2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം അധിക്ഷേപങ്ങൾ ഏറ്റുവാങ്ങിയ താരമാണ് മുംബൈ നായകൻ ഹർദിക് പാണ്ഡ്യ. തന്റെ മുൻ ഫ്രാഞ്ചൈസിയായ ഗുജറാത്തിൽ നിന്ന് മുംബൈയിൽ എത്തിയതോടുകൂടി പാണ്ഡ്യക്കെതിരെ വലിയ രീതിയിലുള്ള ജനരോക്ഷമാണ് പൊട്ടിപ്പുറപ്പെട്ടത്.
തങ്ങളുടെ വിശ്വസ്തനായ നായകൻ രോഹിത് ശർമയെ മാറ്റിയാണ് മുംബൈ ഹർദിക്കിനെ നായകനായി നിയമിച്ചത്. ഇതിനെതിരെയാണ് വിമർശനങ്ങൾ ഉയർന്നത്. എന്നാൽ ഇത്തരത്തിൽ ഹർദിക്കിനെതിരെ കൂകിവിളുകളുമായി ആരാധകർ ഗ്യാലറിയിൽ ഒത്തുകൂടുന്നത് നല്ല സൂചനയല്ല നൽകുന്നത് എന്ന് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി പറയുകയുണ്ടായി.
“ഹർദിക് പാണ്ഡ്യയ്ക്കെതിരെ ആരാധകർ ഇത്തരത്തിൽ കൂകിവിളികൾ നടത്തുന്നത് നന്നായി എനിക്ക് തോന്നുന്നില്ല. അത് കൃത്യമായ കാര്യമല്ല. മുംബൈ ഫ്രാഞ്ചൈസിയാണ് ഹർദിക്കിനെ നായകനായി നിയമിച്ചത്. ഇത്തരം കാര്യങ്ങൾ കായികങ്ങളിൽ ഉണ്ടാവാറുള്ളതാണ്. നിങ്ങൾ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായാലും, സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായാലും, ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായാലും നിങ്ങൾ ക്യാപ്റ്റനായി നിയമിക്കപ്പെട്ട വ്യക്തി തന്നെയാണ്.”- സൗരവ് ഗാംഗുലി പറയുകയുണ്ടായി.
ഇതോടൊപ്പം രോഹിത് ശർമയേയും ഹർദിക് പാണ്ഡ്യയേയും താരതമ്യം ചെയ്യുന്നത് മുംബൈ ആരാധകർ നിർത്തേണ്ടതുണ്ട് എന്നും ഗാംഗുലി കൂട്ടിച്ചേർത്തു. “തീർച്ചയായും രോഹിത് ശർമവും മറ്റൊരു ക്ലാസിലുള്ള താരമാണ്. ഇന്ത്യയ്ക്കായും മുംബൈക്കായും രോഹിത് പുറത്തെടുത്ത ക്യാപ്റ്റൻസി പ്രകടനങ്ങൾ മറ്റൊരു ലെവലിൽ നിൽക്കുന്നതാണ്. ഇവിടെ ഹർദിക് പാണ്ഡ്യയെ നായകനായി നിയമിച്ചത് ഒരിക്കലും അവന്റെ തെറ്റല്ല. അക്കാര്യം നമ്മളെല്ലാവരും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.”- സൗരവ് ഗാംഗുലി കൂട്ടിച്ചേർക്കുന്നു.
“നിലവിൽ മുംബൈ ഇന്ത്യൻസ് ഐപിഎല്ലിലെ മികച്ച ടീം തന്നെയാണ്. അവർ ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിലവാരമുള്ള ഒരു ടീമിനെ കെട്ടിപ്പടുക്കാൻ മുംബൈയ്ക്ക് സാധിക്കുന്നുണ്ട്. ട്വന്റി20 ഫോർമാറ്റിൽ രണ്ടോ മൂന്നോ മത്സരങ്ങൾ നമുക്ക് തുടർച്ചയായി നഷ്ടമായേക്കും. ഡൽഹിക്കെതിരായ മത്സരം നടക്കുന്നത് അവരുടെ ഹോം ഗ്രൗണ്ടിലാണ്. അതിനാൽ തന്നെ അതൊരു നല്ല മത്സരമായിരിക്കും.”- ഗാംഗുലി പറഞ്ഞു വയ്ക്കുന്നു.