ചോദ്യങ്ങളൊക്കെയും വിലമതിക്കുന്നത് തന്നെയാണ്. ഇന്നും ഹർദിക് മണ്ടത്തരങ്ങൾ കാട്ടിയിരുന്നു.”- പത്താൻ പറയുന്നു.
“മത്സരത്തിന്റെ ഒരു സമയത്ത് കൊൽക്കത്ത 5 വിക്കറ്റ് നഷ്ടത്തിൽ 57 എന്ന നിലയിൽ തകർന്നിരുന്നു. ശേഷം നമൻ ദിറിനെ കൊണ്ട് ഹർദിക് 3 ഓവറുകൾ എറിയിച്ചു. മുംബൈയുടെ ആറാം ബോളറാണ് ദിർ എന്ന് ഓർക്കണം. ഇത് കൊൽക്കത്തയ്ക്ക് നിർണായകമായ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ വലിയ സഹായകരമായി മാറി മനീഷ് പാണ്ടെയും വെങ്കിടേഷ് അയ്യരും ചേർന്ന് വെടിക്കെട്ട് കൂട്ടുകെട്ടാണ് ശേഷം കൊൽക്കത്തക്കായി കൂട്ടിച്ചേർത്തത്.
ഇരുവരും 83 റൺസ് മത്സരത്തിൽ നേടി. ഇങ്ങനെയാണ് കൊൽക്കത്ത 169 എന്ന സ്കോറിൽ എത്തിയത്. അല്ലാത്ത പക്ഷം 150 റൺസിന് താഴെ കൊൽക്കത്തയെ ഒതുക്കാൻ മുംബൈയ്ക്ക് സാധിച്ചേനെ. ഹർദിക്കിന്റെ ഈ മോശം തീരുമാനമാണ് മത്സരത്തിൽ വ്യത്യാസമുണ്ടാക്കിയത്.”- ഇർഫാൻ കൂട്ടിച്ചേർത്തു.
“ക്രിക്കറ്റിൽ നായകനും മാനേജ്മെന്റുമൊക്കെ വളരെ നിർണായക ഘടകങ്ങളാണ്. നിലവിൽ മുംബൈ ഒരു ടീം എന്ന നിലയിൽ മികച്ച പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഈ സീസണിലെ മുംബൈയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ചർച്ചാവിഷയം അത് തന്നെയാണ്. ടീമിലുള്ള കളിക്കാർ എല്ലാവരും തങ്ങളുടെ നായകനെ അംഗീകരിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. മുംബൈയ്ക്ക് ഈ സീസണിൽ അങ്ങനെയൊരു കാര്യം ഉണ്ടായിയെന്ന് ഞാൻ കരുതുന്നില്ല.”- ഇർഫാൻ പത്താൻ പറഞ്ഞു വയ്ക്കുന്നു.