ഗെയിം ഓൺ 🔥 രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 231 റൺസ്. വിജയിക്കാനാവുമോ?

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിംഗിൽ പൊരുതി ഇംഗ്ലണ്ട്. ഇന്ത്യയ്ക്കായി നാലാം ഇന്നിങ്സിൽ ഒരു വലിയ വിജയലക്ഷം തന്നെയാണ് ഇംഗ്ലണ്ട് മുൻപിലേക്ക് വെച്ചിരിക്കുന്നത്. 231 റൺസാണ് ഇന്ത്യക്ക് മത്സരത്തിൽ വിജയിക്കാൻ ആവശ്യമായുള്ളത്. ബാറ്റിംഗിന് പൂർണമായും അനുകൂലമല്ലാത്ത പിച്ചിൽ ഈ സ്കോർ മറികടക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ എന്നത് ചോദ്യചിഹ്നമായി നിൽക്കുന്നു.

196 റൺസ് നേടിയ ഓലി പോപ്പിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ഇത്ര മികച്ച ഒരു സ്കോർ കണ്ടെത്തിയത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 420 റൺസാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിര കൂട്ടിച്ചേർത്തത്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 231 റൺസായി മാറുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 246 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 436 റൺസ് നേടുകയും, 190 റൺസിന്റെ വമ്പൻ ലീഡ് സ്വന്തമാക്കുകയും ചെയ്തു. എന്നാൽ തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ഇംഗ്ലണ്ട് പുറത്തെടുത്തത്. തങ്ങളുടെ സ്വതസിദ്ധമായ ബാസ്ബോൾ ശൈലിയിലാണ് ഇംഗ്ലണ്ട് കളിച്ചത്.

ഓപ്പണർ ക്രോളി(31) ഡക്കറ്റ്(47) എന്നിവർ ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി. പിന്നീടാണ് മൂന്നാമനായി ഒലീ പോപ്പ് ക്രീസിലെത്തിയത്. മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി നഷ്ടമാവുമ്പോഴും പോപ്പ് ഇന്ത്യൻ ബോളർമാരെ ആക്രമണപരമായി തന്നെ നേരിടുകയുണ്ടായി. എന്നിരുന്നാലും ഒരു സമയത്ത് ഇംഗ്ലണ്ട് 163ന് 5 എന്ന നിലയിൽ തകർന്നു.

പിന്നീട് വാലറ്റ ബാറ്റർമാരെ കൂട്ടുപിടിച്ച് ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് പോപ്പ് കാഴ്ചവച്ചത്. ആറാം വിക്കറ്റിൽ ഫോക്സിനൊപ്പം ചേർന്ന് 112 റൺസ് കൂട്ടിച്ചേർക്കാൻ പോപ്പിന് സാധിച്ചു. മത്സരത്തിൽ 81 പന്തുകളില്‍ 34 റൺസാണ് ഫോക്സ് നേടിയത്. പിന്നാലെ എത്തിയ രഹൻ അഹമ്മദ് 28 റൺസും, ടോം ഹാർഡ്‌ലി 34 റൺസും നേടി പോപ്പിന് പിന്തുണ നൽകി.

ഇതിനിടെ ഒരു വമ്പൻ സ്കോറിലേക്ക് പോപ്പ് കുതിക്കുകയും ചെയ്തു. മത്സരത്തിൽ 278 പന്തുകൾ നേരിട്ട പോപ്പ് 21 ബൗണ്ടറികളുടെ ബലത്തിൽ 196 റൺസാണ് സ്വന്തമാക്കിയത്. മത്സരത്തിലെ അവസാന വിക്കറ്റായി ആയിരുന്നു പോപ്പ് കൂടാരം കയറിയത്.

മറുവശത്ത് ഇന്ത്യക്കായി ബോളിങിൽ സ്പിന്നർമാർ പല സമയത്തും പരാജയപ്പെടുകയുണ്ടായി. അശ്വിനും ജഡേജയും പോപ്പിന്റെ മുൻപിൽ പല സമയത്തും മുട്ടുമടക്കിയിരുന്നു. എന്നാൽ പേസർ ബൂമ്ര ഇന്ത്യയുടെ പ്രതീക്ഷിക്കോത്ത് ഉയരുകയായിരുന്നു. ഇന്നിംഗ്സിൽ 41 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകൾ സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചു.

അശ്വിൻ 3 വിക്കറ്റുകളും ജഡേജ 2 വിക്കറ്റുകളുമാണ് ഇന്ത്യക്കായി നേടിയത്. 231 എന്ന വിജയലക്ഷ്യം വളരെ കരുതലോടെ കളിച്ചു മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.

Previous article“പോപ്പിന് മുമ്പിൽ ഇന്ത്യ വലഞ്ഞു. ഒരു ‘പ്ലാൻ ബി’ എങ്കിലും വേണ്ടിയിരുന്നു”. വിമർശനവുമായി മുൻ ഇന്ത്യൻ താരം.
Next articleഗാബയില്‍ അട്ടിമറി. പരിക്കേറ്റ ഷമര്‍ ജോസഫ് 7 വിക്കറ്റുമായി ഉയര്‍ത്തെഴുന്നേറ്റു. വിന്‍ഡീസിനു വിജയം.