“Poor bowling by Rabada. Taking Simmons wicket is not a ideal thing to do.” 45.71 എന്ന ടെസ്റ്റ് സ്‌ട്രൈക്ക് റേറ്റിൽ T20 യിൽ ഇഴഞ്ഞു നീങ്ങിയിരുന്ന വിൻഡീസ് താരം സിമ്മൺസിനെ ഒരു ഫുൾ ലെങ്ത് ലെഗ് കട്ടർ സ്ലോവർ ബോളിലൂടെ പുറത്താക്കിയതിന് സൗത്ത് ആഫ്രിക്കൻ താരം കർഗിസോ റബാഡക്ക് നേരെ സിമ്മൺസിന്റെ ഒച്ചു വേഗത്തെ പരോക്ഷമായി സൂചിപ്പിച്ചു വന്ന കമന്റുകളിലൊന്നാണിത്.
നേരത്തെ സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെൻറിച് ക്ലാസ്സന്റെ അവസരോചിതമായെന്ന പോലെ സംഭവിച്ച ക്യാച് ഡ്രോപ്പ് കണ്ട് സീനില്ല എന്ന് തോന്നിയ സൗത്ത് ആഫ്രിക്കൻ ആരാധകർക്ക് പക്ഷെ അനവസരത്തിലെ റാബാഡയുടെ ആ കഴിവ് വേണ്ടായിരുന്നു എന്നും തോന്നിക്കാണും.
മാർക്രാം എറിഞ്ഞ ഇന്നിംഗ്‌സിലെ മൂന്നാം ഓവർ മെയ്ഡൻ വഴങ്ങേണ്ടി വന്ന എവിൻ ലെവിസ് മാർക്രാമിന്റെ അടുത്ത ഓവറിൽ 18 റൺസ് അടിച്ചെടുത്തു ശൗര്യം കാട്ടി. അപ്പോഴും പിന്നീടും സിമ്മൺസിന് ഒന്നിനും സാധിച്ചില്ല. പരിപൂർണ്ണമായും അയാൾ ഈ മത്സരത്തിൽ നിന്നും അകന്ന് നിന്നു.
മുപ്പത്തിയഞ്ച് പന്തിൽ നിന്ന് പതിനാറ് റൺസാണ് സിമ്മൺസിന് മത്സരത്തിലാകെ നേടാനായത്. ഒരു ഫോറോ സിക്‌സോ പോലും അയാളുടെ ബാറ്റിന് അന്യമായിരുന്നു. പക്ഷെ ഈ ഒരൊറ്റ ദിവസമല്ല ക്രിക്കറ്റ് നിലനിൽക്കുന്നത്. അയാളിലെ പ്രതിഭക്ക് ഇന്നത്തെ ദിനം പരിമിതികൾ സംഭവിച്ചുവെന്ന് കരുതി അദ്ദേഹമൊരു നല്ല കളിക്കാരൻ ആകാതിരിക്കുന്നില്ല. അദ്ദേഹം തിരിച്ചു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
പറഞ്ഞവസാനിപ്പിക്കാനുള്ളത് റബാഡയെക്കുറിച്ചും ഷമിയെക്കുറിച്ചുമാണ്. ഒരു പക്ഷെ റബാഡ ഒരു ഇന്ത്യൻ കളിക്കാരനായിരുന്നെങ്കിൽ എതിർ ടീമിലെ ഫോമിലല്ലാത്ത കളിക്കാരനെ പുറത്താക്കിയെന്നും പറഞ്ഞു കമന്റിനുമപ്പുറം അദ്ദേഹത്തിനെ പച്ചക്ക് കത്തിക്കാനും ആളുണ്ടായേനെ. കാരണം ഇന്ത്യക്കാരിൽ ചിലർക്ക്, ചിലർക്ക് മാത്രം ക്രിക്കറ്റിലും വിദ്വേഷം കലർത്താൻ ആർത്തിയാണ്. അങ്ങനെ ആർത്തി മൂത്ത് മൂത്ത് പ്രാന്താതാണവർക്ക്.
Cricket is not a religion It’s a sport.
ഹീറോയേക്കാൾ പ്രാഥമികമായി ഷമി ഒരു മനുഷ്യനാണ്. വിവരക്കേടിന്റെ പേരിൽ ഇനിയും അദ്ദേഹത്തെ ക്രൂശിക്കരുത്.
എഴുതിയത് – സുനിൽ ലൂയിസ്