ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ റെക്കോർഡുകൾ ഭേദിച്ചാണ് സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ടീമിനെതിരെ വിജയം സ്വന്തമാക്കിയത്. വെടിക്കെട്ട് കൊണ്ട് ശ്രദ്ധ നേടിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണ് നേടിയത്. ഐപിഎൽ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു ടീം 270ന് മുകളിൽ റൺസ് സ്വന്തമാക്കുന്നത്.
ഹൈദരാബാദിന്റെ ഇന്നിംഗ്സിൽ ഏറ്റവും നിർണായക സാന്നിധ്യമായത് ഹെണ്ട്രിച് ക്ലാസനാണ്. മത്സരത്തിൽ 34 പന്തുകളിൽ നിന്ന് 80 റൺസ് ആണ് ഈ താരം നേടിയത്. മത്സരത്തിലെ ഇന്നിംഗ്സിന് ശേഷം ക്ലാസൻ സാഹചര്യങ്ങളെപ്പറ്റി ക്ലാസൻ വിശദീകരിക്കുകയുണ്ടായി. മുംബൈയുടെ ഭാഗത്തുനിന്ന് വന്ന വലിയൊരു വീഴ്ചയാണ് തങ്ങൾക്ക് ഇത്ര വലിയ സ്കോർ സമ്മാനിച്ചത് എന്ന് ക്ലാസൻ പറഞ്ഞു.
മത്സരത്തിലെ വിക്കറ്റിനെ പ്രകീർത്തിച്ചുകൊണ്ടാണ് ക്ലാസൻ സംസാരിച്ചത്. “ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗ്രൗണ്ട്സ്മാൻമാരിൽ ഒരാളാണ് ഞങ്ങൾക്കുള്ളത്. ബാറ്റിങ്ങിന് അങ്ങേയറ്റം അനുകൂലമായ വിക്കറ്റുകളാണ് അദ്ദേഹം ഞങ്ങൾക്കായി ഇത്തവണ തയ്യാറാക്കിയത്. മികച്ച ഒരു തുടക്കം ഞങ്ങൾക്ക് ലഭിച്ചു. മാത്രമല്ല കൃത്യമായ രീതിയിൽ റൺസ് ഉയർത്താനും സാധിച്ചു.”
“ഞങ്ങളോടൊപ്പം വളരെ മികച്ച ഇന്നിംഗ്സുകൾ കളിക്കാൻ പ്രാപ്തിയുള്ള ഒരുപാട് താരങ്ങളുണ്ട്. ഞാൻ എല്ലായിപ്പോഴും മൈതാനത്തു നിന്ന് എന്റെ കഠിനപ്രയത്നം നടത്താനാണ് ശ്രമിക്കാറുള്ളത്. അടുത്ത മത്സരത്തിലും അതുതന്നെ ശ്രമിക്കും. അതാണ് ഞങ്ങളുടെ പദ്ധതി.”- ക്ലാസൻ പറഞ്ഞു.
മത്സരത്തിൽ മുംബൈക്ക് പറ്റിയെ അബദ്ധത്തെ പറ്റിയും ക്ലാസൻ സംസാരിച്ചു. “ബൂമ്രയെ ആദ്യ ഓവറുകളിൽ എറിയിക്കാതിരുന്നത് മുംബൈയ്ക്ക് പറ്റിയ വലിയൊരു അബദ്ധമായാണ് ഞാൻ കണക്കാക്കുന്നത്. അവനെ പവർപ്ലേയ്ക്കുള്ളിൽ തന്നെ എറിക്കേണ്ടതായിരുന്നു. ആ സമയത്താണ് ഞങ്ങളുടെ ഏറ്റവും മികച്ച ബാറ്റർമാർ ക്രീസിൽ എത്തിയത്. എന്നാൽ അവർക്ക് അവരുടെ മികച്ച ബോളർമാരെ നന്നായി ഉപയോഗിക്കാൻ സാധിച്ചില്ല. മത്സരത്തിൽ ഇന്നിങ്സിന്റെ അവസാനം എയ്ഡൻ മാക്രം എന്റെയൊപ്പം ഉണ്ടായിരുന്നു. മാക്രവും മികച്ച ഇന്നിംഗ്സ് ആണ് കളിച്ചത്. അവനൊപ്പം ഇന്നിംഗ്സ് ഫിനിഷ് ചെയ്യാൻ സാധിച്ചത് വലിയ സന്തോഷം നൽകുന്നു.”- ക്ലാസൻ കൂട്ടിച്ചേർത്തു.
ഇതിനോടകം തന്നെ മുംബൈ നായകൻ ഹർദിക് പാണ്ഡ്യക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. പാണ്ഡ്യ മത്സരത്തിൽ ബൂമ്രയെ ഉപയോഗിച്ച് രീതിയെ ചോദ്യം ചെയ്ത് മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് അടക്കമുള്ളവർ മുൻപ് രംഗത്ത് വന്നിരുന്നു. ഹൈദരാബാദ് ഇന്നിങ്സിലെ ആദ്യ 13 ഓവറുകളിൽ കേവലം ഒരു ഓവർ മാത്രമാണ് ബൂറയ്ക്ക് പാണ്ഡ്യ നൽകിയത്. ശേഷം അവസാന ഓവറുകളിൽ ബൂമ്രയെ തിരികെ ബോളിങ് ക്രീസിലെത്തിച്ചെങ്കിലും വേണ്ടരീതിയിൽ വിക്കറ്റുകൾ കണ്ടെത്താൻ താരത്തിന് സാധിച്ചിരുന്നില്ല.