“ഞങ്ങൾ ഹൈദരാബാദാണ്. 160-170 നേടി രക്ഷപെടാൻ നോക്കുന്ന ടീമല്ല” – കമ്മിൻസ് പറയുന്നു.

0
155

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സാധിക്കാതെ വന്ന ഫ്രാഞ്ചൈസികളിൽ ഒന്നാണ് ഹൈദരാബാദ്. ആദ്യ മത്സരത്തിൽ ഒരു റെക്കോർഡ് സ്കോർ സ്വന്തമാക്കി വിജയം സ്വന്തമാക്കാൻ ഹൈദരാബാദിന് സാധിച്ചിരുന്നു. ശേഷം പിന്നീടുള്ള 2 മത്സരങ്ങളിൽ ഡൽഹിക്കും ലക്നൗവിനുമെതിരെ ഹൈദരാബാദ് പരാജയം ഏറ്റുവാങ്ങി.

ഇതിന് ശേഷം ടീമിനെതിരെ വിമർശനങ്ങളും ശക്തമാണ്. ഈ സാഹചര്യത്തിൽ എല്ലാത്തിനും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് ഇപ്പോൾ. തങ്ങൾ പുലർത്തുന്ന ആക്രമണ ശൈലിയിൽ തന്നെ ഇനിയും മുന്നോട്ട് പോകാനാണ് ടീമിന്റെ തീരുമാനം എന്ന് കമ്മിൻസ് പറയുകയുണ്ടായി.

160- 170 റൺസ് സ്വന്തമാക്കിയാൽ സുരക്ഷിതമാവുമെന്ന് കരുതുന്ന ഒരു ടീമല്ല ഹൈദരാബാദ് എന്ന് കമ്മിൻസ് പറയുകയുണ്ടായി. അതിന് മുകളിൽ ആക്രമണ മനോഭാവം പുലർത്താനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നും കമ്മിൻസ് പറഞ്ഞു. ഡ്രസ്സിംഗ് റൂമിൽ നടന്ന ഒരു ചർച്ചയിലാണ് കമ്മിൻസ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ മത്സരത്തിലും ഇത്തരത്തിൽ ആക്രമണ ശൈലിയിൽ തന്നെ കളിക്കണമെന്ന് തന്റെ സഹതാരങ്ങളോട് ബോധിപ്പിക്കുകയാണ് കമ്മിൻസ് ചെയ്തത്. പരാജയങ്ങൾ തങ്ങളെ ബാധിക്കുന്നില്ല എന്ന് കമ്മിൻസ് തുറന്നുപറയുകയും ചെയ്തു.

“ഐപിഎല്ലിലെ ചില ടീമുകൾ പുതിയ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ സുരക്ഷിതമായി കളിക്കാനാണ് ശ്രമിക്കാറുള്ളത്. 160-170 റൺസ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാവും അവർ എത്തുക. പക്ഷേ നമ്മുടെ ടീം അങ്ങനെയല്ല. അവസാന മത്സരത്തിൽ അനികേത് നല്ല രീതിയിൽ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. മികച്ച ഒരു സ്കോർ നമുക്ക് ലഭിച്ചു. ഒരാൾ കൂടിയുണ്ടായിരുന്നു എങ്കിൽ നമുക്ക് 200ലധികം സ്വന്തമാക്കാൻ സാധിച്ചേനെ. അങ്ങനെയെങ്കിൽ ആ മത്സരത്തിൽ നമ്മൾ വിജയിച്ചേനെ. അവസാന 2 മത്സരത്തിൽ നിർഭാഗ്യമാണ് നമുക്ക് തിരിച്ചടിയായത്. വെല്ലുവിളികൾ വരുമ്പോൾ അതിനെതിരെ പോരാടുകയാണ് വേണ്ടത്. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 280 റൺസാണ് നമ്മൾ സ്വന്തമാക്കിയത്. അത്തരത്തിൽ ഒരു ലക്ഷ്യം വച്ച് മുൻപോട്ട് പോകുന്ന ടീമാണ് നമ്മുടേത്. അതിനപ്പുറത്തേക്ക് നമ്മൾ ഒന്നും ചിന്തിക്കേണ്ട കാര്യമില്ല.”- കമ്മിൻസ് പറയുകയുണ്ടായി.

രാജസ്ഥാൻ റോയൽസ് ടീമിനെതിരെ ശക്തമായ ഒരു വിജയം സ്വന്തമാക്കിയായിരുന്നു ഹൈദരാബാദ് ഇത്തവണത്തെ ക്യാമ്പയിൻ ആരംഭിച്ചത്. ആദ്യ മത്സരത്തിൽ തന്നെ പുതിയ താരമായ ഇഷാൻ കിഷൻ ഹൈദരാബാദിനായി സെഞ്ചുറി സ്വന്തമാക്കുകയുണ്ടായി. മാത്രമല്ല ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറും മത്സരത്തിൽ ഹൈദരാബാദ് നേടി. പക്ഷേ അതിന് ശേഷമുള്ള 2 മത്സരങ്ങളിലും ഹൈദരാബാദ് ബാറ്റിംഗ് നിര തകർന്നു വീഴുന്നതാണ് കാണാൻ സാധിച്ചത്. ഏപ്രിൽ മൂന്നിന് കൊൽക്കത്തയ്ക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം നടക്കുന്നത്.