ഇന്ത്യൻ ടീമിൽ പൂജാരയ്ക്കും രഹാനെയ്ക്കും പകരക്കാരെ കണ്ടെത്തി ദിനേശ് കാർത്തിക്.

Pujara and Rahane middle order

ഈ വർഷം അവസാനമാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര നടക്കുന്നത്. 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ നവംമ്പറിൽ കളിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയുടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനങ്ങളിലൊക്കെയും നിറസാന്നിധ്യമായിരുന്നു സൂപ്പർ താരങ്ങളായ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും. ഇന്ത്യയുടെ വിജയങ്ങളിൽ ഇരുവരും വലിയ പങ്കുതന്നെ വഹിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമായി തുടരാൻ ഈ താരങ്ങൾക്ക് സാധിക്കുന്നില്ല. അതിനാൽ തന്നെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും പൂജാരയും രഹാനെയും കളിക്കാൻ സാധ്യതകൾ വിരളമാണ്. ഈ സാഹചര്യത്തിൽ ഇവർക്ക് പകരം ഇന്ത്യയ്ക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന 2 താരങ്ങളെ സംബന്ധിച്ചാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് പറയുന്നത്.

പൂജാരയ്ക്കും രഹാനയ്ക്കും പകരക്കാരായി ഓസ്ട്രേലിയൻ പര്യടനത്തിൽ ആരെ ഉൾപ്പെടുത്തണമെന്ന ചോദ്യത്തിന് ശുഭമാൻ ഗില്ലിന്റെയും സർഫറാസ് ഖാന്റെയും പേരുകളാണ് ദിനേശ് കാർത്തിക് പറഞ്ഞത്. ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ നിന്നും സർഫറാസ് ഖാനും ഗില്ലും മികവാർന്ന പ്രകടനങ്ങൾ മുൻപ് പുറത്തെടുത്തിരുന്നു എന്ന് കാർത്തിക് പറയുന്നു.

അതുകൊണ്ടു തന്നെ പൂജാരയ്ക്കും രഹാനയ്ക്കും പകരക്കാരാവാൻ ഇവർക്ക് സാധിക്കും എന്നാണ് കാർത്തിക് കരുതുന്നത്. എന്നിരുന്നാലും പൂജാരയും രഹാനയും വലിയൊരു സ്ഥാനം തന്നെയാണ് ഇന്ത്യൻ ടീമിൽ വഹിച്ചിരുന്നത് എന്ന് കാർത്തിക് അംഗീകരിക്കുന്നു.

Read Also -  ബുംറയെ മൈതാനത്ത് പ്രയാസപ്പെടുത്തിയ ബാറ്റർ ആര്? കിടിലന്‍ മറുപടിയുമായി ഇന്ത്യന്‍ താരം.

“ഞാൻ തിരഞ്ഞെടുക്കുന്നത് ശുഭ്മാൻ ഗില്ലിനെയും സർഫറാസ് ഖാനെയുമാണ്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയിൽ ഇരു ബാറ്റർമാരും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരു താരങ്ങളെയും ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ അവർ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുകയും ചെയ്യും.”

”അജിങ്ക്യ രഹാനെയുടെയും പൂജാരയുടെയും അഭാവം നികത്താൻ സാധിക്കുന്ന താരങ്ങളാണ് രണ്ടുപേരും. എന്നിരുന്നാലും വലിയൊരു വിടവ് തന്നെയാണ് നികത്താനുള്ളത്. ഈ താരങ്ങൾക്ക് അതിനുള്ള നിലവാരവും പ്രതിഭയുമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.”- കാർത്തിക്ക് പറഞ്ഞു.

2020-21 ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ വിജയം സ്വന്തമാക്കുമ്പോൾ ടീമിന്റെ ഭാഗമായിരുന്നു ശുഭമാൻ ഗിൽ. ബ്രിസ്ബേയ്ൻ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരവും ഗിൽ തന്നെയായിരുന്നു. മത്സരത്തിൽ ഇന്ത്യ 328 റൺസ് എന്ന വിജയലക്ഷ്യം അനായാസം മറികടക്കുകയുണ്ടായി. എന്തായാലും ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ ഗിൽ ഉണ്ടാവും എന്നത് ഉറപ്പാണ്.

Scroll to Top