ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമയുടേതടക്കം വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. 24ന് 3 എന്ന നിലയിൽ ഇന്ത്യ തകരുകയുണ്ടായി. ശേഷം വിരാട് കോഹ്ലിയും അയ്യരും ചേർന്നാണ് ഇന്ത്യയെ കൈപിടിച്ചു കയറ്റിയത്.
പിന്നീട് കെഎൽ രാഹുൽ അവസരത്തിനൊത്ത് ഉയർന്നതോടെ ഇന്ത്യ തരക്കേടില്ലാത്ത ഒരു സ്കോറിൽ ആദ്യ ദിവസം മത്സരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ മത്സരത്തിൽ രോഹിത് ശർമ പുറത്തായ രീതി വലിയ വിമർശനങ്ങൾക്ക് വഴി വച്ചു. ആക്രമണപരമായ രീതിയിൽ ഷോട്ട് കളിച്ചായിരുന്നു രോഹിത് മത്സരത്തിൽ പുറത്തായത്. കേവലം 5 റൺസ് മാത്രമാണ് രോഹിത്തിന് നേടാൻ സാധിച്ചത്.
എന്നാൽ മത്സരത്തിൽ പുൾ ഷോട്ട് കളിച്ചു പുറത്തായെങ്കിലും രോഹിത് ശർമയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ. രോഹിത് ശർമയുടെ ഏറ്റവും മികച്ച ഷോട്ടാണ് പുൾ ഷോട്ടന്നും, ഷോട്ട് ബോളുകളെ അങ്ങനെ നേരിടുന്നതിൽ രോഹിത്തിന് തങ്ങൾ പിന്തുണ നൽകും എന്നുമാണ് വിക്രം റാത്തോർ പറഞ്ഞത്.
“രോഹിത്തിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ മുൻപും നമ്മൾ സംസാരിച്ചതാണ്. അവൻ ഏറ്റവുമധികം വിശ്വസിക്കുന്നത് അവന്റെ പുൾ ഷോട്ടിൽ തന്നെയാണ്. കരിയറിൽ ഏറ്റവുമധികം റൺസ് രോഹിത് സ്വന്തമാക്കിയതും ഈ ഷോട്ടിലൂടെയാണ്. അത് അവന്റെ ഷോട്ട് തന്നെയാണ്. അതുകൊണ്ടു തന്നെ ആ ഷോട്ട് ഇനിയും അവൻ കളിക്കും.”- വിക്രം റാത്തോർ പറഞ്ഞു.
“ചില ദിവസങ്ങളിൽ മികച്ച രീതിയിൽ പുൾ ഷോട്ട് കളിക്കാൻ അവന് സാധിക്കുന്നു. ചില ദിവസങ്ങളിൽ അവൻ അതിൽ പരാജയപ്പെടുന്നു. ഇന്ന് അത് പ്രാവർത്തികമായില്ല. നമുക്ക് അതേക്കുറിച്ച് സംസാരിക്കാം. എന്നാൽ മറ്റൊരു ദിവസം അത്തരമൊരു പന്തിൽ സിക്സർ നേടാൻ രോഹിത്തിന് സാധിക്കും. അന്ന് എല്ലാവരും രോഹിത്തിന്റെ ഷോട്ടിനെ പ്രശംസിക്കുകയും ചെയ്യും.
ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച പുള്ളർ രോഹിത് ശർമയാണ് എന്ന് ആളുകൾ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. അവൻ അതിൽ തന്നെയാണ് വിശ്വസിക്കുന്നത്. ടീം മാനേജ്മെന്റ് എന്ന നിലയിൽ ഞങ്ങൾക്ക് രോഹിത്തിന്റെ പുൾ ഷോട്ട് ഓക്കെയാണ്. ഞങ്ങൾ അവന് പിന്തുണ നൽകുന്നു.”- റാത്തോർ കൂട്ടിച്ചേർക്കുന്നു.
ആദ്യ ദിവസത്തെ ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ പറ്റിയും കോച്ച് സംസാരിച്ചു. “വലിയ വെല്ലുവിളി തന്നെയായിരുന്നു ആദ്യ ദിവസം നേരിടേണ്ടി വന്നത്. മൂടിക്കെട്ടിയ കാലാവസ്ഥയാണ് ദക്ഷിണാഫ്രിക്കയിൽ ഉള്ളത്. പിച്ച് ഒരു ദിവസത്തോളം കവറിന് അടിയിലായിരുന്നു. കുറച്ചധികം വിക്കറ്റുകൾ കൂടി കയ്യിൽ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായേനെ. എന്നിരുന്നാലും ഈ അവസ്ഥ അത്ര മോശമല്ല. നന്നായിത്തന്നെ ബാറ്റ് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു.”- റാത്തോർ പറഞ്ഞു വെക്കുന്നു.